എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കൊപ്പം സമരം ചെയ്ത ഇടതുപക്ഷ പാര്‍ട്ടികള്‍ അധികാരത്തില്‍ എത്തിയിട്ട് ഒന്നരവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും ദുരന്തബാധിതര്‍ അതിജീവനത്തിനായി സമരഭൂമിയില്‍ തന്നെയാണുള്ളത്. 2016 ജനുവരി 26 ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ അമ്മമാര്‍ കുഞ്ഞുങ്ങളെയും എടുത്ത് സെക്രട്ടേറിയറ്റിന് മുന്‍പില്‍ അനിശ്ചിതകാല പട്ടിണി സമരത്തിന് എത്തിയപ്പോള്‍ സര്‍ക്കാരിനോടും പൊതുസമൂഹത്തോടും ചോദിച്ചോരു ചോദ്യമുണ്ട് “ഞങ്ങള്‍ മരിച്ചാല്‍ ഈ കുഞ്ഞുങ്ങളെ എന്തു ചെയ്യണം” എന്ന്.
അന്ന് ആ ചോദ്യം എറ്റുവിളിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്ന് അതേ പാര്‍ട്ടികള്‍ ഭരിക്കുന്ന സര്‍ക്കാരിനെതിരെ അതേ ചോദ്യം ഉന്നയിച്ചുകൊണ്ട് അവകാശസമരത്തിന് ഒരുങ്ങുകയാണ് അമ്മമാരും കുഞ്ഞുങ്ങളും. ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച 5848 രോഗികളില്‍ ഒന്നും രണ്ടും ഗഡു ലഭിച്ച 2665 പേര്‍ക്ക് മൂന്നാം ഗഡു കൊടുക്കുക മാത്രമാണ് ചെയ്തത്.
മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള 3183 ദുരിതബാധിതര്‍ക്ക് ഒരു സഹായവും ഈ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. 610 പേര്‍ക്ക് ചികിത്സയടക്കം യാതൊരുവിധ അനുകൂല്യവും നാളിതുവരെ നല്‍കിയിട്ടുമില്ല. ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 2017 ഏപ്രില്‍ മാസത്തില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് മാത്രമാണ് നടത്തിയത്. ക്യാംപില്‍ നിന്ന് 287 പേരെ മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു . ഡോക്ടര്‍മാരുടെ പ്രാഥമികപരിശോധനയ്ക്ക് ശേഷം നാലായിരത്തോളം രോഗികളാണ് ഈ പ്രത്യേകമെഡിക്കല്‍ ക്യാമ്പിലെത്തിയത്.
ഫീല്‍ഡ് സര്‍വ്വെ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് 1905 പേരുടെ ലിസ്റ്റ് ഡെപ്യൂട്ടി കളക്ടര്‍ സെല്‍ യോഗത്തില്‍ അവതരിപ്പിച്ചുവെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് 287 പേരെ മാത്രമാണ് മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതിനു കാരണം തൊട്ട് മുന്‍പ് 2013 ല്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാംപില്‍ നിന്നും മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് 337 ദുരിത ബാധിതരെ ആയിരുന്നു. എന്‍ഡോസള്‍ഫാന്‍ വിഷത്തിന്റെ തോത് കുറയുന്നുണ്ടെന്ന് കാണിക്കേണ്ടത് സര്‍ക്കാരിന്റെയും മരുന്ന് കമ്പനിയുടെയും ആവശ്യമായിരുന്നു.
അതുകൊണ്ടാണവര്‍ 1905 പേരുടെ ലിസ്റ്റ് ഡെപ്യൂട്ടി കളക്ടര്‍ തയാറാക്കിയിട്ടും അത് അംഗീകരിക്കാതെ 287 പേരെ മാത്രം മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഡി. വൈ. എഫ്. ഐ. സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും 5 ലക്ഷം രൂപ മാസത്തിനുള്ളില്‍ നല്‍കണമെന്നും ജീവിതകാലം മുഴുവന്‍ സൗജന്യ ചികിത്സ നല്‍കണമെന്നും സുപ്രധാനവിധി പ്രസ്താവിക്കയുണ്ടായി. ഈ കോടതി വിധിയിലും സര്‍ക്കാര്‍ യാതൊരുവിധ നടപടിയും നാളിതുവരെ എടുത്തിട്ടില്ല.
