Film News
ഫഹദിനെ അഴിച്ചുവിടാന്‍ ജിത്തു ജോസഫ് വരുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 16, 01:10 pm
Thursday, 16th May 2024, 6:40 pm

ആവേശം തിയേറ്ററില്‍ ഉണ്ടാക്കിയ ഓളം അടങ്ങും മുമ്പ് ഫഹദിന്റെ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നടന്നു. തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ഗുരുവായൂരമ്പല നടയിലിന്റെ നിര്‍മാതാക്കളിലൊരാളായ ഇ ഫോര്‍ എന്‍രര്‍ടൈന്മെന്റ്‌സാണ് ഫഹദ് ചിത്രത്തിനെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റ് പുറത്തുവിട്ടത്. മലയാള സിനിമയിലെ ത്രില്ലര്‍ സിനിമകളുടെ തമ്പുരാനായ ജിത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആദ്യമായാണ് ജിത്തുവും ഫഹദും ഒന്നിക്കുന്നത്. നേര് എന്ന വന്‍ വിജയചിത്രത്തിന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. നേരിന് ശേഷം ശാന്തി എഴുതുന്ന സിനിമ കൂടിയാണിത്.

ഇ ഫോര്‍ എന്റര്‍ടൈന്മെന്റസ് അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചോ ക്രൂവിനെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേര് പോലെ ഒരു ലീഗല്‍ ത്രില്ലറാകും ഈ ചിത്രമെന്നാണ് ആരാധകര്‍ കരുതുന്നത്.

നിലവില്‍ തെലുങ്ക് ചിത്രം പുഷ്പ 2 ആണ് ഫഹദിന്റെ അടുത്ത തിയേറ്റര്‍ റിലീസ്. അല്ലു അര്‍ജുന്‍ നായകാനകുന്ന ചിത്രത്തില്‍ ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന വില്ലനായാണ് ഫഹദ് എത്തുന്നത്. രജിനി ചിത്രം വേട്ടയനിലും ഫഹദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2024ന്റെ അവസാനത്തിലോ 2025ന്റെ തുടക്കത്തിലോ ആയി ഫഹദ്- ജിത്തു ചിത്രം തിയേറ്ററിലെത്തുമെന്നാണ് വിവരങ്ങള്‍.

Content Highlight: Fahadh Faasil’s new movie announcement out now