ഇവരൊക്കെ കള്ളന്‍മാരാണ്, മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പാണിത്; ഞങ്ങള്‍ക്ക് വോട്ടുകള്‍ വിശദമായി പരിശോധിക്കണം: തോല്‍വി സമ്മതിക്കാതെ വീണ്ടും ട്രംപ്
World News
ഇവരൊക്കെ കള്ളന്‍മാരാണ്, മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പാണിത്; ഞങ്ങള്‍ക്ക് വോട്ടുകള്‍ വിശദമായി പരിശോധിക്കണം: തോല്‍വി സമ്മതിക്കാതെ വീണ്ടും ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th November 2020, 10:45 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ അംഗീകരിക്കാന്‍ തയ്യാറാവാതെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പ്രസിഡണ്ടു കൂടിയ ഡൊണാള്‍ഡ് ട്രംപ്.

ലോകനേതാക്കള്‍ ബൈഡന് ആശംസകള്‍ അറിയിച്ചെത്തിയിട്ടും തോല്‍വി സമ്മതിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്നും വോട്ടെണ്ണലില്‍ കൃത്രിമത്വം നടന്നെന്ന ആരോപണത്തെ ഗൗരവമായി കാണണമെന്നുമാണ് ട്രംപിന്റെ പുതിയ ആരോപണം. ഇപ്രാവശ്യം വോട്ടിംഗ് രീതിയിലാണ് കൃത്രിമത്വം നടന്നതെന്നാണ് ട്രംപ് പറയുന്നത്.

ഇവരൊക്കെ കള്ളന്‍മാരാണ്. ഇത് മോഷ്ടിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പാണ്. ഒബാമയെ പിന്തള്ളി പല സ്റ്റേറ്റുകളിലും ബൈഡന്‍ നടത്തിയ മുന്നേറ്റം തന്നെ ഇതിന് ഉദാഹരണമാണ്. മോഷ്ടിക്കേണ്ടത് അവര്‍ മോഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു- എന്നാണ് ട്രംപ് ഫേസ്ബുക്കിലെഴുതിയത്.

ഞങ്ങള്‍ക്ക് വോട്ടുകള്‍ വിശദമായി പരിശോധിക്കണം. ഞങ്ങള്‍ക്ക് ടാബുലേഷന്‍ പ്രക്രിയ ആരംഭിക്കാനിരിക്കുകയാണ്. ഈ ആരോപണങ്ങളെല്ലാം കൃത്യമായി പരിശോധിക്കണം. വോട്ടിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി സത്യവാങ്മൂലങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്- ട്രംപ് ട്വീറ്റ് ചെയ്തു.

അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.

പെന്‍സില്‍വാനിയയില്‍ നിയമ കാലാവധി കഴിഞ്ഞ് ലഭിച്ച ബാലറ്റുകള്‍ വേര്‍തിരിക്കാന്‍ ഒരു സുപ്രീം കോടതി ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി. ഇതിന് ജസ്റ്റിസ് അലിറ്റോയുടെ ഇടപെടല്‍ ആവശ്യമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വോട്ടെടുപ്പിലെ അടിസ്ഥാന പ്രശ്‌നങ്ങളെപ്പറ്റി പരിശോധിക്കുമ്പോള്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ സത്യസന്ധതയെപ്പറ്റി ആലോചിക്കണം. വോട്ടുകളുടെ പ്രാമാണ്യം മൊത്തം തെരഞ്ഞെടുപ്പിനെയുമാണ് ബാധിക്കുന്നത്. ഫിലാഡല്‍ഫിയയിലും,ഡെട്രോയിറ്റിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ നൂറു ദശലക്ഷത്തിലധികം മെയില്‍-ഇന്‍-വോട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ ഇതെന്നെ ആശങ്കപ്പെടുത്തുന്നു’, ട്രംപ് പറഞ്ഞു.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 290 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.

പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Donald Trump On Presidential Election