സെര്‍ബിയയുടെ സ്ലോവേനിയന്‍ പര്യടനത്തില്‍ സന്ദര്‍ശകരെ പരാജയപ്പെടുത്തി സ്ലൊവേനിയ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്ന് ടി-20കളടങ്ങിയ പരമ്പരയില്‍ 2-1നാണ് ആതിഥേയര്‍ വിജയിച്ചുകയറിയത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും സ്ലൊവേനിയ വിജയിച്ചപ്പോള്‍ പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ വിജയിച്ച് സെര്‍ബിയ മുഖം രക്ഷിച്ചു.
ഇതോടെ ഐ.സി.സി അംഗീകാരമുള്ള 34 യൂറോപ്യന്‍ ടീമുകളില്‍ 33 ടീമുകള്‍ക്കും മറ്റൊരു യൂറോപ്യന്‍ ടീമിനെ പരാജയപ്പെടുത്താന്‍ സാധിച്ചിരിക്കുകയാണ്. വെറും ഒരു ടീമിന് മാത്രമാണ് ഇതുവരെ അന്താരാഷ്ട്ര ടി-20യില്‍ മറ്റൊരു യൂറോപ്യന്‍ ടീമിനെ പരാജയപ്പെടുത്താന്‍ സാധിക്കാതെ പോയത്.
വിരോധാഭാസമെന്ന് പറയട്ടെ, രണ്ട് തവണ ടി-20 ലോകകപ്പ് നേടിയ ഇംഗ്ലണ്ടാണ് ഈ യൂറോപ്യന്‍ ടീം. അഞ്ച് തവണ യൂറോപ്യന്‍ ടീമുകള്‍ക്കെതിരെ അന്താരാഷ്ട്ര ടി-20 കളിച്ചിട്ടും ഒന്നില്‍ പോലും വിജയം കണ്ടെത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. യൂറോപ്യന്‍ ടീമുകള്‍ക്കെതിരെ ടി-20 ലോകകപ്പുകളിലാണ് ഇംഗ്ലണ്ട് ഏറ്റുമുട്ടാറുള്ളത്.
2009ല്‍ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ടപ്പോള്‍ 2010ല്‍ അയര്‍ലാന്‍ഡിനെതിരെ നടന്ന മത്സരം ഫലമില്ലാതെ അവസാനിച്ചു.
ശേഷം 2014ല്‍ ചാറ്റോഗ്രാമില്‍ വെച്ച് ഒരിക്കല്‍ക്കൂടി ഓറഞ്ച് ആര്‍മി ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. 45 റണ്‍സിനായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ വിജയം. നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 134 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 88ന് ഓള്‍ ഔട്ടായി.
2022 ലോകകപ്പില്‍ അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്താനുള്ള അവസരം ഇംഗ്ലണ്ടിന്റെ മുമ്പിലുണ്ടായിരുന്നു. എന്നാല്‍ മഴ വില്ലനായി എത്തിയതോടെ ത്രീ ലയണ്‍സ് ഒരിക്കല്‍ക്കൂടി കരഞ്ഞു. ഡി.എല്‍.എസ് നിയമത്തില്‍ അഞ്ച് റണ്‍സിനാണ് ഇംഗ്ലണ്ട് തോല്‍വി രുചിച്ചത്.
2024 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ വിജയിച്ച് ഈ ‘യൂറോപ്പ് ശാപം’ മാറ്റാമെന്നുറപ്പിച്ച ഇംഗ്ലണ്ടിനെ വീണ്ടും മഴ കരയിച്ചു.
ജൂണ്‍ നാലിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സ്‌കോട്‌ലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. പത്ത് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 90 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെ കാലാവസ്ഥ പ്രതികൂലമായതോടെ മത്സരം ഉപേക്ഷിക്കേണ്ട അവസ്ഥ ഉടലെടുക്കുകയായിരുന്നു.
ഇതോടെ ടി-20യില്‍ യൂറോപ്യന്‍ ടീമുകളെ പരാജയപ്പെടുത്താനുള്ള ഇംഗ്ലണ്ടിന്റെ കാത്തിരിപ്പ് വീണ്ടും നീളുകയായിരുന്നു.