ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന. കഴിഞ്ഞ 33 കളിയില്‍ തോല്‍ക്കാതെ ഫുട്‌ബോള്‍ ലോകത്ത് അത്ഭുതം സൃഷ്ടിക്കുകയാണ് അര്‍ജന്റൈന്‍ പട.
ലയണല്‍ സ്‌കലോനിയുടെ കീഴില്‍ ഒരു ടീമെന്ന നിലയില്‍ വളരെ ഒത്തൊരുമയോടെയാണ് ടീം കളിക്കുന്നത്. കളിക്കുന്ന എല്ലാ താരങ്ങളും ഒരൊറ്റ ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. ഇപ്പോഴിതാ ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂട്ടുകാരുമായി ചായകുടിക്കാന്‍ പോലും പോകില്ലയെന്ന് പറഞ്ഞിരിക്കുകയാണ് അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ്.
തനിക്ക് ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ ആകണമെന്നും എമി പറഞ്ഞു. ലോകകപ്പില്‍ എന്റെ ബെസ്റ്റ് തന്നെ ടീമിന് വേണ്ടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് ദേശീയ ടീമിനൊപ്പം വലിയ മത്സരങ്ങള്‍ ജയിക്കണമെങ്കില്‍, ് വലിയ ഉദ്ദേശങ്ങളുണ്ടാകണം. കൂട്ടുകാര്‍ക്കൊപ്പം കാപ്പി കുടിക്കാന്‍ പോലും പോകാതെ ഞാന്‍ എന്റെ ജോലിയില്‍ മുഴുകിയിരിക്കുന്നു. ലോകകപ്പ് ജേതാക്കളാകാന്‍ എന്റെ ഏറ്റവും മികച്ച പ്രകടനം നല്‍കാന്‍ ഞാന്‍ ശ്രമിക്കും. ഈ മാസങ്ങളില്‍ ഞാന്‍ അതിന് വേണ്ടി ശ്രമിക്കും. ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മാര്‍ട്ടിനെസ് പറഞ്ഞു.
അര്‍ജന്റീന വിജയിച്ച കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്കയില്‍ ഏറ്റവും മികച്ച കീപ്പറിനുള്ള അവാര്‍ഡ് ലഭിച്ചത് മാര്‍ട്ടിനസിനായിരുന്നു. മികച്ച പ്രകടനമാണ് താരം ടീമിനായി കാഴ്ചവെക്കുന്നത്.
തങ്ങളുടെ ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് കീഴില്‍ കളിക്കുന്നതിന് ഒരുപാട് അഭിമാനം കാണുന്ന താരമാണ് മാര്‍ട്ടിനസ്. ഫുട്‌ബോള്‍ ലോകത്ത് സകലതും സ്വന്തമാക്കിയ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ലോകകപ്പ്.
അര്‍ജന്റീന അവരുടെ ലോകകപ്പ് മത്സരങ്ങള്‍ നവംബര്‍ 22-ന് സൗദി അറേബ്യയ്ക്കെതിരെ ഗ്രൂപ്പ് സിയില്‍ ആരംഭിക്കും. തുടര്‍ന്ന് മെക്സിക്കോയ്ക്കും പോളണ്ടിനുമെതിരാണ് അര്‍ജന്റീനയുടെ ഗ്രൂപ്പ് മത്സരങ്ങള്‍.