കാണികളുടെ എണ്ണവും അതുവഴി ലാഭവും കൂട്ടാനുള്ള വ്യഗ്രതയിലാണ് ചില ചാനലുകള്‍; പ്രവാചകനിന്ദയില്‍ ദേശീയ മാധ്യമങ്ങളുടെ വിദ്വേഷ ഇടപെടലിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്
national news
കാണികളുടെ എണ്ണവും അതുവഴി ലാഭവും കൂട്ടാനുള്ള വ്യഗ്രതയിലാണ് ചില ചാനലുകള്‍; പ്രവാചകനിന്ദയില്‍ ദേശീയ മാധ്യമങ്ങളുടെ വിദ്വേഷ ഇടപെടലിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th June 2022, 9:26 am

ന്യൂദല്‍ഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയെ തുടര്‍ന്ന് യു.പിയിലെ കാണ്‍പുരില്‍ ഇരുപക്ഷങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ദേശീയ മാധ്യമങ്ങളുടെ ഇടപെടലിനെ വിമര്‍ശിച്ച് പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ.

സംഘര്‍ഷത്തിനിടയില്‍ ദുര്‍ബല സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം വര്‍ധിപ്പിക്കാന്‍പോന്ന സാഹചര്യങ്ങള്‍ ചില ദേശീയ വാര്‍ത്ത ചാനലുകള്‍ ബോധപൂര്‍വം സൃഷ്ടിച്ചുവെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി.
ഭരണഘടന മൂല്യങ്ങള്‍ക്കും നിയമവാഴ്ചക്കും ശക്തിപകരേണ്ട മാധ്യമങ്ങളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയിലൂടെ ആശങ്ക പ്രകടിപ്പിച്ചു.

‘സാമുദായിക അന്തരീക്ഷം കലങ്ങിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ മാധ്യമങ്ങള്‍ എങ്ങനെ പെരുമാറണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശം നിലവിലുണ്ട്. എന്നാല്‍, കാണികളുടെ എണ്ണവും അതുവഴി ലാഭവും കൂട്ടാനുള്ള വ്യഗ്രതയിലാണ് ചില ചാനലുകള്‍ പ്രവര്‍ത്തിച്ചത്.

ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റം സമുദായങ്ങള്‍ തമ്മിലെ അകലം വര്‍ധിപ്പിക്കുകയും ദേശീയ ചര്‍ച്ചാഗതി പ്രാകൃതമാക്കുകയും ചെയ്തു. വിഭാഗീയവും വിഷലിപ്തവുമായ അഭിപ്രായങ്ങളില്‍ ന്യായീകരണം കണ്ടെത്താന്‍ നടത്തിയ ശ്രമം ഈ ചാനലുകള്‍ വിമര്‍ശനാത്മകമായി പരിശോധിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മാധ്യമലോകം ജാഗ്രത കാണിക്കേണ്ടതുണ്ട്,’ എഡിറ്റേഴ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്റ് സീമ മുസ്തഫ, ജനറല്‍ സെക്രട്ടറി സഞ്ജയ് കപുര്‍, ട്രഷറര്‍ ആനന്ദ് നാഥ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.