ഇ.പി. ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്; കെ. സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി
Kerala News
ഇ.പി. ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്; കെ. സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2024, 11:16 am

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന സുധാകരന്റെ ഹരജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

കേസില്‍ ഗൂഢാലോചന കുറ്റമായിരുന്നു കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. ഇതില്‍ നേരത്തെ വലിയതുറ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതാണ്. വിചാരണ നടപടികള്‍ തിരുവനന്തപുരത്ത് തുടങ്ങാനിരിക്കെ 2016ലാണ് കെ. സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസിന്റെ വിചാരണ തടയണമെന്നും പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കി കേസില്‍ കുറ്റവിമുക്തനാക്കണമെന്നും സുധാകരന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ഹരജിയിലാണ് കെ. സുധാകരന് അനുകൂലമായി ഹൈക്കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചത്.

1995 ഏപ്രില്‍ 12ന് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം കേരളത്തിലേക്ക് മടങ്ങുകയായിരുന്ന ഇ.പി. ജയരാജനെ ആന്ധ്രയിൽ ട്രെയിനില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കെ. സുധാകരനെതിരായ ആരോപണം. മറ്റ് പ്രതികളുമായി ഇ.പി. ജയരാജനെ വധിക്കാന്‍ തിരുവനന്തപുരത്ത് വെച്ച് സുധാകരന്‍ ഗൂഢാലോചന നടത്തി എന്നായിരുന്നു കേസ്.

പ്രതികള്‍ സുധാകരനെതിരെ മൊഴി നല്‍കിയെന്നും കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു. ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് കാട്ടി വിചാരണ കോടതി സുധാകരന്റെ ഹരജി തള്ളിയതിന് പിന്നാലെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 2016ല്‍ തന്നെ കേസിന്റെ വിചാരണ ഹൈക്കോടതി തടഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഹരജിയില്‍ ഹൈക്കോടതി വാദം കേട്ട് തുടങ്ങിയത്. തനിക്കെതിരെ ഗൂഢാലോചനക്ക് തെളിവില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് എടുത്തതെന്നും കെ. സുധാകരന്‍ ഹൈക്കോടതിയില്‍ വാദിച്ചു. രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണ് തന്നെ കേസില്‍ പ്രതിചേര്‍ത്തത്. അതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നും കെ. സുധാകരന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

Content  Highlight: ep jayarajan murder attempt case;  High Court acquitted K. Sudhakaran