കൊല്‍ക്കത്ത: ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനാല്‍ ബംഗാളിലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലംമാറ്റി.
തെരഞ്ഞെടുപ്പ് വേളയില്‍ സജീവമായ ജനപ്രതിനിധികളുടെ അടുത്ത ബന്ധുക്കള്‍ക്ക് അത്തരം ചുമതലകള്‍ നല്‍കാനാവില്ലെന്നും ചട്ടപ്രകാരമാണ് ഉദ്യോഗസ്ഥന്റെ സ്ഥാനമാറ്റമെന്നും പക്ഷപാതം ഇല്ലാതിരിക്കാനാണ് നടപടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുവന്നിരുന്നു. നിരന്തരം ഇങ്ങനെ കുത്തുവാക്കുകള്‍ പറഞ്ഞ് കമ്മീഷനെ താഴ്ത്തിക്കെട്ടരുതെന്നാണ് മമതയോട് കമ്മീഷന്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ ചെറുതാക്കിക്കാണിക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്നും കമ്മീഷന്‍ ആരോപിച്ചു.
നന്ദിഗ്രാമില്‍വെച്ച് ആക്രമിക്കപ്പെട്ടെന്ന മമത ബാനര്‍ജിയുടെ വാദം തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. മമത ബാനര്‍ജിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്ന് കമ്മീഷന്‍ പറഞ്ഞതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കൊപ്പം നിന്ന് കളിക്കുകയാണെന്ന് മമത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് മമത രംഗത്തുവന്നത്.
അമിത് ഷായാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് മമത ചോദിച്ചിരുന്നു.”അമിത് ഷായാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്? അദ്ദേഹം ഇ.സിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. അവരുടെ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിച്ചു?,” എന്നായിരുന്ന മമതയുടെ പ്രതികരണം.
ബംഗാളില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് വേണമെന്നും ദിനംപ്രതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് അമിത് ഷാ നടത്തുന്നതെന്നും മമത പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക