ഒരേ വര്‍ഷം നാല് കിരീടങ്ങള്‍!! ഇത് പെപ് മാജിക് എന്ന് ആരാധകര്‍
ആദ്യമായി യുവേഫ സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. സെവിയ്യയെയാണ് ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ കന്നി സൂപ്പര്‍ കപ്പ് കിരീടമുയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം വഴങ്ങിയതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 5-4 നാണ് സിറ്റി ജയിച്ചത്.
കളിയുടെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സെവിയ്യ ലീഡ് ഉയര്‍ത്തുകയായിരുന്നു. 25ാം മിനിട്ടില്‍ എന്‍ നെസിരിയിലൂടെയാണ് സെവിയ്യ ലീഡ് നേടിയത്. രണ്ടാം പകുതിയില്‍ യുവതാരം കോള്‍ പാമറിലൂടെ സിറ്റി സമനിലപിടിച്ചു. ഇരുടീമുകളും സമനില തുടര്‍ന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
മത്സരത്തിന് ശേഷം പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ആരാധകര്‍. 2016ല്‍ പരിശീലകനായി എത്തിയ പെപ്പിന് കീഴില്‍ സിറ്റിയുടെ പതിനഞ്ചാം കിരീടമാണിത്.
കാര്‍ലോസ് ആന്‍സലോട്ടിക്ക് ശേഷം വ്യത്യസ്ത ടീമുകളുടെ പരിശീലകനെന്ന നിലയില്‍ നാലു തവണ സൂപ്പര്‍ കപ്പ് നേടുന്ന പരിശീലകനെന്ന നേട്ടവും ഇതോടെ ഗ്വാര്‍ഡിയോളക്ക് സ്വന്തം. ബാഴ്‌സലോണക്കൊപ്പം 2009, 2011 വര്‍ഷങ്ങളിലും ബയേണ്‍ മ്യൂണിക്കിനൊപ്പവും 2013 പെപ് ഗ്വാര്‍ഡിയോള സൂപ്പര്‍ കപ്പ് നേടിയിട്ടുണ്ട്.
2008ലാണ് പെപ് ഗ്വാര്‍ഡിയോള ബാഴ്‌സലോണയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫികളുമടക്കം നിരവധി റെക്കോഡുകളാണ് അദ്ദേഹത്തിന്റെ പരിശീലനത്തില്‍ ബാഴ്‌സ നേടിയെടുത്തത്.
2012ലാണ് ഗ്വാര്‍ഡിയോള ബാഴ്‌സ വിട്ട് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് 2016ല്‍ അദ്ദേഹം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോവുകയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ചാമ്പ്യന്‍സ് ലീഗിന് പുറമെ അഞ്ച് പ്രീമിയര്‍ ലീഗ് ടൈറ്റിലുകളും രണ്ട് എഫ്.എ കപ്പ്, നാല് ലീഗ് കപ്പ് എന്നിവയും നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.
കഴിഞ്ഞ ആഴ്ച നടന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ആഴ്‌സണലിനോട് സിറ്റി തോറ്റിരുന്നു. യൂറോപ്പ ലീഗ് ജേതാക്കളും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമാണ് സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുന്നത്.
Content Highlights: Fans praise Pep Guardiola after the win in UEFA Super Cup