സമരം ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും നടപ്പിലാക്കുന്നതിനുള്ള പരിഗണന പിണറായി സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന വസ്തുത തിരിച്ചറിയുമ്പോഴാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ സമരവേളയില്‍ നല്‍കിയ വാഗ്ദാനങ്ങളും പിന്തുണയും തെരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രമായിരുന്നെന്ന് തിരിച്ചറിയുന്നത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച അടിയന്തര സാമ്പത്തിക സഹായം മെഡിക്കല്‍ ലിസ്റ്റില്‍പ്പെട്ട 5837 ദുരിതബാധിതര്‍ക്കും എത്രയും പെട്ടെന്ന് നല്‍കും, ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാനാവശ്യമായ തുക ഒരാഴ്ചയ്ക്കുള്ളില്‍ ട്രെഷറിക്ക് നല്‍കും, സൗജന്യമായി മരുന്നും ചികിത്സയും ജില്ലാശുപത്രിയില്‍ ഒരു ന്യുറോളജിസ്റ്റിന്റെ സേവനം ഏര്‍പ്പെടുത്തും, മെഡിക്കല്‍ കോളേജ്ജ് നിര്‍മ്മാണം സമയബന്ധിതമായി തീര്‍ക്കും, ദുരിതബാധിതരെ കണ്ടെത്തുന്നതിനു പ്രത്യേക മെഡിക്കല്‍ ക്യാമ്പ് അഞ്ചു ദിവസങ്ങളിലായി അഞ്ചു സ്ഥലങ്ങളില്‍ നടത്തും, ലിസ്റ്റില്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കും, ദുരിത ബാധിതരെ മുഴുവന്‍ ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സഹായങ്ങള്‍ നല്‍കും തുടങ്ങിയ ആവശ്യങ്ങള്‍ ആടിയന്തരമായി നടപ്പിലാക്കുമെന്ന് 2016 ഫെബ്രുവരി 3 ന് നല്‍കിയ കരാറില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
മാത്രമല്ല എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും പുനരധിവാസത്തിനായി “റീഹാബിലിറ്റേഷന്‍ വില്ലേജ്” നിര്‍മ്മിച്ചുകൊണ്ട് ശാസ്ത്രീയമായി പുനരധിവാസം നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ചര്‍ച്ചകള്‍ക്ക് ഒപ്പമുണ്ടായിരുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ ഇന്ന് അധികാരത്തിലാണ്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്ന് പ്രാവശ്യമാണ് സമരസമിതി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചത്. ധനമന്ത്രി തോമസ് ഐസക്, കൃഷി മന്ത്രി വി. എസ്. സുനില്‍ കുമാര്‍, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങിയവരെയെല്ലാം കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
സമരം ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും നടപ്പിലാക്കുന്നതിനുള്ള പരിഗണന പിണറായി സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന വസ്തുത തിരിച്ചറിയുമ്പോഴാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ സമരവേളയില്‍ നല്‍കിയ വാഗ്ദാനങ്ങളും പിന്തുണയും തെരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രമായിരുന്നെന്ന് തിരിച്ചറിയുന്നത്. മാത്രമല്ല ദുരിത ബാധിതരുടെ ചികിത്സക്കായി ഉണ്ടായിരുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുക വഴി സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.
മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പോലെ ദുരിത ബാധിതരുടെ മരുന്ന് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് 10 കോടി രൂപ കഴിഞ്ഞ രണ്ട് ബഡ്ജറ്റിലും വകയിരുത്തുക മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്. ദുരിത ബാധിതരുടെ ജപ്തികടം വീട്ടാന്‍ പോലും ഈ തുക മതിയാകില്ല. ജപ്തിയില്‍ നിന്ന് “രക്ഷപെടാന്‍” ദുരിത ബാധിതര്‍ ആത്മഹത്യ ചെയ്യുമ്പോഴും സര്‍ക്കാര്‍ നിശബ്ദമാണ്.
എന്‍ഡോസള്‍ഫാന്‍ സമരത്തിന് രണ്ട് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. മാറി മാറി വന്ന സര്‍ക്കാരുകള്‍ ദുരന്തബാധിതരെ അവഗണിച്ചപ്പോള്‍ നിരന്തരം സമരങ്ങളിലൂടെ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുകയാണ് അവര്‍ ചെയ്തത്. 2004 ല്‍ വി എസ് അച്യുതാനന്ദന്‍ എന്‍ഡോസള്‍ഫാന്‍ വിഷം ദുരന്തം വിതച്ച കാസര്‍ഗോഡ് ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് സമരത്തില്‍ പങ്കാളിയാകുന്നതോടുകൂടിയാണ് ഇടത് പാര്‍ട്ടികള്‍ എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ സജീവമാകുന്നത്.
2000 ല്‍ ലീലാകുമാരിയമ്മ നല്‍കിയ കേസിലൂടെ 2002 ആഗസ്റ്റ് 12 ന് കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ താത്കാലികമായി നിരോധിച്ചെങ്കിലും രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് 2011 മെയ് 23 ന് ഡി.വൈ.എഫ്.ഐ. നല്‍കിയ ഹര്‍ജിയിലൂടെയാണ്. 2011 ഏപ്രില്‍ 29 ന് സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവയില്‍ സ്റ്റോക്ഹോം കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് വി.എസ് തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തില്‍ സത്യാഗ്രഹം കിടക്കുകയായിരുന്നു.
ഓരോ സമരങ്ങള്‍ക്ക് ശേഷവും നല്‍കപ്പെട്ട കരാറുകള്‍ സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു. ഒടുവില്‍ അന്തിമസമരത്തിന് ദുരിത ബാധിതരായ അമ്മമാര്‍ ഒന്ന് തിരിഞ്ഞു കിടന്നാല്‍ പോലും എല്ലുപൊടിയുന്ന കുഞ്ഞുങ്ങളെയുമെടുത്ത് 2016 ജനുവരി 26ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല പട്ടിണി സമരം ആരംഭിക്കുന്നത്. സി.പി. ഐ.എമ്മും സി.പി.ഐയും അവരുടെ യുവജനസംഘടനകളും ബഹുജന സംഘടനകളും സമരത്തില്‍ സജീവ പങ്കാളികളായിരുന്നു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെകട്ടറി കാനം രാജേന്ദ്രനും സമരപ്പന്തിലെത്തി എല്ലാവിധ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തു. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ നവകേരള മാര്‍ച്ച് തുടങ്ങുന്നത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയായ നെഞ്ചപറമ്പനില്‍ അമ്മമാരെയും കുഞ്ഞുങ്ങളെയും കണ്ടുകൊണ്ടാണ്. “ഇരകള്‍”ക്കൊപ്പം സമരം ചെയ്ത ഇടത് പാര്‍ട്ടികള്‍ അധികാരത്തില്‍ എത്തുമ്പോള്‍ വേട്ടക്കാരനായി മാറുന്നത് ജനാധിപത്യ വിരുദ്ധവും രാഷ്ട്രീയ അധാര്‍മ്മികതയുമാണ്.
