ന്യൂദല്‍ഹി: ഹിന്ദു വിവാഹനിയമം അനുസരിച്ച് അസാധുവാകുന്ന വിവാഹത്തില്‍ ജീവനാംശത്തിന് അര്‍ഹതയെന്ന് സുപ്രീം കോടതി. അസാധുവാക്കപ്പെട്ട വിവാഹത്തിലും സ്ഥിരമായ ജീവനാംശവും ഇടക്കാല സാമ്പത്തിക സഹായവും നല്‍കാമെന്നും കോടതി പറഞ്ഞു. നിയമത്തിലെ 25ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
1955ലെ നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ട വ്യക്തിയ്ക്ക് സെക്ഷന്‍ 25 പ്രകാരം പങ്കാളിയില്‍ നിന്ന് സ്ഥിരമായ ജീവനാംശമോ അല്ലാതെയുള്ള ജീവനാംശമോ തേടാന്‍ അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍ കക്ഷികളുടെ സാഹചര്യങ്ങള്‍ മനസിലാക്കിയ ശേഷമായിരിക്കണം തീരുമാനം പരിഗണിക്കേണ്ടതെന്നും കോടതി പറഞ്ഞു. സ്ഥിരമായ ജീവനാംശം നല്‍കണമോ വേണ്ടയോ എന്നത് ഓരോ കേസിന്റെയും സ്വഭാവവും സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുമെന്നുമാണ് കോടതി പറഞ്ഞത്.
ജസ്റ്റിസുമാരായ അഭയ് എസ്. ഒകെ, എ അമാനുല്ല, എ.ജെ. മാസിഹ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. 2024 ഓഗസ്റ്റില്‍ രണ്ടംഗ ബെഞ്ച് നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് കോടതി വിധി.
വിവാഹം അസാധുവാക്കണമെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യമായ കേസുകളില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഇടക്കാല ധനസഹായം നല്‍കാമെന്നും കോടതി പറഞ്ഞു. ഹിന്ദു വിവാഹനിയമത്തിലെ 24ാം വകുപ്പ് അടിസ്ഥാനമാക്കിയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അടുത്തിടെ വിധിന്യായത്തില്‍ ബോബൈ ഹൈക്കോടതി ഉപയോഗിച്ച വാക് പ്രയോഗത്തില്‍ കോടതി വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. വിവാഹ മോചനം നേടിയ സ്ത്രീയെ ‘ക്രമവിരുദ്ധമായ ഭാര്യ’ അല്ലെങ്കില്‍ ‘വിശ്വസ്തയായ ഭാര്യ’ എന്ന് പരാമര്‍ശിച്ചതിനെയാണ് കോടതി വിമര്‍ശിച്ചത്.
ഇത്തരം വാക്കുകളുടെ ഉപയോഗം സ്ത്രീവിരുദ്ധവും വളരെ അനുചിതവുമാണെന്നും കോടതി പറഞ്ഞു. വിവാഹം മോചനം ലഭിച്ച പുരുഷന്‍ ഇത്തരത്തിലുള്ള വിശേഷണങ്ങള്‍ നല്‍കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlight: Entitlement to alimony even in voidable marriage under Hindu law: Supreme Court