കേന്ദ്ര സര്‍ക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനം; ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ നേതാക്കള്‍
national news
കേന്ദ്ര സര്‍ക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനം; ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th May 2023, 6:18 pm

ദല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ജന്തര്‍ മന്തറിലെത്തി ഡി.വൈ.എഫ്.ഐ നേതാക്കള്‍. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജന്തര്‍മന്തിറില്‍ എത്തിയത്.

സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പമാണ് നില്‍ക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനമാണെന്നും എ.എ. റഹീം കുറ്റപ്പെടുത്തി. സമരത്തെ അട്ടിമറിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ മദ്യപിച്ചെത്തി കായിക താരങ്ങളെ അക്രമിക്കുന്ന നിലയുണ്ടായെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാഷ്ട്രീയം മറന്ന് വ്യത്യസ്ത ജനവിഭാഗങ്ങളാണ് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ജന്തര്‍മന്തറില്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 15 മുതല്‍ 20 വരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധം നടത്തുമെന്നും റഹീം അറിയിച്ചു.

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ജന്തര്‍മന്തറില്‍ എത്തിയിട്ടുണ്ട്. അതിനിടെ സമരത്തിന് പിന്തുണയുമായെത്തിയ കര്‍ഷകരെ പൊലീസ് തടഞ്ഞു. ഹരിയാന-ദല്‍ഹി അതിര്‍ത്തിയില്‍ വെച്ചായിരുന്നു കര്‍ഷകരെ പൊലീസ് തടഞ്ഞത്.

പതിനാറാം ദിവസമാണ് ഗുസതി താരങ്ങള്‍ സമരം തുടരുന്നത്. ദിവസവും നിരവധി കര്‍ഷകരാണ് താരങ്ങള്‍ക്ക് പിന്തുണയുമായി എത്തുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറച്ചിരുക്കുന്നത്. ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷന്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് താരങ്ങള്‍ സമരം ചെയ്യുന്നത്.

Contenthighlight: DYFI Leaders visit janthar in support of the struggling wrestlers