അനന്തമായി നീളുന്ന “അടിയന്തര” സഹായം
എന്‍ഡോസള്‍ഫാന്‍ വിഷ നിരോധത്തിന് കളമൊരുക്കിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2010 ഡിസംബര്‍ 31ന് ആയിരുന്നു കാസര്‍ഗോഡിന്റെ ദുരന്ത ഭൂമികയില്‍ എത്തിയത്, ദുരിതങ്ങളുടെ ആഴങ്ങള്‍ അറിയാന്‍. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ നൂറുകണക്കിന് അമ്മമാരെയും കുഞ്ഞുങ്ങളെയും നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെട്ട ദേശീയ മനുഷ്യാവകകാശ കമ്മീഷന്‍ എന്‍ഡോസള്‍ഫാന്‍ മൂലം മരണപ്പെട്ട കുടുംബത്തിന് 5 ലക്ഷം രൂപ, കിടപ്പിലായവര്‍ക്കും പരസഹായം കൂടാതെ ചലിക്കാന്‍ കഴിയാത്തവര്‍ക്കും 5ലക്ഷം, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് 5 ലക്ഷം, പട്ടികയില്‍പെട്ട ബാക്കിയുള്ളവര്‍ക്ക് 3ലക്ഷം എന്നിങ്ങനെ അടിയന്തിര സഹായം നല്‍കുക.
എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശങ്ങളില്‍ പലക്കാട് ജില്ലയിലുള്‍പ്പെടെ വിദഗ്ധ സര്‍വ്വേ നടത്തുക, ആവശ്യമായി ചികിത്സാ സംവിധാനവും പുനരധിവാസവും നടപ്പിലാക്കുക, ഗുരുതരമായി ബാധിച്ച പഞ്ചായത്തുകളില്‍ പി.എച്ച്.സികളെ സി.എച്ച്.സികളാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കേരള സര്‍ക്കാറിന് നല്‍കി.
എട്ടാഴ്ചക്കക്കകം ഈ അടിയന്തിര സഹായം നല്‍കണമെന്നും ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉന്നത അധികാര സമിതിയെ നിയോഗിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ നല്‍കി. സര്‍ക്കാര്‍ ഇതില്‍ പ്രതികരണം അറിയിക്കണമെന്നും ദേശീയ കമ്മീഷന്‍ അവസാന വരിയില്‍ എഴുതിച്ചേര്‍ത്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
2000 ല്‍ ലീലാകുമാരിയമ്മ നല്‍കിയ കേസിലൂടെ 2002 ആഗസ്റ്റ് 12 ന് കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ താത്കാലികമായി നിരോധിച്ചെങ്കിലും രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് 2011 മെയ് 23 ന് ഡി.വൈ.എഫ്.ഐ. നല്‍കിയ ഹര്‍ജിയിലൂടെയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കണ്ടെത്താന്‍ 2010 മുതല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്ന് 5837 ദുരിതബാധിതരെയാണ് ഔദ്യോഗികമായി മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 2010 ല്‍ 27 പഞ്ചായത്തുകളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് 4182 പേരെയും, 2011 ല്‍ 11 പഞ്ചായത്തുകളില്‍ നിന്ന് 1318 പേരെയും, 2013 ല്‍ 337 പേരെയുമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥിതി ചെയ്യുന്ന 11 പഞ്ചായത്തുകളിലെ രോഗികളെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ മാനദണ്ഡം കൊണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയ ആയിരക്കണക്കിന് രോഗികള്‍ ഇപ്പോഴും 27 പഞ്ചായത്തുകളിലായി ഉണ്ട്.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കശുമാവിന്‍ തോട്ടം നിലനില്‍ക്കുന്ന 11 പഞ്ചായത്തുകളിലാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചതെങ്കിലും ജലത്തിലൂടെയും വായുവിലൂടയും 40 കിലോമീറ്റര്‍ വരെ വ്യാപിക്കാന്‍ കഴിയുമെന്ന് വിവിധ പഠനങ്ങള്‍ തെളിക്കുകയും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷനല്‍ ഹെല്‍ത്ത് (എന്‍.ഐ.ഒ.എച്ച്), ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ബയോകെമിസ്ട്രി വിഭാഗം പ്രാഫ. സതീഷ് രാഘവന്റെ നേതൃത്വത്തില്‍ നടന്ന പഠനവും എന്‍ഡോസള്‍ഫാന്‍മൂലം ജനിതകവൈകല്യങ്ങളും നാഡീസംബന്ധമായ വൈകല്യങ്ങളും പ്രത്യുല്‍പാദന തകരാറും സംഭവിച്ചതായി ആധികാരിക പഠനം പുറത്തിറക്കി.
ലീലകുമാരിയമ്മ
നിരവധി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ 27 പഞ്ചായത്തുകളിലായി കണ്ടെത്തിയിട്ടും അവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2013 ആഗസ്റ്റില്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ പന്ത്രണ്ടായിരത്തോളം ദുരിത ബാധിതരാണ് പങ്കെടുത്തത്.പ്രാഥമിക സ്‌ക്രീനിംഗിന് ശേഷം 5800 പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ കശുമാവിന്‍ തോട്ടം നിലനില്‍ക്കുന്ന 11 പഞ്ചായത്തുകളിലെ ദുരിത ബാധിതരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തു എന്ന നിബന്ധന മൂലം 337 പേര്‍ മാത്രമാണ് അന്തിമലിസ്റ്റില്‍ ഉള്‍പ്പെട്ടത്.
