മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് എഴുതിത്തയ്യാറാക്കിയ തിരക്കഥയായിരുന്നെന്ന് ശിവസേന. ഗവര്‍ണറുടെ ഇടപെടലിനെയും ശിവസേനയുടെ മുഖപത്രമായ സാമ്‌ന വിമര്‍ശിച്ചു.
പരോക്ഷമായി അധികാരം ബി.ജെ.പിയുടെ കൈകളിലേക്കെത്തിച്ച നടപടിയാണ് രാഷ്ട്രപതി ഭരണമെന്നും ഫഡ്‌നാവിസിന്റെത് മുതലക്കണ്ണീരാണെന്നും സാംനയുടെ എഡിറ്റോറിയലില്‍ ആരോപിക്കുന്നു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ശിവസേനയ്ക്ക് 24 മണിക്കൂര്‍ മാത്രം അനുവദിച്ചതും ഭൂരിപക്ഷം തെളിയിക്കാന്‍ അധിക സമയം അനുവദിക്കാത്തതും വിമര്‍ശിച്ചാണ് എഡിറ്റോറിയല്‍. ഗവര്‍ണറുടെ ഇടപെടലിലൂടെ സര്‍ക്കാര്‍ രൂപീകരണത്തിന് ആറ് മാസം സമയം ലഭിച്ചിരിക്കുകയാണെന്ന പരിഹാസവും ഇതിലുണ്ട്.
‘യഥാര്‍ത്ഥത്തില്‍, എഴുതി തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. അത് നേരത്തെ തീരുമാനിക്കപ്പെട്ടതായിരുന്നു’, ശിവസേന ആരോപിച്ചു.
‘മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലുള്ള ആശങ്ക മുന്‍മുഖ്യമന്ത്രി രേഖപ്പെടുത്തിയിരുന്നു. ഇതിലൂടെ ഫഡ്‌നാവിസ് മുതലക്കണ്ണീരൊഴുക്കുകയാണ്. രാഷ്ട്രപതി ഭരണത്തില്‍ ആരെങ്കിലും മുതലക്കണ്ണീരോഴുക്കുന്നുണ്ടെങ്കില്‍ അത് പ്രഹസനമാണ്’, സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു.
ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നെന്നും മുമ്പ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന പരിചയം മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും സേന പറഞ്ഞു. എന്നാല്‍, മഹാരാഷ്ട്ര ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വലിയ സംസ്ഥാനമാണെന്നും ശിവസേന ചൂണ്ടിക്കാട്ടി.
രാഷ്ട്രപതി ഭരണത്തിലൂടെ അധികാരം ബി.ജെ.പിയുടെ കൈകളില്‍ത്തന്നെ എത്തിയിരിക്കുകയാണ്. രാജിവെച്ചയാള്‍ തീരുമാനത്തില്‍ അത്യധികം സന്തോഷിക്കുകയാണെന്നും സാമ്‌ന വിമര്‍ശിച്ചു.