കോഴിക്കോട്: ഇടവേളയിൽ ക്ലാസിലെ ഡെസ്കിൽ പെൻസിലും ബോക്സുമുപയോഗിച്ച് താളമിടുന്ന സ്കൂൾ വിദ്യാർത്ഥികളുടെ വീഡിയോ ഫേസ്ബുക് പേജിൽ പങ്കുവെച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
കോഴിക്കോട് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളുടെ കൗതുകകരമായ വീഡിയോ പകർത്തിയത് സ്കൂളിലെ ഹിന്ദി അധ്യാപിക അനുസ്മിതയാണ്. ഉച്ചയൂണ് കഴിഞ്ഞുള്ള ഇടവേളയിൽ വരാന്തയിലൂടെ നടക്കുമ്പോഴാണ് അധ്യാപിക കുട്ടികളുടെ കരവിരുത് കാണാനിടയായത്. ഏഴാം തരത്തിൽ പഠിക്കുന്ന ആദ്യദേവ്, ഭഗത്, നിലാവ് കൃഷ്ണ, മുഹമ്മദ് റൈഹാൻ എന്നീ വിദ്യാർത്ഥികളുടെ പേരുകളും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
ബെഞ്ചിൽ കൈകൊണ്ട് കൊട്ടിയും ഇൻസ്ട്രുമെന്റ് ബോക്സിൽ പേനയും പെൻസിലുമുപയോഗിച്ച് താളമിട്ടും ആസ്വദിക്കുന്ന കുട്ടികളുടെ വീഡിയോ ഏറ്റെടുത്തുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തു. വിദ്യാഭ്യാസമേഖലയിൽ ശുഭകരമായ മാറ്റം വന്നുവെന്നാണ് പലരുടെയും കമന്റ്.
‘ഇതാണ് സ്‌കൂളുകളിൽ വന്ന ശരിയായ മാറ്റം. ക്‌ളാസ് മുറികളിൽ വർത്തമാനം പറഞ്ഞാൽ, ഉറക്കെ ചിരിച്ചാൽ, കളിച്ചാൽ, അടി കിട്ടുമായിരുന്ന ഒരു കാലത്തിൽ നിന്നുള്ള മാറ്റം. അന്നും ഇന്നും കുട്ടികളാണ് ശരി. അധ്യാപകരും അധികാരികളുമാണ് മാറേണ്ടത്. ഇനിയും എത്രയോ മാറേണ്ടതുണ്ട്,’ കമന്റ് ബോക്സിൽ ഒരാൾ പ്രതികരിച്ചു.