മരണപ്പെട്ടവര്‍, പൂര്‍ണ്ണമായും കിടപ്പിലായവര്‍, പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് 5 ലക്ഷം രൂപയും ബാക്കിയുള്ളവര്‍ക്ക് 3 ലക്ഷം രൂപയും നല്‍കണമെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശച്ചിരുന്നത്. 2010 ഡിസംബര്‍ 31ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എട്ട് ആഴ്ചകൊണ്ട് കൊടുത്തു തീര്‍ക്കണമെന്ന് പറഞ്ഞ അടിയന്തിര സഹായം 2017 ജൂലൈ വരെയും നടപ്പിലാക്കി കഴിഞ്ഞിട്ടില്ല.
മരണപ്പെട്ടിവരില്‍ പോലും ഒന്നാം ഗഡു ലഭിച്ചത് 959 പേര്‍ക്കും രണ്ടാംഗഡു ലഭിച്ചത് 647 പേര്‍ക്കും മാത്രമാണ്. ഈ വസ്തുതകളെല്ലാം പിണറായി സര്‍ക്കാറിനും ധനമന്ത്രി ഡോ.തോമസ് ഐസക്കിനും എല്‍.ഡി.എഫിനും പൂര്‍ണ്ണ ബോധ്യമുള്ള വിഷയങ്ങളാണ്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ തുടര്‍ന്നു കൊണ്ടിരുന്നു. ഇതേതുടര്‍ന്നാണ് അമ്മമാരുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്ത് സമരം ആരംഭിച്ചത്. 125 ദിവസം നീണ്ടുനിന്ന സമരത്തിനിടയില്‍ പലതവണ മുഖ്യമന്ത്രി കാസര്‍കോടെത്തി.
ദുരിതബാധിതര്‍ക്ക് വേണ്ടി നടത്തിയ “കോണ്‍കോഡ് 12” പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പ്രതീക്ഷയോടെ കാത്തിരുന്ന നൂറുകണക്കിന് അമ്മമാരുടെ മുമ്പിലൂടെ കാറോടിച്ച് പോവുകയാണ് ചെയ്തത്. സമരത്തിന്റെ അവസാന നാളുകളില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ദുരിതബാധിതരായ അമ്മമാര്‍ എത്തിയെങ്കിലും ചര്‍ച്ചക്കിടയില്‍ മുഖ്യമന്ത്രി എണീറ്റുപോയി.
അവിടെ കുത്തിയിരുന്ന അമ്മമാരെ പൊലീസെത്തി നീക്കി. ഇതേതുടര്‍ന്ന് 2012 ആഗസ്ത് 25ന് കാസര്‍കോട് എം.പി അടക്കമുള്ള ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശകളടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചു എന്നറിഞ്ഞതിനെതുടര്‍ന്നാണ് സമരം തല്‍ക്കാലം പിന്‍വലിച്ചത്.
ഇത് ഒന്നും തന്നെ സര്‍ക്കാരും ഉദ്യോഗസ്ഥരും നടപ്പിലാക്കാക്കിയില്ല. തുടര്‍ന്നാണ് അമ്മമാരും കുഞ്ഞുങ്ങളും 2014 ലും 2016 ലും അനിശ്ചിതകാല സമരവുമായി തലസ്ഥാനത്ത് എത്തുന്നത്. 2017 ജനുവരി 10 നു ദുരിത ബാധിതര്‍ക്ക് മൂന്നുമാസത്തിനകം അടിയന്തിര സഹായങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരിന്നു.
കീടനാശിനി കമ്പനികളില്‍നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരത്തിനുള്ള വിഹിതം സംസ്ഥാനസര്‍ക്കാരിന് ഈടാക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ ഉത്തരവിട്ടു. ഒന്നും നടപ്പിലായില്ല എന്ന് മാത്രമല്ല ദുരിത ബാധിത ലിസ്റ്റില്‍പ്പെട്ട 3019 പേര്‍ക്ക് ഒരു രൂപ പോലും സഹായമായി ഇതുവരെ ലഭിച്ചിട്ടുമില്ല എന്നതാണ് ക്രൂരമായ യാഥാര്‍ത്ഥ്യം.
എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ലിസ്റ്റില്‍പെട്ട 5837 രോഗികളുടെ 2014 ജനുവരി 28 വരെയുള്ള കടം 25 കോടി രൂപയാണ്. ഇതില്‍ ജപ്തി ഭീഷണി നേരിടുന്ന 2011 വരെയുള്ള കടം 10.90 കോടി രൂപയുമാണ്.
ഈ കടം എഴുതിത്തള്ളുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും 50000 രൂപയ്ക്ക് താഴെ ലോണ്‍ ഉണ്ടായിരുന്നവരുടെ കടം എഴുതിത്തള്ളാന്‍ 1.5 കോടി രൂപ മാത്രമാണ് നല്‍കിയത്. സര്‍ക്കാര്‍ കടങ്ങള്‍ക്ക് മോറിറ്റോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടികള്‍ സ്വീകരിക്കാത്തത് മൂലം ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുകയാണ്.
മരുന്നിനു ഭക്ഷണത്തിനും വകയില്ലാതെ ബേളൂരില്‍ വീട്ടമ്മ രാജി വി. തൂങ്ങി മരിച്ചതും, ദുരിത ബാധിതരായ രണ്ട് മക്കളുടെ പിതാവായ ജഗന്നാഥ പൂചാരി ചികില്‍ത്സക്കായി എടുത്ത തുക തിരച്ചടക്കാന്‍ കഴിയാത്തതുകൊണ്ട് ജപ്തി ഭീഷണിയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്തതും നാം മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്.
