മുംബൈ: സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കിയ വിമത നീക്കത്തെ ന്യായീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ. രണ്ടര വര്‍ഷം മുമ്പേ താന്‍ ഈ വിമത നീക്കം നടത്തേണ്ടതായിരുന്നു എന്നാണ് ഷിന്‍ഡെയുടെ വാദം. ഇപ്പോള്‍ നടത്തിയ വിമത നീക്കം തിരുത്തല്‍ നടപടിയുടെ ഭാഗമാണെന്നും ഷിന്‍ഡെ പറയുന്നു.
‘ഒരുകാലത്ത് ബാല്‍താക്കറെയുടെ ചിത്രവും നരേന്ദ്ര മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ എല്ലാവരും കണ്ടതാണ്. അന്ന് ബി.ജെ.പിക്ക് 106 സീറ്റും ശിവസേനയ്ക്ക് 56 സീറ്റും ലഭിച്ചു. അന്ന് രണ്ടുപേരും ഒത്തുചേര്‍ന്ന് സഖ്യം രൂപീകരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ അത് നടന്നില്ല. അതില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരായിരുന്നു,’ഷിന്‍ഡെ പറഞ്ഞു.
മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചതില്‍ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നും എന്നാല്‍ അത് മാറ്റിവെച്ച് അവര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും ഷിന്‍ഡെ പറയുന്നു. അങ്ങനെ പ്രവര്‍ത്തിച്ചത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല.
എം.എല്‍.എമാര്‍ക്ക് മണ്ഡലത്തിലേക്കുള്ള ഫണ്ട് ലഭിക്കാത്തതില്‍ അതൃപ്തി നിലനിന്നിരുന്നു. ഞാന്‍ ഉദ്ധവ് താക്കറെയുമായി സംസാരിക്കുകയും എം.എല്‍.എമാര്‍ക്ക് എന്താണ് തോന്നിയതെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഞങ്ങള്‍ ഞങ്ങളുടെ ആശയങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന പാര്‍ട്ടിയിലേക്ക് മടങ്ങുന്നത് നല്ലതാണെന്ന് പറയുകയും ചെയ്തിരുന്നുവെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
‘കോണ്‍ഗ്രസുമായി സഖ്യത്തിലെത്തേണ്ടി വന്നാല്‍ താന്‍ ശിവസേനയെ ഇല്ലാതാക്കുമെന്ന് ബാലസാഹെബ് താക്കറെ തന്നെ പറഞ്ഞിരുന്നു. അപ്പോള്‍ ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്? ബാലാസാഹെബ് താക്കറെയുടെ പാഠങ്ങള്‍ മാത്രമാണ് ഞങ്ങള്‍ പ്രാവര്‍ത്തികമാക്കിയത്. ജോലി തീരാത്തതിനാല്‍ ആദ്യ ദിവസങ്ങളില്‍ ഞാന്‍ ഏറെ സമ്മര്‍ദത്തിലായിരുന്നു. എന്റെ ഗ്രാമത്തിലെ ജനങ്ങള്‍ ആ സമയത്ത് ടി.വിയില്‍ മാത്രമായി ശ്രദ്ധിച്ചിരിക്കുകയായിരുന്നു. എന്റെ കൂടെ 50 എം.എല്‍.എമാരുടെ ഉത്തരവാദിത്തമുണ്ടെന്ന് എനിക്ക് നല്ല പോലെ ബോധ്യമുണ്ടായിരുന്നു,’ ഷിന്‍ഡെ പറഞ്ഞു.
Content Highlight: Eknath shinde says he should have made the rebellion two years ago