മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളും ഇതേ തീരുമാനമെടുത്താല്‍ ജയ് ഷാ നിങ്ങളുടെ അഹങ്കാരം അവസാനിക്കും; വിമര്‍ശനം
Sports News
മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളും ഇതേ തീരുമാനമെടുത്താല്‍ ജയ് ഷാ നിങ്ങളുടെ അഹങ്കാരം അവസാനിക്കും; വിമര്‍ശനം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th July 2023, 11:25 am

നിരവധി ഫ്രാഞ്ചൈസി ലീഗുകളാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പുറമെ ഇംഗ്ലണ്ടിന്റെ സ്വന്തം വൈറ്റാലിറ്റി ബ്ലാസ്റ്റും ദി ഹണ്‍ഡ്രഡും, പാകിസ്ഥാന്റെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ഓസീസിന്റെ അഭിമാനമായ ബിഗ് ബാഷ് ലീഗ്, വിന്‍ഡീസിന്റെ കരിബീയന്‍ പ്രീമിയര്‍ ലീഗ് തുടങ്ങി പട്ടിക നീളുകയാണ്.

ഐ.പി.എല്ലില്‍ പാകിസ്ഥാനൊഴികെയുള്ള എല്ലാ രാജ്യത്തെ താരങ്ങളും പങ്കെടുക്കുന്നുണ്ടെങ്കിലും മറ്റ് ഫ്രാഞ്ചൈസി ലീഗില്‍ ഒരൊറ്റ ഇന്ത്യന്‍ താരങ്ങള്‍ പോലും കളിക്കുന്നില്ല.

തങ്ങളുടെ താരങ്ങളെ ഉപയോഗിച്ച് പണമുണ്ടാക്കണ്ട എന്ന നിലപാടാണ് ബി.സി.സി.ഐക്കുള്ളതെന്നും അതുകൊണ്ടാണ് താരങ്ങളെ റിലീസ് ചെയ്യാത്തതെന്നുമാണ് വിമര്‍ശനമുയരുന്നത്.

 

 

 

ഐ.പി.എല്‍ ടീമുകളുടെ ഉടമസ്ഥതയില്‍ ടീമുകളുള്ള മറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ പോലും കളിക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. അങ്ങനെയെങ്കില്‍ എം.എസ്.ധോണി ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിനും എം.എല്‍.സിയില്‍ ടെക്‌സസ് സൂപ്പര്‍ കിങ്‌സിനും ഒപ്പം ഉണ്ടാകുമായിരുന്നു. ജോബെര്‍ഗിന്റെ മെന്ററുടെ റോളില്‍ ധോണിയെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നിട്ടും അപെക്‌സ് ബോര്‍ഡിന്റെ തീരുമാനം സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയാവുകയായിരുന്നു.

 

ബി.സി.സി.ഐയുടെ ഈ കടുംപിടുത്തം ഇത്രയും നാള്‍ ആക്ടീവ് ക്രിക്കറ്റേഴ്‌സിനോട് മാത്രമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങള്‍ വിദേശ ലീഗുകളുടെ ഭാഗമാകുന്നുണ്ട്. ഐ.പി.എല്‍ ഫൈനലിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരം അംബാട്ടി റായിഡുവിനെ ടെക്‌സസ് സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയതും അങ്ങനെയാണ്.

എന്നാല്‍, വിരമിച്ച താരങ്ങളും മറ്റ് വിദേശ ലീഗുകളില്‍ കളിക്കേണ്ട എന്ന നിലപാടെടുക്കാന്‍ ബി.സി.സി.ഐ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ബി.സി.സി.ഐ സെക്ടട്ടറി ജയ് ഷായാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഈ തീരുമാനത്തോട് ആരാധകര്‍ക്ക് കടുത്ത വിയോജിപ്പാണുള്ളത്. മറ്റ് രാജ്യങ്ങളില്‍ ക്രിക്കറ്റ് വളരാനുള്ള സാഹചര്യമാണ് ബി.സി.സി.ഐ ഇല്ലാതാക്കുന്നത് എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ബി.സി.സി.ഐയുടെ അതേ നിലപാട് സ്വീകരിച്ച് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ തങ്ങളുടെ താരങ്ങളെ ഐ.പി.എല്‍ കളിക്കുന്നത് വിലക്കിയാല്‍ ജയ് ഷായുടെ അഹങ്കാരം ഇല്ലാതാകുമെന്നും അതിന് വഴിയൊരുക്കരുതെന്നും ആരാധകര്‍ പറയുന്നു.

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ അവസരം ലഭിക്കുക. റോഡ് സേഫ്റ്റി സിരീസ് ഉള്‍പ്പെടെയുള്ളവയില്‍ ഭാഗമാവുന്നതിനായി പല താരങ്ങളും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

 

 

ഇര്‍ഫാന്‍ പത്താന്‍, പാര്‍ഥിവ് പട്ടേല്‍, ശ്രീശാന്ത്, സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയ താരങ്ങള്‍ പ്രഥമ സിം ആഫ്രോ ടി-10 ലീഗിന്റെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. റോബിന്‍ ഉത്തപ്പയും യൂസുഫ് പഠാനും ഈ വര്‍ഷം ആദ്യം നടന്ന യു.എ.ഇ ട്വന്റി-20 ലീഗിലും ബാറ്റേന്തിയിരുന്നു.

 

Content Highlight: Fans against BCCI’s stance that retired players should not play in foreign leagues