ന്യൂദല്‍ഹി: ‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ‘ക്ലൈമറ്റ് ആക്ഷന്‍ കലക്ടീവ് ദല്‍ഹി’ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ ജന്ദര്‍മന്ദറിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ബോധവല്‍ക്കരണമെന്നോണം തെരുവ് നാടകവും സംഘടിപ്പിച്ചു.
ദല്‍ഹി യൂണിവേഴ്‌സിറ്റി, അംബേദ്കര്‍ യൂണിവേഴ്‌സിറ്റി, ജെ.എന്‍.യു, അമിറ്റി യൂണിവേഴ്‌സിറ്റി, ജാമിയ യൂണിവേഴ്‌സിറ്റി, എ.ഐ.ഐ.എം.എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ നിരവധി യുവാക്കളും പ്രതിഷേധത്തിന്റെ ഭാഗമായി.
ഇതിന്റെ ഭാഗമായി സീഡ് ബോബിങ്ങിലൂടെ ഒരു ദശലക്ഷം ചെടികള്‍ നടുന്ന പദ്ധതിയുടെ ഭാഗമായി ജന്തര്‍മന്ദറില്‍ വിത്തുകള്‍ വിതരണം ചെയ്തു. വരുന്ന പാര്‍ലമെന്റ് സെഷനില്‍ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള പ്രമേയം അവതരിപ്പിക്കാന് ആവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടം വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് കൈമാറാന്‍ തീരുമാനിച്ചു. ദല്‍ഹിയിലെ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും കലക്ടീവ് തീരുമാനിച്ചു.