ബെള്ളൂര്‍ കാപ്പിക്കടവിലെ എല്യണ്ണയെയും, എന്‍മകജെ ഷേണിയിലെ വാസുദേവ നായ്കിന്റെയും, ബെള്ളൂര്‍ കല്‍ക്കയിലെ പാര്‍വതിയും മകന്‍ ദിനേശനും അടങ്ങുന്ന നാലംഗ കുടുംബമുള്‍പ്പടെ നിരവധി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബങ്ങള്‍ ചികിത്സക്കെടുത്ത തുക തിരിച്ചടക്കാന്‍ കഴിയാതെ ഇന്ന് ജപ്തി ഭീഷണയിലാണ്.
മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പോലെ ദുരിത ബാധിതരുടെ മരുന്ന് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് 10 കോടി രൂപ കഴിഞ്ഞ രണ്ട് ബഡ്ജറ്റിലും വകയിരുത്തുക മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്. ദുരിത ബാധിതരുടെ ജപ്തികടം വീട്ടാന്‍ പോലും ഈ തുക മതിയാകില്ല. ജപ്തിയില്‍ നിന്ന് “രക്ഷപെടാന്‍” ദുരിത ബാധിതര്‍ ആത്മഹത്യ ചെയ്യുമ്പോഴും സര്‍ക്കാര്‍ നിശബ്ദമാണ്.
ഭരണകൂടം ബോധപൂര്‍വ്വം ചെയ്യുന്ന ഈ കൊലപാതകങ്ങള്‍ക്ക് ആരെയാണ് വിചാരണ ചെയ്യേണ്ടത് ? ബാങ്കുകള്‍ ജപ്തി നടപടിക്കുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടും ഒരാളുടെയും കടം എഴുതിത്തള്ളിയിട്ടില്ല.
വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ഉറപ്പും ലംഘിക്കപ്പെട്ടു. പുനരധിവാസം ചര്‍ച്ചകള്‍ മാത്രമായി. ട്രിബ്യൂണലിനെക്കുറിച്ചുള്ള യാതൊരു സൂചനയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഭീഷണിയുയര്‍ത്തി എന്‍ഡോസള്‍ഫാന്‍ ഗോഡൗണുകളില്‍ത്തന്നെ കിടക്കുകയാണ്.
നെഞ്ചംപറമ്പ് ദുരന്തങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴും എന്‍ഡോസള്‍ഫാന്‍ കിണറുകളില്‍തന്നെ കിടക്കുന്നു. സൗജന്യ മരുന്നുവിതരണം എന്നേ നിലച്ചു. വിദഗ്ധ ചികിത്സ അപ്രാപ്യമായി തുടരുന്നു. 200രൂപ പെന്‍ഷന്‍ കൂട്ടിയപ്പോള്‍ വികലാംഗ പെന്‍ഷന്‍ കിട്ടിക്കൊണ്ടിരിക്കുന്ന തുകയില്‍നിന്ന് കുറച്ചു.
ചോദ്യ ചിഹ്നമാകുന്ന ട്രൈബ്യൂണലും പുനരധിവാസവും
ഭോപ്പാലിന് സമാനമായ വിഷദുരന്തമാണ് എന്‍ഡോസള്‍ഫാന്‍ കാസര്‍ഗോഡ് ഗ്രാമങ്ങളില്‍ വിതച്ചത്. ഭരണകൂടം നടത്തിയ രാസായുധ പ്രയോഗത്തിന്റെ ദുരന്ത പേറേണ്ടിവന്നരില്‍ ഭൂരിഭാഗവും ഗ്രാമീണരായ സാധാരണ ജനങ്ങളായിരുന്നു.
ഔദ്യോഗിക കണക്കനുസരിച്ച് 959 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം കാരണം കൊല്ലപ്പെട്ടത്. യഥാര്‍ത്ഥ കണക്ക് എത്രയെന്ന് ആര്‍ക്കറിയാം. പതിനായിരക്കണക്കിന് കുഞ്ഞുങ്ങളും അമ്മമ്മാരുമാണ് ഈ രാസായുധ പ്രയോഗത്തിലൂടെ ജീവിതം നരകതുല്യമായത്.
സര്‍ക്കാരിന്റെ വികസന മാതൃകയുടെ ഇരകളാണ് ഈ കുഞ്ഞുങ്ങളും അമ്മമാരും. കേരളത്തിന്റെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുന്നതിനോ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനോല്ല കാസര്‍ഗോഡ് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ വരുന്ന 12000 ഏക്കറില്‍ കശുമാവിന്‍ തോട്ടങ്ങള്‍ സ്ഥാപിച്ചതും എന്‍ഡോസള്‍ഫാന്‍ വിഷം താളിച്ചതും.
മറിച്ച് സര്‍ക്കാരിന്റെ മൂലധന താല്പര്യവും വിദേശ നാണ്യങ്ങള്‍ നേടിയെടുക്കുന്നതിനുമായിരുന്നു. അതിന് ഇരകളാകേണ്ടി വന്നത് നിരാലംബരായ ആയിരക്കണക്കിന് സാധാരണ കുടുംബങ്ങളും.
അമേരിക്കയും, യൂറോപ്പ്യന്‍ യൂണിയനും വികസിത രാജ്യങ്ങളും നിരോധിച്ച എന്‍ഡോസള്‍ഫാന്‍ കാസര്‍ഗോഡ് ഗ്രാമീണ ജനതയുടെ ജീവനുമേല്‍ തളിച്ചത് സര്‍ക്കാരിന്റെ ബോധപൂര്‍വമായ വംശഹത്യയല്ലാതെ മറ്റെന്താണ് ? അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞു നില്‍ക്കുവാന്‍ കഴിയുമോ ?
