വേഗത കുറഞ്ഞ നെറ്റ് കണക്ഷനിലും വേഗതയോടെ ഉപയോഗിക്കാന്‍ ഫേസ്ബുക്ക് ലൈറ്റ്
Big Buy
വേഗത കുറഞ്ഞ നെറ്റ് കണക്ഷനിലും വേഗതയോടെ ഉപയോഗിക്കാന്‍ ഫേസ്ബുക്ക് ലൈറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th June 2015, 5:17 pm

facebook-liteപുതിയ തലമുറയില്‍ ഫേസ്ബുക്ക് ഉപയോഗിക്കാത്തവരായി ഒരു പക്ഷെ ആരും ഉണ്ടാവില്ല. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ കാര്യവും അങ്ങനെ തന്നെ. സ്മാര്‍ട്ട് ഫോണിലാണെങ്കിലും ഇന്റര്‍നെറ്റ് വേഗതയുണ്ടെങ്കിലേ ഫേസ്ബുക്ക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗം സുഖകരമാവുകയുള്ളൂ. നമ്മുടെ നാട്ടിലാണെങ്കില്‍ പലസ്ഥലങ്ങളിലും 2ജിയ്ക്ക് അപ്പുറത്തേക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായിട്ടുമില്ല.

എന്നാല്‍ അത്തരം സാഹചര്യങ്ങളിലും സുഗമമായി ഉപയോക്താക്കളെ ഫേസ്ബുക്കില്‍ തന്നെ പിടിച്ചിരുത്താനുള്ള വഴിയുമായിട്ടാണ് ഫേസ്ബുക്ക് രംഗത്തു വന്നിട്ടുള്ളത്.  വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് ഫേസ്ബുക്ക് സൗകര്യത്തോടെ ഉപയോഗിക്കുന്നതിനായി ഫേസ്ബുക്ക് ലൈറ്റ് എന്ന പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ഫേസ്ബുക്ക്. ഇതുവഴി 2ജി കണക്ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുള്ളവര്‍ക്ക് കൂടുതല്‍ വേഗത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കാം.

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് പുതിയ ആപ്പ് ഔദ്യോഗികമായി ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. പുതിയ “ഫെയ്‌സ്ബുക്ക് ലൈറ്റ്” ന്റെ ഫയല്‍ സൈസ് ഒരു എംബി മാത്രമായതിനാല്‍ ഏതു മെമ്മറി കുറഞ്ഞ 2ജി ഫോണിലും ഉപയോഗിക്കാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഈ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ലഭ്യമാണ്. മെമ്മറികുറവായതുകൊണ്ടുതന്നെ വളരെ വേഗം ഇത് ഡൗണ്‍ലോഡ് ചെയ്യാം.

ഏഷ്യയിലെ ചില രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഫേസ്ബുക്ക് ലഭ്യമായിട്ടുള്ളത്. എന്നാല്‍ താമസിയാതെ ഇത് ലാറ്റിനമേരിക്ക, ആഫ്രിക്ക് യൂറോപ്പ് എന്നിവിടങ്ങളിലും ലഭ്യമാക്കുമെന്നും സുക്കര്‍ബര്‍ഗ്ഗ് പറഞ്ഞു.