ഏഴാം വിക്കറ്റില്‍ അടിച്ചുതകര്‍ത്ത് നേടിയത് കൂറ്റന്‍ റെക്കോഡ്; തോൽവിയിലും ബെംഗളൂരു ആധിപത്യം
Cricket
ഏഴാം വിക്കറ്റില്‍ അടിച്ചുതകര്‍ത്ത് നേടിയത് കൂറ്റന്‍ റെക്കോഡ്; തോൽവിയിലും ബെംഗളൂരു ആധിപത്യം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd March 2024, 7:46 am

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഏഴു വിക്കറ്റുകള്‍ക്കാണ് മുംബൈ പരാജയപ്പെടുത്തിയത്.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരു താരങ്ങളായ എലിസ് പെറിയും ജോര്‍ജിയ വരെഹാമും.

38 പന്തില്‍ പുറത്താവാതെ 44 റണ്‍സാണ് പെറി നേടിയത്. അഞ്ച് ഫോറുകള്‍ ആയിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് 20 പന്തില്‍ 27 റണ്‍സ് നേടിക്കൊണ്ടായിരുന്നു ജോര്‍ജിയയുടെ തകര്‍പ്പന്‍ പ്രകടനം. മൂന്നു ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ജോര്‍ജിയുടെ ഇന്നിങ്‌സ്.

52 റണ്‍സിന്റെ കൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് ബെംഗളൂരുവിനായി നേടിയത്. ഇതിന് പിന്നാലെയാണ് തകര്‍പ്പന്‍ നേട്ടം ഇരുവരെയും തേടിയെത്തിയത്.

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഏഴാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പെന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടത്തിലെത്തിയത് അഞ്ജലി സര്‍വാണിയും താഹില മഗ്രാത്തുമായിരുന്നു. 2023ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 33 റണ്‍സായിരുന്നു ഇരുവരും നേടിയത്.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.1 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മുംബൈ ബാറ്റിങ്ങില്‍ അമേലിയ കെര്‍ 24 പന്തില്‍ 40 റണ്‍സും യാസ്തിക ബാട്ടിയ 15 പന്തില്‍ 31 റണ്‍സ് നേടിയും മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകളായിരുന്നു അമേലിയയുടെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് നാല് ഫോറുകളും രണ്ട് സിക്‌സും ആണ് യാസ്തികയുടെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും ഒരു തോല്‍വിയും അടക്കം ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മുംബൈ. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും രണ്ടു വീതം വിജയവും തോല്‍വിയുമായി നാലു പോയിന്റോടെ നാലാം സ്ഥാനത്താണ് ബെംഗളൂരു.

മാര്‍ച്ച് അഞ്ചിന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. അതേസമയം മാര്‍ച്ച് നാലിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു യു.പി വാറിയേഴ്‌സിനെയും നേരിടും.

Content Highlight: E Perry and G Wareham create a new record in wpl