ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്ന് യോഗ ഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബാ രാംദേവ്. മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്തി ദരിദ്രരെയും വികസ്വര രാജ്യങ്ങളെയും ട്രംപ് ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞ ബാബ രാംദേവ് ഭൗതികമായ കോളനിവല്‍ക്കരണത്തിന്റെ യുഗത്തിനാണ് ഇത് തുടക്കമിടുന്നതെന്നും അഭിപ്രായപ്പെട്ടു.
‘ഭൗതിക കോളനിവല്‍ക്കരണത്തിന്റെ ഒരു പുതിയ യുഗം ആരംഭിച്ചിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിനുശേഷം, അദ്ദേഹം താരിഫ് ഭീകരവാദത്തിന്റെ ഒരു പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു.
ദരിദ്രരെയും വികസ്വര രാജ്യങ്ങളെയും ഭീഷണിപ്പെടുത്തി അദ്ദേഹം ജനാധിപത്യത്തെ കീറിമുറിച്ചു. ഇത് സാമ്പത്തിക ഭീകരതയാണ്. ലോകത്തെ വ്യത്യസ്തമായ ഒരു യുഗത്തിലേക്ക് അദ്ദേഹം കൊണ്ടുപോകുകയാണ്.
അത്തരമൊരു അവസ്ഥയില്‍ ഇന്ത്യ വികസിക്കേണ്ടതുണ്ട്. ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും ഇവര്‍ക്കെല്ലാം മറുപടി നല്‍കുന്നതിനും എല്ലാ ഇന്ത്യക്കാരും ഒന്നിക്കണം,’ ബാബാ രാംദേവ് പറഞ്ഞു.
49ാമത് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ അമേരിക്കയുടെ വ്യാപാര പങ്കാളികളായ മെക്‌സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം, മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തുന്നതിന് ഒരു മാസത്തെ ഇളവ് ട്രംപ് അനുവദിച്ചിരുന്നു. നിലവില്‍ ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
കാലിഫോര്‍ണിയയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിനെതിരായ ആക്രമണത്തേയും ബാബ രാംദേവ് അപലപിക്കുകയുണ്ടായി. മത ഭീകരത തടയുന്നതിനുള്ള മാര്‍ഗം കണ്ടെത്താന്‍ ഇന്ത്യ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘ലോകം മുഴുവന്‍ ഈ മതഭീകരത മൂലം ദുരിതമനുഭവിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ എല്ലാ തലവന്മാരും ഇതില്‍ ഒരു വഴി കണ്ടെത്തേണ്ടതുണ്ട്, ഇന്ത്യ ഇതിനായി മുന്‍കൈയെടുക്കണം,’ ബാബ രാദേവ് പറഞ്ഞു.
ഔറംഗസീബ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു മാതൃകയല്ലെന്നും ബാബ രാംദേവ് അഭിപ്രായപ്പെട്ടു.
‘അയാള്‍ ഒരു കൊള്ളക്കാരുടെ കുടുംബത്തില്‍ പെട്ടവനായിരുന്നു. ബാബറായാലും അയാളുടെ കുടുംബമായാലും, അവര്‍ ഇന്ത്യയെ കൊള്ളയടിക്കാനാണ് വന്നത്. അവര്‍ നമ്മുടെ ആയിരക്കണക്കിന് സ്ത്രീകളെ പീഡിപ്പിച്ചു. ഛത്രപതി ശിവാജി മഹാരാജാണ് നമ്മുടെ മാതൃക,’ ബാബ രാംദേവ് പറഞ്ഞു.
Content Highlight: Trump promotes tariff terrorism says Baba Ramdev