പഠിച്ച് പരീക്ഷ എഴുതുന്ന കുട്ടികളെ ആക്ഷേപിക്കരുത്, നമ്മുടെ കുട്ടികളാണ് എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണം; ട്രോളുകള്‍ക്കെതിരെ വീണ്ടും ശിവന്‍കുട്ടി
Kerala News
പഠിച്ച് പരീക്ഷ എഴുതുന്ന കുട്ടികളെ ആക്ഷേപിക്കരുത്, നമ്മുടെ കുട്ടികളാണ് എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണം; ട്രോളുകള്‍ക്കെതിരെ വീണ്ടും ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th July 2021, 4:07 pm

 

തിരുവനന്തപുരം: പഠിച്ച് പരീക്ഷ എഴുതുന്ന കുട്ടികളെ ട്രോള്‍ രൂപത്തില്‍ ആക്ഷേപിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സി. പരീക്ഷാ ഫല പ്രഖ്യാപനത്തിന് ശേഷമുള്ള ട്രോളുകള്‍ കുട്ടികളെ വിഷമിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.

‘നമ്മുടെ കുട്ടികള്‍ നല്ല മിടുക്കന്മാരാണ്. എസ്.എസ്.എല്‍.സിക്കും നല്ല റിസള്‍ട്ടായിരുന്നു. നമ്മുടെ കുട്ടികളാണ് എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണം. പഠിച്ച് പരീക്ഷ എഴുതുന്ന കുട്ടികളെ ആക്ഷേപിക്കുന്ന നിലയിലുള്ള സ്ഥിതി ഉണ്ടാകരുത്.

അന്യസംസ്ഥാന തൊഴിലാളിക്ക് എ പ്ലസ് കിട്ടി എന്നൊക്കെ പറഞ്ഞാണ് തമാശകള്‍. തമാശ നല്ലതാണ് അത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യവുമാണ്. പക്ഷേ കുട്ടികളുടെ മനോവീര്യം തകര്‍ക്കുകയും, മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന തരത്തിലുള്ള ട്രോള്‍ എന്ന് പറയുന്ന ചില തമാശകള്‍ സമൂഹം അംഗീകരിക്കുന്നില്ല.

ഇത്തരം തമാശകള്‍ ഉത്പാദിപ്പിക്കുന്നവര്‍ അത് ആസ്വദിക്കുന്നുണ്ടെങ്കിലും, ഒരുപാട് കുട്ടികള്‍ക്ക് അത് വിഷമമുണ്ടാക്കുന്നുണ്ട്. കരഞ്ഞുകൊണ്ട് പല കുട്ടികളും പരാതിയും പറഞ്ഞിട്ടുണ്ട്,’ ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, 87.94 ശതമാനമാണ് പ്ലസ് ടു വിജയശതമാനം. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.വി.എച്ച്.എസ്.ഇയ്ക്ക് 80.36 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 76.06 ആയിരുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടൊപ്പം ടാബുലേഷനും അതതു സ്‌കൂളുകളില്‍നിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയത്.

എസ്.എസ്.എല്‍.സി. പരീക്ഷയിലേത് പോലെ തെരഞ്ഞെടുത്ത പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടായിരുന്നത്. ഇത്തവണ 4,46,471 വിദ്യാര്‍ത്ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Education minister V. sivankutty   Criticize  trolls which Tease school students