ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം സീതാരാമം ആഗസ്റ്റ് അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ വമ്പന്‍ രീതിയിലാണ് നടക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പാന്‍ ഇന്ത്യന്‍ സിനിമകളെ പറ്റിയുള്ള തന്റെ അഭിപ്രായം ദുല്‍ഖര്‍ പങ്കുവെച്ചത്.
ഇന്ന് എല്ലാവരും പാന്‍ ഇന്ത്യയെ പറ്റി പറയുന്നത് എന്തിനാണെന്ന് എന്നെനിക്ക് മനസിലാകുന്നില്ല ഇത് പണ്ട് മുതലേ ഉള്ളതാണെന്നും പറയുകയാണ് ദുല്‍ഖര്‍.
നായര്‍ സാബ്, ന്യൂ ഡല്‍ഹി തുടങ്ങിയ ഒട്ടുമിക്ക മമ്മൂട്ടി-ജോഷി ചിത്രങ്ങളും പാന്‍ ഇന്ത്യയില്‍ വലിയ സ്വീകരണം ലഭിച്ചിരുന്നു എന്ന മാധ്യമ പ്രവര്‍ത്തകന്റെ വാദം സമ്മതിച്ചു കൊണ്ടായിരുന്നു ദുല്‍ഖര്‍ ഇത് പറഞ്ഞത്.
അഭിലാഷ് ജോഷിയും താനും ഒന്നിക്കുന്ന ചിത്രം കിങ് ഓഫ് കൊത്ത വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
അതേസമയം ലോകമെമ്പാടും വലിയ റിലീസാണ് സീതാരാമത്തിന് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഫ്രീന്‍ എന്നാണ് രശ്മികയുടെ കഥാപാത്രത്തിന്റെ പേര്.
സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.
എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്.