ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച മുന്നേറ്റം തുടരുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം, ന്യൂ കാസിൽ യുണൈറ്റഡ് മുതലായ ക്ലബ്ബുകൾ ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന ലീഗിൽ മികച്ച പ്രകടനമാണ് നിലവിൽ ചുവന്ന ചെകുത്താൻമാർ കാഴ്ചവെക്കുന്നത്.
കഴിഞ്ഞ സീസണിൽ തീരെ നിറംകെട്ട ക്ലബ്ബിന് ഇത്തവണ പത്ത് വർഷത്തിന് ശേഷം വീണ്ടും ലീഗ് ടൈറ്റിൽ സ്വന്തമാക്കാൻ സാധിക്കുമെന്ന് ഫുട്ബോൾ വിദഗ്ധരടക്കം വിലയിരുത്തുന്നുണ്ട്.
എന്നാലിപ്പോൾ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിട്ടുകൊണ്ട് പുതിയൊരു താരത്തെ ഓൾഡ് ട്രാഫോർഡിലേക്ക് കൊണ്ട് വരാൻ പരിശീലകൻ ടെൻ ഹാഗിന് പദ്ധതിയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
തന്റെ ഇഷ്ടതാരമായ മധ്യനിര താരം ജെയിംസ് മാഡിസസണിനെയാണ് ലെസ്റ്റർ സിറ്റിയിൽ നിന്നും ടെൻ ഹാഗ് യുണൈറ്റഡിലെത്തിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഫുട്ബോൾ വിദഗ്ധനായ റൂഡി കിൻസലെയാണ് അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ മാഡിസൺ മാൻ യുണൈറ്റഡിൽ എത്തിയേക്കുമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
“എറിക് ടെൻ ഹാഗ് മാഡിസണിന്റെ വലിയൊരു ആരാധകനാണ്. ബഹുമുഖ പ്രതിഭയായ മാഡിസൺ ഈ സീസണിൽ ലെസ്റ്ററിനായും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്,’ റൂഡി കിൻസലെ പറഞ്ഞു.
ലെസ്റ്ററിനായി 19 മത്സരങ്ങൾ കളിച്ച താരം ഒമ്പത് ഗോളുകളും ആറ് അസിസ്റ്റുകളുമാണ് ക്ലബ്ബിനായി സ്വന്തമാക്കിയത്.
മാഡിസണുമായോ ബയേണിൽ നിന്നും ലോണിന് മാർസൾ സബിസ്റ്ററുമായോ യുണൈറ്റഡ് കരാറിൽ ഏർപ്പെടുമെന്ന തരത്തിലുള്ള വാർത്തകൾ വിവിധ മാധ്യമങ്ങൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാഡിസൺ കൂടി ക്ലബ്ബിലേക്കെത്തുന്നതോടെ നിലവിൽ കസെമിറോയും ബ്രൂണോ ഫെർണാണ്ടസും എറിക്സണും അടങ്ങുന്ന മധ്യ നിര വീണ്ടും ശക്തമാകുമെന്നാണ് ടെൻ ഹാഗിന്റെ പ്രതീക്ഷ.
അതേസമയം വെള്ളിയാഴ്ച നടന്ന യൂറോപ്പാ മത്സരത്തിൽ ബാഴ്സയെ പരാജയപ്പെടുത്തിയ യുണൈറ്റഡ് 23 മത്സരങ്ങളിൽ നിന്നും 54 പോയിന്റുമായി പ്രീമിയർ ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്.