മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് നടന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ അന്യഭാഷ ചിത്രങ്ങളിലും സജീവമായി അഭിനയക്കുന്ന താരമാണ് ദുല്‍ഖര്‍. ആര്‍. ബാല്‍കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ചുപാണ് താരത്തിന്റെ ഒടുവില്‍ റിലീസായ സിനിമ.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ തന്റെ സൗന്ദര്യത്തെ കുറിച്ച് ദുല്‍ഖര്‍ സംസാരിച്ചിരുന്നു. ഒരുപാട് ഗ്ലാമറുള്ള താരങ്ങളെ കുറിച്ച് മുന്‍ധാരണങ്ങളുള്ളതായും ഹോളിവുഡ് താരങ്ങള്‍ ഓസ്‌കാര്‍ നേടാനും സീരിയസ് റോളുകള്‍ ലഭിക്കാനും വേണ്ടി ഗ്ലാമര്‍ കുറക്കാന്‍ ശ്രമിക്കാറുണ്ടല്ലോയെന്ന് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുല്‍ഖര്‍.
തന്റെ വാപ്പച്ചി മമ്മൂട്ടിയും മുത്തശ്ശനും വളരെ ഭംഗിയുളള ആളുകളായത് കാരണം തനിക്ക് ഇത് വരെ അത്ര വലിയ ഗ്ലാമറുള്ള ആളായി തോന്നിയില്ലെന്ന് പറയുകയാണ് ദുല്‍ഖര്‍. താന്‍ കാണാന്‍ അത്ര മോശമല്ലെന്ന് അറിയാമെന്നും എന്നാല്‍ ഒറ്റ നോട്ടത്തില്‍ സ്ത്രീകള്‍ നോക്കിപോകുന്ന ഭംഗി തനിക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും താരം പറഞ്ഞു.
നിങ്ങള്‍ പറയുന്നതില്‍ ഏറ്റവും നല്ല ഉദാഹരണമാണ് തന്റെ വാപ്പച്ചി മമ്മൂട്ടിയെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
‘ എന്റെ വാപ്പച്ചിയും വാപ്പടെ വാപ്പയും നല്ല ഗ്ലാമറായതുകൊണ്ട് ഞാന്‍ വലിയ ഗ്ലാമറുള്ള ആളായി തോന്നിയിട്ടില്ല. ഞാന്‍ ബാഡ് ലുക്കിങ് ആണെന്നല്ല പറഞ്ഞുവരുന്നത്, എന്നാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ സ്ത്രീകള്‍ ശ്രദ്ധിക്കുന്ന ലുക്ക് എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
എപ്പോഴും നല്ല ഗ്ലാമറുള്ള സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. അപ്പോഴൊക്കെ എനിക്ക് വാപ്പയുടെ അത്രയും സൗന്ദര്യം കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നിയിരുന്നു. എന്നാല്‍ എനിക്ക് നിങ്ങള്‍ പറയുന്നത് മനസിലായി, വാപ്പ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്,’ ദുല്‍ഖര്‍ പറഞ്ഞു.
തനിക്ക് എപ്പോഴും ചാമിങ്, ചോക്ലേറ്റ് ബോയ്, റൊമാന്റിക് ഹീറോയായി അറിയപ്പെടാന്‍ താല്പര്യമില്ലെന്നും ഈ ടാഗില്‍ നിന്നും ഉടന്‍ തന്നെ ബ്രേക്ക് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് എപ്പോഴും ഗുഡ് ലുക്കിങ് ആളാകുന്നതിനേക്കാള്‍ ഒരു നല്ല നടന്‍ ആകുന്നതിനോടാണ് താല്‍പര്യം. ഞാന്‍ എപ്പോഴും കേള്‍ക്കുന്ന ഒന്നാണ് ചാം, ഗുഡ് ലുക്കിങ്, ചോക്ലേറ്റ് ബോയ് എന്നുള്ള ടാഗുകള്‍. മറ്റുള്ള നടനെ കുറിച്ച് അങ്ങനെ എഴുതുന്നത് വായിച്ചാല്‍ പോലും ഞാനത് സീരിയസ് കോംപ്ലിമെന്റായി കാണില്ല.
ഇപ്പോള്‍ പത്ത് വര്‍ഷമായി ഫീല്‍ഡില്‍ വന്നിട്ട്, എനിക്ക് അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്. എനിക്കറിയില്ല എത്ര നാള്‍ എനിക്ക് ഈ ടാഗുകളില്‍ നില്‍ക്കാന്‍ സാധിക്കുമെന്ന്. ആത്മര്‍ത്ഥമായും ആ ടാഗ് പൊളിച്ചെഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.