ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന നടനാണ് ഫഹദ് ഫാസില്‍. മലയാളത്തിന് പുറത്തേക്ക് ഇതരഭാഷകളിലെ തന്റെ പ്രകടനങ്ങളിലൂടെ തെന്നിന്ത്യയാകെ ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളുടേയും സൂക്ഷ്മാംശങ്ങള്‍ വരെ പ്രതിഫലിപ്പിക്കുന്നതിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനയം വ്യത്യസ്തമാവുന്നത്.
ഓരോ കഥാപാത്രങ്ങളും കരയുന്നത് പല രീതിയിലായിരിക്കും എന്ന് ബിഗ് ബി കണ്ടപ്പോഴാണ് മനസിലായതെന്ന് പറയുകയാണ് ഫഹദ്. ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിഗ്ബിയിലെ മമ്മൂട്ടിയുടെ കഥാപാത്രം തന്നെ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് ഫഹദ് പറഞ്ഞത്.
‘ബിഗ് ബി കാണുമ്പോഴാണ് ഓരോ കഥാപാത്രവും ഓരോ രീതിയിലാണ് കരയുന്നത് എന്ന് മനസിലാവുന്നത്. ബിലാലും മേരി ടീച്ചറും തമ്മിലുള്ള ബന്ധം പടം തുടങ്ങുന്നത് മുതല്‍ പറയുന്നുണ്ട്. ബിലാല്‍ കരയുമോ എന്നത് എനിക്ക് ഒരിക്കലും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്.
നാലാമത്തെ അനിയനെ കൊന്നു കഴിഞ്ഞ് മൃതദേഹത്തിന് അടുത്ത് ബിലാല്‍ പോവുമ്പോള്‍ ബാലയുടെ കഥാപാത്രം അടുത്തിരിപ്പുണ്ട്. ബാലയുടെ ദേഹത്ത് അടിച്ചിട്ടാണ് ബിലാല്‍ കരയുന്നത്. മുഖം അനങ്ങുന്നില്ല, കൈ മാത്രമേ ചലിക്കുന്നുള്ളൂ. ഓരോ കഥാപാത്രവും കരയുന്നതില്‍ വ്യത്യാസമുണ്ടെന്ന് അന്നാണ് എനിക്ക് മനസിലായത്,’ ഫഹദ് പറഞ്ഞു.
‘ഒരു കഥാപാത്രത്തിന്റെ ബോഡി ലാഗ്വേജും ഡീറ്റെയിലിങ്ങും നോക്കുമ്പോള്‍ ഇങ്ങനെയുള്ള സാധനങ്ങള്‍ വരും. എഴുതിയ സാധനം ഷൂട്ട് ചെയ്യാന്‍ പോകുമ്പോള്‍ നാച്ചുറലായി ഇവോള്‍വ് ചെയ്യും. ചില സമയത്ത് കരയാനേ തോന്നില്ല. സ്‌ക്രിപ്റ്റില്‍ ചിലപ്പോള്‍ ക്ലൈമാക്‌സില്‍ കരയുന്ന സീനായിരിക്കാം. പക്ഷേ പടം ഷൂട്ട് ചെയ്തുവരുമ്പോള്‍ അവിടെ കരയേണ്ടതായി വരില്ലായിരിക്കാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയന്‍കുഞ്ഞാണ് ഇനി റിലീസിനൊരുങ്ങുന്ന ഫഹദ് ചിത്രം. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ. നീണ്ട ഇടവേളക്ക് ശേഷം എ.ആര്‍. റഹ്മാന്റെ തിരിച്ചുവരവിന് കൂടി കളമൊരുക്കുന്നുണ്ട് മലയന്‍കുഞ്ഞ്.
Content Highlight: Fahad faadil says that when he saw Big B, he understood that each character cries in different ways