ഇന്ത്യ- ജപ്പാന്‍ ബന്ധം ശക്തമാക്കിയ പ്രധാനമന്ത്രി; ഷിന്‍സോ ആബെയുടെ മരണത്തില്‍ ഇന്ത്യയില്‍ ദുഖാചരണം
World News
ഇന്ത്യ- ജപ്പാന്‍ ബന്ധം ശക്തമാക്കിയ പ്രധാനമന്ത്രി; ഷിന്‍സോ ആബെയുടെ മരണത്തില്‍ ഇന്ത്യയില്‍ ദുഖാചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th July 2022, 3:54 pm

ടോക്കിയോ: മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തില്‍ ഇന്ത്യയില്‍ നാളെ ദുഖാചരണം ആചരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.

ആബെയുടെ മരണത്തില്‍ അതീവ ദുഖമുണ്ടെന്നും ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായതെന്നും ആബെയുടെ മരണവാര്‍ത്തക്ക് പിന്നാലെ മോദി പ്രതികരിച്ചു. മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്നു ആബെയെന്നും മോദി സ്മരിച്ചു.

”ഇന്ന് ഇന്ത്യ മുഴുവന്‍ ജപ്പാന്റെ ദുഖത്തില്‍ പങ്കുചേരുകയാണ്. ഈ ബുദ്ധിമുട്ടേറിയ നിമിഷത്തില്‍ എല്ലാ ജാപ്പനീസ് സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം ഞങ്ങള്‍ നില്‍ക്കുന്നു,” മോദി ട്വീറ്റ് ചെയ്തു.

67കാരനായ ഷിന്‍സോ ആബെ നാല് തവണയാണ് ജപ്പാന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചത്. 2006- 2007, തുടര്‍ച്ചയായി 2012- 2020 കാലഘട്ടങ്ങളിലായിരുന്നു ആബെ ജപ്പാന്‍ ഭരിച്ചത്.

ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായിരുന്ന അദ്ദേഹം ഏറ്റവും കൂടുതല്‍ കാലം ജപ്പാന്റെ പ്രധാനമന്ത്രിയായിരുന്ന നേതാവ് കൂടിയാണ്.

ഇന്ത്യ- ജപ്പാന്‍ ബന്ധം ശക്തമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു ആബെ. 2014ലെ ഇന്ത്യയുടെ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തിയിരുന്നത് ആബെയായിരുന്നു. ഇന്ത്യയുടെ റിപബ്ലിക് ദിന പരേഡില്‍ മുഖ്യതിഥിയായെത്തിയ ആദ്യത്തെ ജാപ്പനീസ് പ്രധാനമന്ത്രി കൂടിയായിരുന്നു ആബെ.

ഇതടക്കം ആകെ നാല് തവണയാണ് ആബെ ഇന്ത്യ സന്ദര്‍ശിച്ചത്. 2006, 2014, 2015, 2017 വര്‍ഷങ്ങളിലായിരുന്നു സന്ദര്‍ശനം. ഏറ്റവും കൂടുതല്‍ തവണ ഇന്ത്യ സന്ദര്‍ശിച്ച ജപ്പാന്‍ പ്രധാനമന്ത്രിയും ആബെയാണ്.

2014ല്‍, ഇന്ത്യ- ജപ്പാന്‍ ബൈലാറ്ററല്‍ ബന്ധം ‘സ്‌പെഷ്യല്‍ സ്ട്രാറ്റജിക് ആന്‍ഡ് ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പി’ലേക്ക് മെച്ചപ്പെടുത്താന്‍ ആബെയും മോദിയും തമ്മില്‍ ധാരണയായിരുന്നു. ഇന്തോ- പസഫിക് സ്ട്രാറ്റജി, സിവിലിയന്‍ ന്യൂക്ലിയര്‍ എനര്‍ജി, മാരിടൈം സെക്യൂരിറ്റി, ബുള്ളറ്റ് ട്രെയിനുകള്‍, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യം എന്നീ നിരവധി മേഖലകളില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ സഹകരിച്ചിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം കണക്കിലെടുത്ത് 2021ല്‍ രാജ്യം അദ്ദേഹത്തെ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെയായിരുന്നു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണ റാലിക്കിടെ ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. പ്രതിയായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്നും പ്രതി ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തിരുന്നു.

പടിഞ്ഞാറന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ആബെയ്ക്ക നെഞ്ചില്‍ വെടിയേറ്റത്. പിറകില്‍ നിന്നാണ് വെടിയേറ്റത്.

ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ജപ്പാനിലെ പ്രാദേശിക സമയം 11 മണിയോടെയാണ് സംഭവം നടന്നത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച ഉച്ചക്ക് 2:30തോടെയാണ് ജാപ്പനീസ് മാധ്യമങ്ങള്‍ മരണവാര്‍ത്ത പുറത്തുവിട്ടത്.

ആബെ വെടിയേറ്റ് വീഴുന്നതിന്റെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയടുക്കുന്നതിന്റെയും വീഡിയോ ജാപ്പനീസ് മാധ്യമമായ എന്‍.എച്ച്.കെ ടി.വി പുറത്തുവിട്ടിരുന്നു.

ആബെക്ക് ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം ലോകത്ത് ഏറ്റവും കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങള്‍ നിലവിലുള്ള രാജ്യം കൂടിയാണ് ജപ്പാന്‍ എന്നത് ആബെയുടെ മരണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ കൂടുതല്‍ ആശങ്കയുളവാക്കുന്നുണ്ട്.

Content Highlight: Ex Japan PM Shinzo Abe’s relation with India, Narendra Modi, Manmohan Singh