വിദ്വേഷപ്രചരണവുമായി ഗുജറാത്ത് ടൈറ്റന്‍സ് സൂപ്പര്‍ താരം യാഷ് ദയാല്‍. ഇസ്‌ലാമോഫോബിക് ഉള്ളടക്കമുള്ള കണ്ടന്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് താരം വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്. സംഭവം വിവാദമായതോടെ താരം പോസ്റ്റ് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ രൂപത്തിലാണ് യാഷ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മുസ്‌ലിം നാമധാരിയായ ഒരു യുവാവ് ഹിന്ദു പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് കൊലപ്പെടുത്തുന്നു എന്ന രീതിരിലുള്ള കാര്‍ട്ടൂണ്‍ ആണിത്.
താടി നീട്ടി തലയില്‍ തൊപ്പിവെച്ച് കയ്യില്‍ വാളേന്തിയ ഒരു യുവാവും കണ്ണ് മൂടിക്കെട്ടിയ ഒരു യുവതിയുമാണ് കാര്‍ട്ടൂണിലുള്ളത്. ഇവിടെ ലവ് ജിഹാദ് ഒന്ന് ഇല്ലെന്നും ഇതെല്ലാം വെറും പ്രൊപ്പഗാണ്ടയാണെന്നും യുവാവ് പറയുമ്പോള്‍ താന്‍ നിങ്ങളെ അന്ധമായി സ്‌നേഹിക്കുന്നു എന്നാണ് യുവതി പറയുന്നത്.
ഇതിനൊപ്പം രക്തത്തില്‍ കുളിച്ച് മരിച്ച് കിടക്കുന്ന മറ്റൊരു യുവതിയും ചിത്രത്തിലുണ്ട്. സാക്ഷി എന്നാണ് അവള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇതിന് ചുറ്റും മാനസി, നീതു, റിയ, നികിത, ശിവാനി തുടങ്ങി ഹിന്ദു പേരുകള്‍ എഴുതിയ നിരവധി കല്ലറകളും കാണാം.
ഈ പോസ്റ്റിന് പിന്നാലെ നിരവധിയാളുകളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതോടെ യാഷ് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയുകയായിരുന്നു.
‘ഞാന്‍ പങ്കുവെച്ച പോസ്റ്റിന് ക്ഷമ ചോദിക്കുന്നു. അതൊരു മിസ്‌റ്റേക്കായിരുന്നു. ദയവ് ചെയ്ത് വിദ്വേഷം പ്രചരിപ്പിക്കരുത്. താങ്ക് യൂ. എനിക്ക് സമൂഹത്തിലെ എല്ലാ വിഭാഗക്കാരോടും ബഹുമാനമുണ്ട്,’ എന്നാണ് ഖേദപ്രകടനത്തില്‍ യാഷ് കുറിച്ചത്.
ഐ.പി.എല്ലില്‍ മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ ക്രിക്കറ്റ് ലോകമൊന്നാകെ യാഷിന് പിന്തുണയുമായെത്തിയിരുന്നു, ആ പിന്തുണ പൂര്‍ണമായും നശിപ്പിക്കുന്ന തരത്തിലാണ് യാഷ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
മദ്യലഹരിയിലാണ് പോസ്റ്റിട്ടത് എന്ന് അവന്‍ പറഞ്ഞോ, ഇവന്റെ മനസ് നിറയെ വിഷമാണ്, അവനെ അഞ്ച് സിക്‌സറടിച്ച റിങ്കുവിനോട് ഇപ്പോള്‍ ശരിക്കും ബഹുമാനം തോന്നുന്നു, ഇവനെയൊക്കെ സിക്‌സറടിക്കുകയല്ല ഓടിച്ചിട്ട് അടിക്കണം തുടങ്ങിയ നിരവധി കമന്റുകള്‍ പോസ്റ്റിന് പിന്നാലെ ഉയരുന്നുണ്ട്.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിലാണ് യാഷ് മോശം പ്രകടനം കാഴ്ചവെച്ചത്. അവസാന ഓവറില്‍ വിജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെ റിങ്കു സിങ് തുടര്‍ച്ചയായ അഞ്ച് സിക്‌സറിന് പറത്തിയാണ് മത്സരം കൊല്‍ക്കത്തക്ക് അനുകൂലമാക്കിയത്.