ഭോപാല്‍ ദുരന്തം
ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കുവാനാണ് 2013 ല്‍ ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മറ്റിയെ നിയോഗിക്കുന്നത്. തീരാദുരിതം അനുഭവിച്ചുകൊണ്ടിരുന്ന ദുരിത ബാധിതര്‍ വളരെ പ്രതീക്ഷയോടെയാണ് ഇതിനെ കണ്ടത്.
2013 ജൂലൈ 19 ന് ദുരിത ബാധിത മേഖല സന്ദര്‍ശിക്കാന്‍ കാസര്‍കോഡ് എത്തിയ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ “പെസ്റ്റിസൈഡ് അടിക്കുമ്പോള്‍ ഇങ്ങനെയൊരു അപകടസാധ്യതയുണ്ടെങ്കില്‍ അവര്‍ക്ക് അവിടെനിന്ന് മാറിനിന്നാല്‍ മതിയായിരുന്നല്ലോ” എന്ന ക്രൂരമായ ചോദ്യമാണ് നീതി പ്രതീക്ഷിച്ച് നിന്ന ജനതയോട് ചോദിച്ചത്.
11 പഞ്ചായത്തിലുള്ള “രോഗികള്‍ക്ക്” മാത്രം സഹായം നല്‍കിയാല്‍ മതി എന്നുള്ള നിര്‍ദ്ദേശങ്ങളുള്‍പ്പടെ കൊണ്ടുവരുന്നത് രാമചന്ദ്രന്‍ നായര്‍ കമ്മറ്റി റിപ്പോര്‍ട്ടിലാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത സാമ്പത്തിക സഹായം നഷ്ടപരിഹാരമെന്ന നിലയില്‍ കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ഭരണകൂടം ബോധപൂര്‍വ്വം ചെയ്യുന്ന ഈ കൊലപാതകങ്ങള്‍ക്ക് ആരെയാണ് വിചാരണ ചെയ്യേണ്ടത് ? ബാങ്കുകള്‍ ജപ്തി നടപടിക്കുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടും ഒരാളുടെയും കടം എഴുതിത്തള്ളിയിട്ടില്ല.
ഒടുവില്‍ ഈ റിപ്പോര്‍ട്ട് തള്ളണമെന്നു ആവശ്യപ്പെട്ടുകൊണ്ടും എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ക്ക് സമരം ചെയ്യേണ്ടി വന്നു എന്നതാണ് അവരുടെ ഗതികേട്. ജനതയുടെ ജീവിതം തകര്‍ത്തെറിഞ്ഞവരെ നിയമപരമായി ശിക്ഷിക്കുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നത് സമരസമിതിയും പൊതുസമൂഹവും കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. പക്ഷെ ഇതിനോട് നിഷേധാത്മകമായ നിലപാടാണ് സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
സാമ്പത്തിക സഹായംകൊണ്ടോ അഞ്ചോ പത്തോ വര്‍ഷത്തെ ചികിത്സകൊണ്ടോ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെത്. എന്‍മകജെ പഞ്ചായത്തില്‍ 40 വയസ്സുള്ള ശീലാബതി എന്ന് പേരുള്ള സ്ത്രീയുണ്ട്.
കഴിഞ്ഞ 30 വര്‍ഷമായി ഒന്നനങ്ങുവാന്‍ പോലും കഴിയാതെ ഒരേ കിടപ്പില്‍ കഴിയുന്ന അവര്‍ക്ക് പ്രായമായ ഒരു അമ്മ മാത്രമാണ് ഉള്ളത്. ഈ വൃദ്ധമാതാവ് അന്നന്നത്തെ അന്നത്തിനായി പുറത്തുപോകുമ്പോള്‍ ശീലാബതിക്ക് കൂട്ടായി ഒരു പൂച്ചയെ വാതിലില്‍ കെട്ടിയിടാറാണ് പതിവ്.
രാത്രിയും പകലും ഉറങ്ങാതെ അലറുന്ന നന്ദനക്ക് കാവല്‍ ഇരിക്കുന്ന ചന്ദ്രാവതി എന്ന അമ്മ, ഇങ്ങനെ കൈയ്യും മെയ്യും തലച്ചോറും വളരാത്ത, അമ്മയെന്ന് വിളിക്കാത്ത നൂറുകണക്കിന് കുഞ്ഞുങ്ങള്‍ ഇപ്പോഴും കാസര്‍കോഡ് ഉണ്ട്. ഇവര്‍ക്ക് ചികിത്സ നടത്തുന്നതിനുള്ള ആശുപത്രി താമസയോഗ്യമായ കെട്ടിടങ്ങള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പരിചരണം, വിദ്യാഭ്യാസ സ്ഥാപനം, കൃഷി, ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഒരു “”മാതൃകാഗ്രാമം”” സൃഷ്ടിച്ച് ശാസ്ത്രീയമായി പുനരധിവസിപ്പിക്കുന്നതിലൂടെ മാത്രമെ ദുരിതബാധിതര്‍ നേരിടുന്ന ഈ ദുരിതത്തിന് ശ്വാശ്വത പരിഹാരം കാണാന്‍ കഴിയൂ.
വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പുനരധിവാസത്തിനുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വന്നെങ്കിലും ഒരു പ്രൊപ്പോസല്‍ വരുന്നത് 2015 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. കാസര്‍കോട് ടൗണില്‍ നിന്ന് 13 കിലോമീറ്റര്‍ മാറി മുളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറയില്‍ 25 ഏക്കര്‍ സ്ഥലത്താണ് “പുനരധിവാസ വില്ലേജ്” വിഭാവനം ചെയ്യപ്പെട്ടത്. പ്ലാന്റേഷന്‍ കോര്‍പറേഷനു കീഴില്‍ 12000 ഏക്കര്‍ വരുന്ന സഥലത്ത് വാസയോഗ്യമായതും ജലലഭ്യതയും കാര്‍ഷിക യോഗ്യവുമായ നിരവധി സ്ഥലങ്ങള്‍ ഉള്ളപ്പോഴാണ് മുതലപ്പാറയിലെ മൊട്ടക്കുന്ന് പുനരധിവാസത്തിനായി തെരഞ്ഞെടുത്തത്.
ജലദൗര്‍ഭല്യമുള്ള ഇവിടെ 3 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രഗിരി പുഴയില്‍ നിന്ന് ജലമെത്തിക്കാന്‍ കഴിയുമെന്നാണ് പദ്ധതി രേഖയില്‍ പറയുന്നത് ! ദുരിതബാധിതര്‍ക്കും കുടുംബത്തിനും താമസം,ജൈവ കൃഷി, ജീവനോപാധിയായി ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും കുറഞ്ഞത് 100 ഏക്കര്‍ ഭൂമിയെങ്കിലും ശാസ്ത്രീയമായ പുനരധിവാസത്തിന് അനുവദിക്കണമെന്നമെന്ന ആവശ്യത്തെ നിഷേധിച്ചുകൊണ്ടാണ് മുതലപ്പാറയില്‍ 25 ഏക്കര്‍ അനുവദിച്ചത്.
തുടക്കത്തില്‍ 100 കുടംബങ്ങളെയെങ്കിലും പുനരധിവസിപ്പിക്കാന്‍ കഴിയുന്ന പാര്‍പ്പിട സമുച്ചയം, വിദ്ധഗ്ദ ചികില്‍സ ലഭിക്കുന്ന ആശുപത്രി, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കു വേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജൈവകൃഷി, സാംസ്‌കാരിക – വിനോദ കേന്ദ്രങ്ങള്‍, ചെറുകിട ഉല്‍പ്പാദന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു “മാതൃകാ ഗ്രാമ “മാണ് പുനരധിവാസത്തിനു വേണ്ടതെന്ന ദുരിത ബാധിതരുടെ ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
എഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുഞ്ഞുങ്ങളുടെ പഠനത്തിനായി നിര്‍മ്മിച്ച ഏഴ് ബഡ്സ് സ്‌കൂളുകളില്‍ മഹാത്മ ബഡ്‌സ് സ്‌കൂളൊഴിച്ച് ആറു സ്‌കൂളുകളുടെയും അവസ്ഥ ശോചനീയമാണ്. ബഡ്സ് സ്‌കൂളുകളുടെ നിര്‍മ്മാണത്തിനായി 2012 ല്‍ നബാഡ് ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും പല സ്‌കൂളുകളുടെയും നിര്‍മ്മാണം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയുടെ അടിസ്ഥാന വികസനങ്ങള്‍ക്ക് നബാര്‍ഡ് 2012 ല്‍ 200 കോടി രൂപ “ഗ്രാമീണ പശ്ചാത്തല സൗകര്യ വികസന ഫണ്ട്” (ആര്‍.ഐ.ഡി.എഫ്.) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
2017 ജൂണ്‍ ആയിരുന്നു പദ്ധതിയുടെ അവസാന കാലാവധി. ഭരണകൂടത്തിന്റെ അനാസ്ഥകൊണ്ടും നിരുത്തരവാദപരമായ സമീപനം കൊണ്ടും കാഞ്ഞങ്ങാട് ജില്ല ആശുപത്രി കെട്ടിടമടക്കമുള്ള പതിനേഴോളം പദ്ധതികളാണ് കാലാവധിക്കുള്ളില്‍ തീര്‍ക്കാത്തതുകൊണ്ട് പദ്ധതിയില്‍ നിന്ന് നീക്കം ചെയ്തത്.
ദുരിതബാധിതരുടെ എ.പി. എല്‍. കാര്‍ഡ് ബി.പി.എല്‍ കാര്‍ഡാക്കി മാറ്റുമെന്ന് 2013 ല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രഖ്യാപിച്ചിരുന്നു. അതും ഇതുവരെയും നടപ്പിലാക്കപ്പെട്ടിട്ടില്ല. തന്മൂലം നിരവധി ദുരിത ബാധിത കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ നല്‍കുന്ന സഹായം നിഷേധിക്കപ്പെടുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ അവകാശങ്ങള്‍ ഭരണകൂടങ്ങള്‍ നിരന്തരം ഇല്ലാതാക്കുമ്പോള്‍, സര്‍ക്കാര്‍ നല്‍കിയ കരാറുകള്‍ അട്ടിമറിക്കുമ്പോള്‍ അതിജീവനത്തിന്റെ പോരാട്ടങ്ങളല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതുകൊണ്ട് വീണ്ടും അവര്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരത്തിനു തയാറെടുക്കുകയാണ്.
ഭോപാലിനു സമാനമായ ഒരു വിഷ ദുരന്തത്തെ മൂലധനശക്തികളുടെ ഇഷ്ടത്തിനായി തമസ്‌കരിക്കാനുള്ള സമീപനമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വരുന്ന സാമ്പത്തികാവശ്യം സര്‍ക്കാറിനുള്ള ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ നാളിതുവരെ തയാറായിട്ടില്ല. അതുകൊണ്ട് തന്നെയാണ് പ്രഖ്യാപനങ്ങള്‍ അതില്‍ മാത്രമൊതുങ്ങുന്നത്. ഭരണ സംവിധാനങ്ങളുടെ താല്‍പര്യമില്ലായ്മ തന്നെയാണ് ഇത് കാണിക്കുന്നത്.
