Movie Day
അബ്രഹാം ഖുറൈഷി, ഹി ഈസ് കമിങ് ബാക്ക്; റൂളിങ് ആരംഭിക്കുന്നതിന് മുമ്പ് തീയായി എമ്പുരാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 30, 12:30 pm
Saturday, 30th September 2023, 6:00 pm

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിങ്ങ് ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും. ഒന്നാം ഭാഗമായ ലൂസിഫറിന്റെ പ്രസക്ത രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് തയ്യാറാക്കിയ വീഡിയോയിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.

രണ്ട് മിനിട്ട് 34 സെക്കന്റുള്ള വീഡിയോയില്‍ ലൂസിഫറില്‍ കഥ പറച്ചില്‍ ക്യാരക്ടറിലൂടെ ശ്രദ്ധനേടിയ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ഡയോലോഗിലൂടെയാണ് അവസാനിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിര്‍മാണത്തില്‍ പങ്കാളികളാകുന്നുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ‘എമ്പുരാന്‍’. മൂന്ന് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞാണ് സംവിധായകന്‍ പൃഥ്വിരാജ് എമ്പുരാന്റെ ഷൂട്ടിങ്ങിനായി ഇറങ്ങുന്നത്. ജോലിക്ക് പോകുന്നതിന് മുന്‍പുള്ള താരത്തിന്റെ ഒരു ചിത്രം സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

മുരളി ഗോപിയുടേതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ ബോക്സ്ഓഫീസില്‍ വന്‍വിജയം കാഴ്ചവെച്ചിരുന്നു. ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ടൊവിനോ, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നിരുന്നു.

Content Highlight: Empuraan was on fire before the ruling began