രാജ്യം പ്രതിസന്ധിയിലായാലും പ്രധാനമന്ത്രി വിദേശയാത്രയിലായിരിക്കും: ജയറാം രമേശ്
national news
രാജ്യം പ്രതിസന്ധിയിലായാലും പ്രധാനമന്ത്രി വിദേശയാത്രയിലായിരിക്കും: ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2024, 4:41 pm

ന്യൂദല്‍ഹി: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറാവാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ ജനറല്‍ സെക്രട്ടറി ജയറാം രമേശ്. രാജ്യം പ്രതിസന്ധിയിലായാലും പ്രധാന മന്ത്രി വിദേശസന്ദര്‍ശനത്തിലായിരിക്കുമെന്നാണ് ജയറാം രമേശ് പറഞ്ഞത്. മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ അവലോകന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടിയ സാഹചര്യത്തിലാണ് ജയറാം രമേശിന്റെ വിമര്‍ശനം.

2023 മെയ് മൂന്നിന് മണിപ്പൂരില്‍ അക്രമം ആരംഭിച്ചിട്ടും ഇതുവരെയും പ്രധാന മന്ത്രി സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു.

‘2023 മെയ് മൂന്നിന് മണിപ്പൂരില്‍ അക്രമം ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് സംഘര്‍ഷത്തിന്റെ കാരണങ്ങളും വ്യാപനവും അന്വേഷിക്കുന്നതിനായി 2023 ജൂണ്‍ നാലിന് മൂന്നംഗ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആറുമാസം സമയം നല്‍കിയെങ്കിലും ഇത് വരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഇപ്പോള്‍ കമ്മീഷന് 2024 നവംബര്‍ 24 വരെ സമയം നല്‍കിയിട്ടുണ്ട്,’ ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ വീണ്ടും സമയപരിധി നീട്ടിയ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചാണ് ജയറാം രമേശിന്റെ പോസ്റ്റ്.

മണിപ്പൂരില്‍ അക്രമങ്ങളും മരണങ്ങളും ഉണ്ടാവാനുള്ള കാരണങ്ങള്‍ അവലോകനം ചെയ്യുന്നതിനാണ് മുന്‍ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ രൂപീകരിച്ചത്. വിരമിച്ച ഐ.എ.എസ് ഓഫീസര്‍ ഹിമാന്‍ഷു ദാസ്, വിരമിച്ച ഐ.പി.എസ് ഓഫീസര്‍ അലോക പ്രഭാകര്‍ എന്നിവരാണ് സമിതിയില്‍ ഉള്ളത്.

220ലധികം മരണങ്ങള്‍ക്ക് കാരണമായ മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് നിരവധി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ നിലവില്‍ സംഘര്‍ഷങ്ങള്‍ തുടരുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ട ഒരു നടപടിയും ഉണ്ടായില്ല.

2023 ല്‍ ഔദ്യോഗിക ഗോത്രപദവി നല്‍കണമെന്ന മെയ്തി വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ കുക്കി വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മണിപ്പൂരിലെ ഭൂരിപക്ഷമായ മെയ്തി വിഭാഗത്തെ പട്ടികവര്‍ഗമായി അംഗീകരിക്കുന്നത് തങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാകുമെന്ന് ആശങ്കപ്പെട്ടിരുന്ന കുക്കികള്‍ ഇതിനെതിരെ പ്രതിഷേധിക്കാന്‍ തുടങ്ങി. പിന്നാലെ അത് വര്‍ഗീയ കലാപമായി മാറുകയും ഭരണകൂടം ഇതിനെതിരെ മൗനം പാലിക്കുകയും ചെയ്തു. കലാപം തുടങ്ങി ഒരു വര്‍ഷമാകാറായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ ഇതുവരെയും സന്ദര്‍ശിച്ചിട്ടില്ല.

Content Highlight: even if the country is in crisis, pm will travel abroad: JAIRAM RAMESH