കെയ്‌റോ: ഈജിപ്ഷ്യന്‍ റിസര്‍വ് ബാങ്ക് പുതുതായി പുറത്തിറക്കിയ 10, 20 പൗണ്ടുകളുടെ കറന്‍സിയുടെ പേരില്‍ വിവാദം ശക്തമാക്കി രാജ്യത്തെ യാഥാസ്ഥിതിക സംഘടനകള്‍.
എല്‍ജിബിടിക്യൂ പ്രൈഡ് പതാകയുടെ മഴവില്‍ നിറം കറന്‍സിയില്‍ പ്രിന്റ് ചെയ്തതാണ് ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിച്ചത്.
പുതിയ പോളിമര്‍ പ്ലാസ്റ്റിക് 20 പൗണ്ട് ബാങ്ക് നോട്ടിന്റെ സാമ്പിള്‍ പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. നോട്ടിന്റെ വാട്ടര്‍മാര്‍ക്കില്‍ മഴവില്‍ നിറം പ്രിന്റ് ചെയ്തത് ഈജിപ്തിലെ യാഥാസ്ഥിതിക സമൂഹം വലിയ വിഷയമാക്കി എടുക്കുകയായിരുന്നു. ഇക്കൂട്ടര്‍ ബാങ്ക് നോട്ട് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അല്‍-ഫത്ത അല്‍-അലീം പള്ളിയുടെ ചിത്രത്തിന് മുകളില്‍ മഴവില്‍ നിറം നല്‍കിയതെന്തിനാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. രാജ്യത്തിന്റെ കറന്‍സിയില്‍ പള്ളിയുടെ മുകളിലായി ഗേ പതാക ചിത്രീകരിച്ചിരിക്കുന്ന സര്‍ക്കാരിന്റെയും സെന്‍ട്രല്‍ ബാങ്കിന്റെയും നടപടി അഴിമതിയും പാപവുമാണെന്നാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.
എന്നാല്‍, നോട്ടില്‍ മഴവില്‍ നിറം ചിത്രീകരിച്ചത് സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായിട്ടാണെന്നാണ് സെന്‍ട്രല്‍ ബാങ്ക് പറഞ്ഞിരിക്കുന്നത്.
സ്വവര്‍ഗാനുരാഗം നിയമപരമായി ഈജിപിതില്‍ കുറ്റമല്ലെങ്കിലും യഥാസ്ഥിതിക വിഭാഗം ഇതിനെ ‘ സദാചാരവിരുദ്ധ’ മായിട്ടാണ് കാണുന്നത്. 2013 ല്‍ രാജ്യത്ത് നടത്തിയ സര്‍വേയില്‍ 95 ശതമാനം ആളുകളും സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കുന്നില്ല.