അമേരിക്കയും, യൂറോപ്പ്യന്‍ യൂണിയനും വികസിത രാജ്യങ്ങളും നിരോധിച്ച എന്‍ഡോസള്‍ഫാന്‍ കാസര്‍ഗോഡ് ഗ്രാമീണ ജനതയുടെ ജീവനുമേല്‍ തളിച്ചത് സര്‍ക്കാരിന്റെ ബോധപൂര്‍വമായ വംശഹത്യയല്ലാതെ മറ്റെന്താണ് ? അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞു നില്‍ക്കുവാന്‍ കഴിയുമോ?
ഭരണകൂടങ്ങള്‍ അറിഞ്ഞുകൊണ്ടുണ്ടാക്കിയ ഒരു പാതകത്തിന് പരിഹാരം കാണേണ്ടത് അവര്‍ തന്നെയാണ്. അവരത് ചെയ്യുന്നില്ലെങ്കില്‍ അതിന് നിര്‍ബന്ധിക്കേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയാണ്. പിറന്നുവീണ കുഞ്ഞിന്റെ മുഖത്തുനോക്കി ഇനി ഞാന്‍ പ്രസവിക്കില്ല എന്ന് ഒരമ്മ ആണയിട്ട് പറയണമെങ്കില്‍ അവരുടെ ഉള്ളില്‍ എന്തായിരിക്കണം?
നെഞ്ചില്‍ ആര്‍ത്തലക്കുന്ന വേദനയുടെയും നൈരാശ്യത്തിന്റെയും ഒരായിരം കടലുകള്‍ ആ വാക്കുകളിലൂടെ പുറത്തുവന്നുവെന്ന് പറഞ്ഞാല്‍ പോലും അത് അധികമാവില്ല. എന്‍ഡോസള്‍ഫാന്‍ വിഷമഴയായി പെയ്തിറങ്ങിയ ആ നാളുകളില്‍ ഈ അമ്മമാര്‍ കരുതിയിരുന്നില്ല തങ്ങളുടെ ഗര്‍ഭാഷങ്ങളെ പോലും ആ കാളകൂടം കടന്നാക്രമിക്കുമെന്ന്. തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് ജീവിതം തകര്‍ന്നടിഞ്ഞുപോയ മനുഷ്യരാണിവര്‍.
സര്‍ക്കാരിന്റെ ബോധപൂര്‍വമായ വംശഹത്യയ്ക്ക് പാത്രമാകേണ്ടിവന്നവര്‍. പ്രാഥമികമായ ആവശ്യങ്ങള്‍ക്കുപോലും നിരന്തരം ഭരണകൂടങ്ങളോട് കലഹിക്കേണ്ടി വരുന്ന ദുരവസ്ഥ ഒരുപക്ഷെ, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടേത് മാത്രമായിരിക്കും. എത്രയെത്ര പ്രക്ഷോഭങ്ങള്‍, പ്രതിഷേധങ്ങള്‍,നിവേദനങ്ങള്‍… ഓരോ തവണയും കൈനിറയെ ഉറപ്പുകളുമായിട്ടാണ് തിരിച്ചുപോകാറ്.
കരാറുകള്‍ ലംഘിക്കാനുള്ളതാണെന്ന് എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ക്ക് അറിയുമായിരുന്നില്ല. എന്നാലിന്ന് സ്വന്തം അവകാശങ്ങളെ തിരിച്ചറിയാനുള്ള ആര്‍ജ്ജവം അവര്‍ക്ക് കൈവരിച്ചിരിക്കുന്നു.
മക്കളെയുമെടുത്ത് അമ്മമാര്‍ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മെച്ചപ്പെട്ട ഒരു ജീവിതമെന്നത് അവര്‍ക്കു മുന്നിലില്ല. എന്നിട്ടും തങ്ങള്‍ അനുഭവിക്കേണ്ടിവന്ന തീരാവേദനകള്‍ ഇനിയൊരമ്മക്കും ഉണ്ടാവരുതെന്നുള്ളതിനാല്‍ അവര്‍ പോര്‍മുഖത്തേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു.
നിരോധനം വന്ന് 17 കൊല്ലം കഴിഞ്ഞിട്ടും ഇന്നും തലമാത്രം വളരുന്ന, കൈകാലുകള്‍ വളരാത്ത, ഒന്നെഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത കുഞ്ഞുങ്ങള്‍, ഗര്‍ഭപാത്രങ്ങളില്‍ നിന്ന് ഗര്‍ഭപാത്രങ്ങളിലേക്ക് എന്‍ഡോസള്‍ഫാന്‍ വിഷം പേറേണ്ടി വരുന്നഅമ്മമാര്‍ സമരത്തിന് നിരന്തരം നിര്‍ബന്ധിതരാകുന്നത് ജനാധിപത്യത്തിന്റെ അന്തസത്ത ഇല്ലാതാക്കല്‍ മാത്രമല്ല കേരള ഭരണകൂടത്തോടും പൊതുമനഃസാക്ഷിയോടുമുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് ജീവനും ജീവിതവും തകര്‍ന്ന്, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നീതി ലഭിക്കാതെ, ഇതാ ഇവിടെ ഞങ്ങള്‍ പാതിവെന്ത ശരീരവും മനസ്സുമായി ജീവിച്ചിരിക്കുന്നൂവെന്ന്.