തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഭക്ഷണവും ചികിത്സയും ഉറപ്പാക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രാദേശിക തലത്തില്‍ കണ്‍ട്രോള്‍ റൂമും മെഡിക്കല്‍ ടീമും രൂപീകരിക്കണം. സ്വകാര്യ-സര്‍ക്കാര്‍ ഡോക്ടര്‍മാരെ അതത് തദ്ദേശ സ്ഥാപന പരിധിയിലെ മെഡിക്കല്‍ ടീമില്‍ ഉള്‍പ്പെടുത്താം.
എല്ലാം വേഗത്തിലാക്കാനായാല്‍ ഒരുപാടുപേരെ മരണത്തില്‍ നിന്ന് രക്ഷിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കും സംസ്ഥാനത്ത് ഭക്ഷണവും ചികിത്സയും കിട്ടാതാവരുത്. മരുന്നും അവശ്യ വസ്തുക്കളും വേണ്ടവര്‍ ഒട്ടേറെയുണ്ട്. അവര്‍ക്ക് അത് എത്തിച്ച് കൊടുക്കണം. പട്ടിണി കിടക്കാന്‍ വരുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണം.
ഏതെങ്കിലും യാചകര്‍ ചില പ്രദേശങ്ങളിലുണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണം. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം. പട്ടണങ്ങളിലും മറ്റും വീടുകളിലല്ലാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അത്തരം ആളുകള്‍ക്ക് ഭക്ഷണം ലഭിക്കുന്നുവെന്നുറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ ഹോട്ടല്‍ ഉള്ളിടത്ത് അതുവഴി ഭക്ഷണം നല്‍കാനാകും. ഇല്ലാത്ത സ്ഥലങ്ങളില്‍ സമൂഹ അടുക്കളകള്‍ ആരംഭിക്കണം. ആദിവാസി മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധ സേന രൂപീകരിക്കണം. മെഡിക്കല്‍, പാരാമെഡിക്കല്‍, സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കണം. വയോജനങ്ങള്‍ കേരളത്തില്‍ കൂടുതലാണ്. പലരും മറ്റ് രോഗങ്ങള്‍ ഉള്ളവരാണ് അശരണരും കിടപ്പ് രോഗികളുമുണ്ട്. ഇവരുടെ പട്ടിക വാര്‍ഡ് തല സമിതി നോക്കണം.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആരെയും അനുവദിക്കരുത്. പോസിറ്റീവായവരെ മറ്റുള്ളവരുടെ സുരക്ഷ കരുതി മാറ്റിപ്പാര്‍പ്പിക്കണം.
നിര്‍മ്മാണ തൊഴിലാളികള്‍ സൈറ്റില്‍ തന്നെ താമസിക്കണം. അല്ലെങ്കില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പ് മേല്‍നോട്ടം വഹിക്കും. ഭക്ഷണ പ്രശ്‌നം തദ്ദേശ സമിതികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക