സമകാലിക ഫുട്ബോൾ ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന പ്ലെയറാണ് മെസി.
മെസിയുടെ കാലഘട്ടത്തിന് ശേഷം താരത്തിന്റെ പിൻഗാമിയായി കണക്കാക്കാൻ പറ്റിയ താരങ്ങളുടെ എണ്ണം തുലോം തുച്ഛമാണെന്നതാണ് ഫുട്ബോൾ ലോകത്തിൽ മെസിയുടെ പ്രസക്തി.
എന്നാൽ നോർവീജിയൻ യുവതാരമായ എർലിങ് ഹാലണ്ടും ഫ്രഞ്ച് യുവ സൂപ്പർ താരമായ എംബാപ്പെയുമൊക്കെ മെസിയുടെ പിൻഗാമികളാണ് എന്ന തരത്തിലുള്ള ചർച്ചകൾ ഫുട്ബോൾ ലോകത്ത് സജീവമാണ്.
എന്നാൽ ഹാലണ്ടല്ല ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയുടെ നൈജീരിയൻ യുവതാരമായ വിക്ടർ ഒഷിമെനാണ് മെസിയുടെ പിൻഗാമിയും താരത്തിന് പറ്റിയ പകരക്കാരനുമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ ഏജന്റായ ആൻഡ്രിയെ ഡി അമീക്കോ.
റേഡിയോ 24ന് നൽകിയ അഭിമുഖത്തിലായിരുന്നു അമീക്കോ ഒഷിമെന്റെ കളി മികവിനെയും അദ്ദേഹത്തിന്റെ കളിക്ക് മെസിയോടുള്ള സാമ്യതയെക്കുറിച്ചും സംസാരിച്ചത്.
‘നിലവിൽ ഒഷിമെനാണ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർ.
തീർച്ചയായും അദ്ദേഹം ഹാലണ്ടിനേക്കാളും മികച്ച താരമാണ്. അദ്ദേഹത്തിന് കൂടുതൽ ഓപ്ഷനുകൾ കളിക്കാനായി ലഭിച്ചിരുന്നില്ല. ഇംഗ്ലീഷ് ക്ലബ്ബുകളും പി.എസ്.ജിയുമൊന്നും തങ്ങളുടെ കൺമുമ്പിലുള്ള മികച്ചൊരു താരത്തെ കണ്ടില്ല.
എന്റെ അഭിപ്രായത്തിൽ മെസി മിയാമിയിലേക്ക് പോകാൻ സാധ്യതയുണ്ട്. പക്ഷെ അത് എന്റെയൊരു ഊഹം മാത്രമാണ്,’ ആൻഡ്രിയെ ഡി അമീക്കോ പറഞ്ഞു.
കൂടാതെ ഒഷിമെൻ മെസിയുടെ പിൻഗാമിയാകാൻ പറ്റിയ താരമാണെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
നാപ്പോളിക്കായി മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഒഷിമനെ 150 മില്യൺ യൂറോക്ക് തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ പി.എസ്.ജി ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും താരത്തിനെ വാങ്ങാനായി ശ്രമം നടത്തുന്നെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
2020ലാണ് ലോസ്ക്ക് ലില്ലിയിൽ നിന്നും ഒഷിമെൻ നാപ്പോളിയിലേക്കെത്തുന്നത്. 75 മില്യൺ യൂറോക്കായിരുന്നു രണ്ട് വർഷത്തെ കരാറിൽ ഒഷിമെൻ ഫ്രാൻസിൽ നിന്നും ഇറ്റലിയിലേക്കെത്തിയത്.