Kerala News
വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍.എസ്.എസ്; ആലപ്പുഴയില്‍ പതിനഞ്ചുകാരന്റെ കൊലപാതകത്തില്‍ ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 15, 03:50 am
Thursday, 15th April 2021, 9:20 am

ചാരുംമൂട്: ആലപ്പുഴയില്‍ പതിനഞ്ചുകാരനായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍.എസ്.എസ് എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഫേസ്ബുക്കിലെഴുതി.

ഡി.വൈ.എഫ്.ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠന്‍ അനന്തുവിനെ ലക്ഷ്യം വെച്ച് വന്ന പരിശീലനം ലഭിച്ച ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയതെന്നും റഹീം പറഞ്ഞു.

കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ് ക്രിമിനലുകള്‍ നടത്തിയ അരുംകൊലയില്‍ പ്രതിഷേധിക്കണമെന്നും ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്തു.


കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സി.പി.ഐ.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിഷുവിന് പടയണിവെട്ടം ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനിടെയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. രാത്രി പത്ത് മണിയോട് കൂടിയായിരുന്നു ആക്രമണം നടന്നത്. മറ്റ് രണ്ട് പേര്‍ക്ക് കൂടി വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മുന്‍പ് നടന്ന ഒരു സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. നാളുകളായി പ്രദേശത്ത് സി.പി.ഐ.എം ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്.

വള്ളിക്കുന്നം അമൃത പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യു. പുത്തന്‍ചന്തകുറ്റിയില്‍ അമ്പിളികുമാറിന്റെ മകനാണ്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സജയ്ദത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlught: DYFI Abhimanyu Murder RSS