യു.ഡി.എഫിന്റേത് വ്യാജ പ്രചാരണം; പാറുവമ്മയ്ക്ക് റേഷന്‍ കിട്ടിയിട്ടുണ്ടെന്ന് കുടുംബം
Kerala News
യു.ഡി.എഫിന്റേത് വ്യാജ പ്രചാരണം; പാറുവമ്മയ്ക്ക് റേഷന്‍ കിട്ടിയിട്ടുണ്ടെന്ന് കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th April 2021, 5:41 pm

കൊച്ചി: എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ ഇടം പിടിച്ച പാറുവമ്മയെക്കുറിച്ച് യു.ഡി.എഫ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കുടുംബം. എല്‍.ഡി.എഫിന്റെ ഉറപ്പാണ് ഭക്ഷ്യസുരക്ഷയെന്ന പ്രചാരണ പോസ്റ്ററിലാണ് റേഷന്‍ കാര്‍ഡ് പിടിച്ച് നില്‍ക്കുന്ന പാറുവമ്മയുടെ ചിത്രം വന്നത്. എന്നാല്‍ പാറുവമ്മയ്ക്ക് റേഷന്‍ കിട്ടുന്നില്ലെന്നാണ് യു.ഡി.എഫ് പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നത്. ഇതിനെതിരെയാണ് പാറുവമ്മയുടെ കൊച്ചുമകള്‍ രംഗത്തെത്തിയിരിക്കുന്നത്.

യു.ഡി.എഫ് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും പാറുവമ്മയ്ക്ക് ഈ മാസം വരെ റേഷന്‍ ലഭിച്ചിട്ടുണ്ടെന്നും കൊച്ചുമകള്‍ റിതിക ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു.

എം. പി ഹൈബി ഈഡന്‍ അടക്കമുള്ളവര്‍ യു.ഡി.എഫിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയുടെ ആധികാരകത പരിശോധിക്കാതെ പങ്കുവെച്ചതില്‍ ഹൈബി ഈഡന്‍ മാപ്പ് പറയണമെന്നും റിതിക വീഡിയോയില്‍ ആവശ്യപ്പെടുന്നു.

‘എന്റെ അമ്മൂമ്മയുടെ പേര് പാറു എന്നാണ്. അമ്മൂമ്മയെ മിക്കവര്‍ക്കും ഇപ്പോള്‍ മുഖപരിചയം കാണും. എല്‍.ഡി.എഫ് ക്യാംപയിനിന്റെ ഭാഗമായി അമ്മൂമ്മയുടെ ഫോട്ടോ പോസ്റ്റര്‍ മിക്കയിടത്തും വന്നിട്ടുണ്ട്. യു.ഡി.എഫിന്റെ ഒരു ഫേക്ക് വീഡിയോ അമ്മൂമ്മയെക്കുറിച്ച് പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാനാണ് വീഡിയോ.

ആ ഫോട്ടോ, ഞങ്ങള്‍ കസിന്‍സും കൊച്ചുമക്കളുമെല്ലാം ചേര്‍ന്നാണ് ഷൂട്ട് ചെയ്തത്. അതിന് ശേഷം അത് ഫ്‌ളക്‌സില്‍ അടിച്ച് വന്നത് ഞങ്ങള്‍ വീട്ടുകാര്‍ക്കൊക്കെ സന്തോഷം നല്‍കുന്ന കാര്യമായിരുന്നു. അമ്മൂമ്മയും സന്തോഷത്തിലായിരുന്നു.

അതിനിടക്കാണ് ഞങ്ങളുടെ സന്തോഷവും സമാധാനവും ഒക്കെ കളയുന്ന ഒരു വീഡിയോ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അതില്‍ പറയുന്ന ഒര പ്രധാനകാര്യം അമ്മൂമ്മയ്ക്ക് കിറ്റ് കിട്ടുന്നില്ല, റേഷന്‍ കിട്ടുന്നില്ല എന്നാണ്.

അമ്മൂമ്മയുടെ റേഷന്‍ കാര്‍ഡ് ഞങ്ങളുടെ കയ്യില്‍ ഉണ്ട്. അതില്‍ ഇതുവരെയുള്ള റേഷന്‍ കിറ്റും വാങ്ങിയിട്ടുണ്ട്. അമ്മൂമ്മയുടെ റേഷന്‍ കാര്‍ഡില്‍ അമ്മൂമ്മ മാത്രമാണുള്ളത്. അമ്മൂമ്മയുടെ ഫിംഗര്‍ പ്രിന്റ് പതിക്കാതെ റേഷന്‍ കിറ്റോ റേഷനോ കൊടുക്കാന്‍ സാധിക്കില്ലല്ലോ.

എന്തിനാണ് ഇങ്ങനെ കെട്ടിച്ചമച്ച വ്യാജ വീഡിയോ നിങ്ങള്‍ ചെയ്തത്? നിങ്ങള്‍ ഇത് ഭീഷണിപ്പെടുത്തിയാണോ ചെയ്തത് എന്ന് സംശയമുണ്ട്.

ഞങ്ങളുടെ അടുത്ത് തന്നെയാണ് അമ്മൂമ്മയുടെ വീട്. ഞങ്ങളാരും സമീപത്ത് ഇല്ലാത്തപ്പോള്‍ ഈ വീഡിയോ എടുത്തിരിക്കുന്നത്. എം പി ഹൈബി ഈഡന്‍ ഇത് ഷെയര്‍ ചെയ്തതായി കാണുന്നുണ്ട്. ഇത് വേരിഫൈ ചെയ്തിട്ടാണോ നിങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്? സത്യാവസ്ഥ മനസിലാക്കി വീഡിയോ പിന്‍വലിക്കണമെന്നും മാപ്പ് പറയുകയും വേണം,’ റിതിക വീഡിയോയില്‍ പറയുന്നു.

യു.ഡി.എഫ് പങ്കുവെച്ച വീഡിയോയില്‍ പാറുവമ്മയോട് റേഷന്‍ ലഭിക്കുന്നത് സംബന്ധിച്ച് ചോദിക്കുമ്പോള്‍ ഇല്ലെന്നാണ് പാറുവമ്മ മറുപടി പറയുന്നത്. എന്നാല്‍ പ്രചാരണാര്‍ത്ഥം ഫോട്ടോ വന്നത് അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അത് ആളുകള്‍ എന്തൊക്കെ ചെയ്യും ചെയതോട്ടെ എന്നുമാണ് പാറുവമ്മ പറയുന്നത്.

ഇവരുടെ വീട് മനോരമക്കാരാണ് ഉണ്ടാക്കി തന്നതെന്നും വീഡിയോയില്‍ പാറുവമ്മ പറയുന്നുണ്ട്. എന്നാല്‍ റിതിക പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ പാറുവമ്മ തന്നെ പറയുന്നുണ്ട് കുസാറ്റിലെ കുട്ടികളാണ് തനിക്ക് വീട് വെച്ച് തന്നതെന്നാണ്.

കുസാറ്റിലെ കുട്ടികളാണ് വീട് വെച്ച് തന്നതെന്ന് തെളിയിക്കുന്ന മനോരമ പത്രത്തിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ടും റിതിക ഫേസ്ബുക്കില്‍ നേരത്തെ പങ്കുവെച്ചിരുന്നു.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Family of Paruvamma on UDF Election campaign video says it fabricated