ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജീവിതം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ദേശീയ വിദ്യാഭ്യാസ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ട് കേന്ദ്ര സര്‍ക്കാര്‍. അമിത് ഷാ യൂത്ത് ബ്രിഗേഡിന്റേതാണ് ആവശ്യം.
യു.പിയിലെ ഖോരക്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമിത് ഷാ യൂത്ത് ബ്രിഗേഡ് ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. കഴിഞ്ഞയാഴ്ചയാണ് എന്‍.സി.ഇ.ആര്‍.ടിയുടെ പരിഗണനയ്ക്ക് വിട്ടത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യക്തി ജീവിതത്തെ കുറിച്ചും രാഷ്ട്രീയ ജീവിതത്തെ കുറിച്ചും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്നാണ് ബ്രിഗേഡിന്റെ ആവശ്യം.
അമിത് ഷാ യൂത്ത് ബ്രിഗേഡ് അധ്യക്ഷന്‍ എസ്.കെ. ശുക്ലയാണ് ഇത്തരമൊരു ആവശ്യവുമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ ആന്റ് ലിറ്ററസിയെ സമീപിച്ചത്. മാനസ നഗര്‍ സെ സന്‍സദ് തക് എന്ന അമിത് ഷായെ കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഇയാള്‍.
ആവശ്യമുന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഡിസംബര്‍ 18ാം തീയതി കത്ത് നല്‍കുകയായിരുന്നുവെന്നും ശുക്ല പറഞ്ഞു.
ചുരുക്കം പേര്‍ക്ക് മാത്രമേ അമിത് ഷായുടെ ജീവിതത്തെ കുറിച്ച് അറിയൂവെന്നും പുസ്തകം തയ്യാറാക്കി വിദ്യാലായങ്ങള്‍ക്ക് നല്‍കിയാല്‍ കൂടുതല്‍ ആളുകള്‍ക്ക് അറിയാനും ഗവേഷണം നടത്താനും കഴിയുമെന്നുമാണ് കത്തില്‍ പറയുന്നത്.
മാര്‍ബിള്‍ വ്യാപാരിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ച കേസില്‍ അറസ്റ്റിലായ അമിത് ഷാ, ജസ്റ്റിസ് ലോയ വധക്കേസില്‍ കുറ്റാരോപിതനായിരുന്നു.
അതേസമയം കത്ത് എന്‍.സി.ഇ.ആര്‍.ടിയുടെ പരിഗണനയ്ക്ക് വിട്ടത് നിര്‍ദേശമല്ലെന്നും നടപടി ക്രമം മാത്രമാണെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. പലതരം വിഷയങ്ങളില്‍ പുസ്തകം ഇറക്കാറുണ്ടെന്നും എന്നാല്‍ ഇപ്പോഴും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ വ്യക്തികളുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlight: Fans demand that Amit Shah’s life should be taught in schools; Center left for the consideration of the National Education Council