യുറോപ്യന്‍ യൂണിയന്‍ അധ്യക്ഷയ്ക്ക് നേരെ ലിംഗവിവേചനം; എര്‍ദോഗനുമായുള്ള ചര്‍ച്ചയ്ക്കിടെ കസേര നിഷേധിച്ചതായി റിപ്പോര്‍ട്ട്
World News
യുറോപ്യന്‍ യൂണിയന്‍ അധ്യക്ഷയ്ക്ക് നേരെ ലിംഗവിവേചനം; എര്‍ദോഗനുമായുള്ള ചര്‍ച്ചയ്ക്കിടെ കസേര നിഷേധിച്ചതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th April 2021, 5:19 pm

ഇസ്താംബൂള്‍: തുര്‍ക്കി സന്ദര്‍ശനത്തിനിടെ ലിംഗവിവേചനം നേരിട്ടതായി യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വെന്‍ ദേര്‍ ലായെന്‍. തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയ്യിബ് എര്‍ദോഗനമായുള്ള കൂടിക്കാഴ്ചയ്ക്കായി അങ്കാറയിലെത്തിയപ്പോഴായിരുന്നു അധ്യക്ഷയ്ക്ക് നേരെ വിവേചനമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞദിവസമാണ് കൂടിക്കാഴ്ചയ്ക്കായി യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ചാള്‍സ് മൈക്കിളും, യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉര്‍സുല ദേറും അങ്കാറയിലെത്തിയത്.

ചര്‍ച്ചക്കായി എര്‍ദോഗനൊപ്പം ഹാളിലേക്ക് പ്രവേശിച്ച ഇരുവര്‍ക്കുമുള്ള കസേരകള്‍ പക്ഷേ അവിടെയുണ്ടായിരുന്നില്ല. ഹാളില്‍ രണ്ട് കസേര മാത്രമെ ഉണ്ടായിരുന്നുള്ളു. അതില്‍ ഒന്നില്‍ എര്‍ദോഗനും ഇരുന്നപ്പോള്‍, തൊട്ടടുത്ത ഇരിപ്പിടത്തില്‍ ചാള്‍സ് മൈക്കളും ഇരിക്കുകയും കമ്മീഷന്‍ അധ്യക്ഷ നില്‍ക്കേണ്ട ഗതിയുമുണ്ടാകുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഹാളിലെ ഒരു സോഫയില്‍ അധ്യക്ഷയ്ക്ക് ഇരിക്കാന്‍ ഇരിപ്പിടം നല്‍കുകയായിരുന്നു. ഇരിപ്പിടം നിഷേധിച്ച വിഷയത്തില്‍ കമ്മീഷന്‍ അധ്യക്ഷ ശരിക്കും അമ്പരന്ന് പോയതായി അവരുടെ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഉര്‍സുലയ്ക്ക് കസേര നിഷേധിച്ചതിനെതിരെ ആഗോള തലത്തില്‍ വ്യാപക വിമര്‍ശനം ഉയരുകയാണ്. സ്ത്രീയായതിന്റെ പേരില്‍ അധ്യക്ഷയ്ക്ക് നേരെ വിവേചനം കാണിച്ചുവെന്നും ഇത് ലിംഗവിവേചനത്തിന്റെ അടയാളമാണെന്നുമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

അതേസമയം സംഭവത്തില്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: European Commission’s  female president left without chair as male official sits for meeting with Erdogan