Football
'ഒന്നും നോക്കാനില്ല; ബാലണ്‍ ഡി ഓര്‍ മെസിക്ക് നല്‍കൂ'; ഇതിഹാസത്തെ വാനോളം പ്രശംസിച്ച് ആരാധകര്‍
2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ അര്‍ജന്റീനയുടെ തകര്‍പ്പന്‍ ജയത്തിന് ശേഷം മെസിയെ വാനോളം പ്രശംസിച്ച് ആരാധകര്‍. മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെയാണ് അര്‍ജന്റീന ഇക്വഡോറിനെ തോല്‍പ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആല്‍ബിസെലസ്റ്റിന്റെ ജയം.
മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും ബാലണ്‍ ഡി ഓര്‍ അദ്ദേഹത്തിന് നല്‍കണമെന്നും ആരാധകരില്‍ ചിലര്‍ ട്വിറ്ററില്‍ കുറിച്ചു. മെസിയാ ണ് ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ചതെന്നും പ്രായത്തെ മറികടക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നതെന്നും ട്വീറ്റുകളുണ്ട്.
അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ ഇക്വഡോറിനായി ഗോള്‍ നേടിയതോടെ ദേശീയ ടീമിനൊപ്പം കളിച്ച 176 മത്സരങ്ങളില്‍ നിന്ന് 104 ഗോളുകള്‍ അക്കൗണ്ടിലാക്കാന്‍ മെസിക്ക് സാധിച്ചു.
ഇതിനിടെ ബാലണ്‍ ഡി ഓറിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചിരുന്നു. 30 താരങ്ങളെയാണ് അവസാന ഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെ സിക്ക് പുറമെ മുന്‍ ജേതാവ് കരിം ബെന്‍സിമ, ബാഴ്സയുടെ പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
മെസിയാകും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് ആല്‍ബിസെലസ്റ്റിന്റെ ക്യാപ്റ്റന് തുണയായിരിക്കുന്നത്.
അര്‍ജന്റൈന്‍ നായകന് ശക്തമായ പോരാട്ടം നല്‍കുന്നത് എര്‍ലിങ് ഹാലണ്ടാണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.
അതേസമയം, ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ആദ്യ പകുതിയില്‍ അര്‍ജന്റീനക്കും ഇക്വഡോറിനും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. മികച്ച രീതിയില്‍ പ്രതിരോധിച്ച് നിന്ന ഇക്വഡോര്‍ പടക്ക് ഒടുവില്‍ മെസിയെന്ന മജീഷ്യന് മുന്നില്‍ അടിയറവ് പറയേണ്ടിവന്നു. മത്സരത്തിന്റെ 78ാം മിനിട്ടിലായിരുന്നു മെസിയുടെ തകര്‍പ്പന്‍ ഫ്രീ കിക്ക്.
ആദ്യ പകുതിയില്‍ പന്ത് കൈവശം വെച്ച് ആല്‍ബിസെലസ്റ്റ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. മിസ് പാസുകളുടെ ഘോഷയാത്രയായിരുന്നു ആദ്യ പകുതിയില്‍ കണ്ടത്. ഒരു തവണ മാര്‍ട്ടിനെസിന്റെ പ്ളേസിങ് ചിപ്പ് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയതായിരുന്നു ആദ്യ പകുതിയില്‍ ലഭിച്ച മികച്ച അവസരം.
മത്സരം തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് അര്‍ജന്റീനയുടെ എക്സ്‌പേര്‍ട്ട് താരം എയ്ഞ്ചല്‍ ഡി മരിയ കളത്തിലിറങ്ങുന്നത്. 75ാം മിനിട്ടില്‍ ലൗട്ടാരോ മാര്‍ട്ടിനെസിനെ പിന്‍വലിച്ച് യുവ സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസും കളിത്തട്ടിലെത്തി.
അവസാനഘട്ടം വരെ ലീഡുയര്‍ത്താന്‍ അര്‍ജന്റീന കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഇക്വഡോര്‍ വഴങ്ങിയില്ല. 88ാം മിനിട്ടില്‍ ലയണല്‍ മെസി കളം വിടുമ്പോള്‍ താരത്തിന് ആദരമര്‍പ്പിച്ച് കൊണ്ട് ഗാലറിയില്‍ കരഘോഷം മുഴങ്ങുകയായിരുന്നു.
2022ലെ ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യത ഘട്ടം അര്‍ജന്റീന ആരംഭിച്ചത് ഇക്വഡോറിനെതിരെ 1-0 ത്തിന് ജയം നേടി തന്നെയാണ്.
Content Highlights: Fan praises Lionel Messi after winning against Ecuador in world cup qualifiers