ഐ.പി.എല്ലില്‍ ഒന്നിന് പിറകെ ഒന്നായി മുംബൈ ഇന്ത്യന്‍സ് മത്സരങ്ങള്‍ തോറ്റുകൊണ്ടിരിക്കുകയാണ്. കളിച്ച കളി എല്ലാം തോറ്റാണ് ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ കിരീടം നേടിയ ടീം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണിരിക്കുന്നത്.
ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും പ്രശ്‌നവും എന്താണെന്ന് നിരീക്ഷിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ടീമിന്റെ ഡയറക്ടര്‍മാരില്‍ ഒരാളുമായ ഇര്‍ഫാന്‍ പത്താന്‍. പേസ് ബൗളിംഗ് നിരയിലെ പോരായ്മയാണ് മുംബൈ ഇന്ത്യന്‍സിനെ ഈ സീസണില്‍ വല്ലാതെ അലട്ടുന്നതെന്നാണ് പത്താന്‍ പറയുന്നത്.
ഇതിന് മുമ്പ് 2014, 2015 സീസണുകളിലെല്ലാം തന്നെ മുംബൈ നിരന്തരം തോല്‍വികളേറ്റുവാങ്ങിയാണ് തുടങ്ങിയതെന്നും ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ നേരിടണമെന്ന് മുംബൈയ്ക്ക് നിശ്ചയമുണ്ടെന്നും പത്താന്‍ പറയുന്നു.
എന്നാല്‍, അന്നത്തെ അവസ്ഥയല്ല ഇപ്പോള്‍ ടീമിനുള്ളതെന്നും ടീമിന്റെ ബൗളിംഗ് നിര കാര്യമായി മെച്ചപ്പെടേണ്ടതുണ്ടെന്നും പത്താന്‍ പറയുന്നു.
‘ജസ്പ്രീത് ബുംറയെ സഹായിക്കാന്‍ പോന്ന ഒരു ബൗളര്‍ ഇത്തവണ മുംബൈയ്ക്കില്ല. ഇതാണ് മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ ഏറ്റവും വലിയ തലവേദന,’ പത്താന്‍ പറയുന്നു.
ബുംറയ്ക്ക് പുറമെ ഇംഗ്ലീഷ് സൂപ്പര്‍ താരം ജോഫ്രാ ആര്‍ച്ചറിനെയായിരുന്നു മുംബൈ പേസറായി ടീമിലെത്തിച്ചത്. എന്നാല്‍ ആര്‍ച്ചറിന് അടുത്ത സീസണില്‍ മാത്രമാണ് ടീമിനൊപ്പം ചേരാന്‍ സാധിക്കുക.
ബാറ്റിംഗില്‍ ടീം മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും പത്താന്‍ പറഞ്ഞു.
‘പരിക്കില്‍ നിന്നും തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവും യുവതാരം തിലക് വര്‍മയും മികച്ച പ്രകനമാണ് കാഴ്ചവെക്കുന്നത്. ഇഷാന്‍ കിഷന്‍ ട്രാക്കിലേക്ക് വന്നിട്ടുണ്ട്.
രോഹിതും പൊള്ളാര്‍ഡും റണ്‍സെടുക്കാന്‍ പോന്നവര്‍ തന്നെയാണ്. പക്ഷേ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ക്ഷീണമായി തന്നെ തുടരുകയാണ്,’ പത്താന്‍ കൂട്ടിച്ചേര്‍ക്കുന്നു.
മഹാരാഷ്ട്രയിലെ പിച്ചുകള്‍ സാധാരണ പേസ് ബൗളിംഗിന് അനുകൂലമാണെന്നും എന്നാല്‍ മുംബൈയ്ക്ക് അത് മുതലാക്കാന്‍ സാധിക്കുന്നില്ലെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.