'അവനൊരു കൊതുകിനെ പോലെയായിരുന്നു, ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്തു'; യുണൈറ്റഡിന്റെ ജയത്തിന് പിന്നാലെ കോച്ച്
Football
'അവനൊരു കൊതുകിനെ പോലെയായിരുന്നു, ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്തു'; യുണൈറ്റഡിന്റെ ജയത്തിന് പിന്നാലെ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th February 2023, 8:54 am

യൂറോപ്പാ ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ ക്വാളിഫിക്കേഷന്‍ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ ബാഴ്‌സലോണയെ തകര്‍ത്ത് വിജയം സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

2-2ന്റെ സമനിലയില്‍ അവസാനിച്ച ആദ്യപാദ മത്സരത്തിന് ശേഷം ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് നടന്ന നിര്‍ണായക പോരാട്ടത്തില്‍ ബാഴ്‌സ ആദ്യം ഗോള്‍ നേടി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആധിപത്യം പുലര്‍ത്തുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയം.

കളി 47 മിനിട്ട് പിന്നിട്ടപ്പോള്‍ ബോക്‌സിന്റെ കോര്‍ണറില്‍ നിന്നും ഫ്രഡ് തൊടുത്ത് വിട്ട ഷോട്ടാണ് യുണൈറ്റഡിനെ ജയത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് മൈതാനം മുഴുവന്‍ നിറഞ്ഞ് കളിച്ച ഫ്രഡ് ബാഴ്‌സ മുന്നേറ്റ നിരക്കും തുടര്‍ച്ചയായി തലവേദന സൃഷ്ടിക്കുകയായിരുന്നു.

മത്സരത്തിന് ശേഷം നിരവധിയാളുകളാണ് ഫ്രഡിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോള്‍ താരത്തിന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്.

‘ഫ്രെഡ് ഒരു കൊതുകിനെ പോലെയായിരുന്നു കളത്തിലുണ്ടായിരുന്നത്. അവന്റെ ജോലി ബാഴ്‌സയുടെ ഫ്രങ്കി ഡി ജോങ്ങിനെ സ്‌റ്റോപ് ചെയ്യുക എന്നതായിരുന്നു. അത് വൃത്തിയായി ചെയ്യാന്‍ അവന് സാധിച്ചു,’ ടെന്‍ ഹാഗ് പറഞ്ഞു.

അതേസമയം രണ്ടാം പകുതിയില്‍ വ്യത്യസ്ത ടീമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഉണ്ടായിരുന്നത്. ഹാഫ് ടൈമിലാണ് ടെന്‍ ഹാഗ് ആന്റണിയെ കളത്തിലിറക്കിയത്. താരത്തിന് മികച്ച പ്രകടനം പുറത്തെടുത്ത് യുണൈറ്റഡിനായി ഗോള്‍ നേടാനായി.

ആന്റണി വളരെ ധീരനായ കളിക്കാരനാണെന്നും അവന് കൂടുതല്‍ മികവ് പുറത്തെടുക്കാനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ടെന്‍ ഹാഗ് പറഞ്ഞു.

മത്സരം 18 മിനിട്ട് പിന്നിട്ടപ്പോള്‍ അനുവദിച്ച് കിട്ടിയ പെനാല്‍ട്ടി റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ഗോളാക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന യുണൈറ്റഡ് ബാഴ്‌സയെ ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ യൂറോപ്പയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

മത്സരത്തില്‍ വിജയിച്ചതോടെ യുണൈറ്റഡിന് ഇനി യൂറോപ്പാ ലീഗ് പ്രീ ക്വാര്‍ട്ടര്‍ കളിക്കാം. ബാഴ്‌സ യൂറോപ്പാ കോണ്‍ഫറന്‍സ് ലീഗിലാണ് ഇനി മത്സരിക്കുക.

പ്രീമിയര്‍ ലീഗില്‍ നിലവില്‍ 24 മത്സരങ്ങളില്‍ നിന്നും 49 പോയിന്റോടെ ലീഗ് ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള മാന്‍ യുണൈറ്റഡ്, ഫെബ്രുവരി 24ന് ഇ.എഫ്.എല്‍ കപ്പ് ഫൈനലില്‍ ന്യൂ കാസില്‍ യുണൈറ്റഡിനെയാണ് അടുത്തതായി നേരിടുക.

Content Highlights: Eric ten hag praises Fred