Kerala News
വിദ്യ എസ്.എഫ്.ഐ ഭാരവാഹിയല്ല; ഒരു കുറ്റവാളിയെയും സര്‍ക്കാരോ, എസ്.എഫ്.ഐയോ സംരക്ഷിക്കില്ല: ഇ.പി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 08, 07:20 am
Thursday, 8th June 2023, 12:50 pm

കണ്ണൂര്‍: ഗസ്റ്റ് ലക്ചറര്‍ ആകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കെ. വിദ്യ എസ്.എഫ്.ഐ ഭാരവാഹിയല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പാര്‍ട്ടിയില്‍ നിന്നും അവര്‍ക്ക് ഒരുതരത്തിലുള്ള പിന്തുണയും നല്‍കിയിട്ടില്ലെന്നും ഇ.പി പറഞ്ഞു.

‘വിദ്യ എസ്.എഫ്.ഐയുടെ ഭാരവാഹിയായിരുന്നില്ല. വെറുതെ ചാര്‍ത്തികൊടുത്തിട്ട് കാര്യമില്ല. എസ്.എഫ്.ഐ നേതാക്കള്‍ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. എസ്.എഫ്.ഐ വിരോധം നല്ലത് തന്നെ എന്നാല്‍ അതുകൊണ്ട് എസ്.എഫ്.ഐ എന്ന പുരോഗമന പ്രസ്ഥാനത്തെ തകര്‍ക്കാനും നശിപ്പിക്കാനും വേണ്ടി പരിശ്രമിക്കരുത്,’ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നും അവര്‍ക്ക് ഒരു തരത്തിലുള്ള പിന്തുണയുമില്ലെന്നും അന്വേഷണത്തിലല്ലേ അതറിയാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടിയില്‍ നിന്നും അവര്‍ക്ക് ഒരുതരത്തിലുള്ള പിന്തുണയുമില്ല. അന്വേഷണത്തിലല്ലേ അതറിയാന്‍ സാധിക്കുക. ഒരു കുട്ടി തെറ്റായ നിലപാട് സ്വീകരിച്ചാല്‍ അതിനെ എല്ലാവരും കൂടി എതിര്‍ക്കുകയല്ലേ ചെയ്യേണ്ടത്. തെറ്റുകളെ അപലപിക്കുക, തെറ്റുകളെ നിരുത്സാഹപ്പെടുത്തുക, അതാണല്ലോ നമ്മള്‍ ചെയ്യേണ്ടത്. അതില്‍ എവിടെയെങ്കിലും പിഴച്ചിട്ടുണ്ടോ,’ ഇ.പി ചോദിച്ചു.

സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ശരിയായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഒരു കുറ്റവാളിയെയും സര്‍ക്കാരോ, എസ്.എഫ്.ഐയോ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ എസ്.എഫ്.ഐക്കെതിരെ വെറുതെ ആരോപണം ഉന്നയിക്കുകയാണ്. വസ്തുതപരമായി കാര്യങ്ങള്‍ ഉയര്‍ത്തികൊണ്ടുവന്നാല്‍ എസ്.എഫ്.ഐക്കാര്‍ പരിശോധിക്കും. ഒരു തരത്തിലുള്ള തെറ്റായ പ്രവണതകളെയും എസ്.എഫ്.ഐ നേതൃത്വം അംഗീകരിക്കില്ല. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ശരിയായ നിലപാട് സ്വീകരിക്കുന്നുണ്ട്. ശക്തമായി അന്വേഷണം നടത്തുന്നുണ്ട്. ഒരു കുറ്റവാളിയെയും സര്‍ക്കാരോ, എസ്.എഫ്.ഐയോ, ഇടതുപക്ഷ പാര്‍ട്ടികളോ സംരക്ഷിക്കില്ല.,’ അദ്ദേഹം പറഞ്ഞു.

ജോലി നേടാനായി തെറ്റായ നിലപാടാണ് വിദ്യ സ്വീകരിച്ചതെന്നും  ഇ.പി പറഞ്ഞു.

‘ജോലി നേടാനായി തെറ്റായ നിലപാട് സ്വീകരിച്ചു. തെറ്റായ നടപടികള്‍ സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മുന്നിലെത്തിയാല്‍ സമഗ്രമായ അന്വേഷണം നടത്തുകയാണ് ചെയ്യാന്‍ സാധിക്കുക. അതിനുള്ള നടപടി സ്വീകരിച്ചില്ലേ. നിങ്ങള്‍ അതിനെയല്ലേ പ്രശംസിക്കേണ്ടത്. കുറ്റവാളിയെ സംരക്ഷിക്കാനുള്ള നിലപാട് ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടോ,’ അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ പലരും മത്സരിച്ചിട്ടുണ്ട്. മത്സരിച്ചു അവിടെയൊരു കൗണ്‍സിലര്‍ ആയി ജയിച്ചു എന്നതിനാല്‍ നേതൃത്വ സ്ഥാനം വഹിച്ചയാളാണെന്ന് ദുര്‍വ്യാഖ്യാനിച്ച് എസ്.എഫ്.ഐയുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കരുതെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.

Content Highlight: EP Jayarajan about contravercy of fake certificate