നമ്മള്‍ ഒറ്റക്കെട്ട്; വയനാടിനെ സഹായിക്കാന്‍ കൈനീട്ടുന്ന എല്ലാവര്‍ക്കും ബിഗ് സല്യൂട്ട്: ദുല്‍ഖര്‍ സല്‍മാന്‍
Kerala News
നമ്മള്‍ ഒറ്റക്കെട്ട്; വയനാടിനെ സഹായിക്കാന്‍ കൈനീട്ടുന്ന എല്ലാവര്‍ക്കും ബിഗ് സല്യൂട്ട്: ദുല്‍ഖര്‍ സല്‍മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2024, 3:41 pm

മേപ്പാടി: ഐക്യദാര്‍ഢ്യത്തിന്റെയും ധീരതയുടെയും അര്‍പ്പണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് നമ്മള്‍ വയനാട്ടില്‍ കാണുന്നതെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കും പ്രാദേശിക തലത്തില്‍ എത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കും വയനാടിനെ സഹായിക്കാന്‍ കൈനീട്ടുന്ന എല്ലാവര്‍ക്കും ബിഗ് സല്യൂട്ടെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പറയുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും താന്‍ ഹൃദയം കൊണ്ട് ചേര്‍ത്തു പിടിക്കുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

‘ഐക്യദാര്‍ഢ്യത്തിന്റെയും ധീരതയുടെയും അര്‍പ്പണബോധത്തിന്റെയും എത്ര അവിശ്വസനീയമായ കാഴ്ചയാണ് നാം വയനാട്ടില്‍ കാണുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും ഞാന്‍ എന്റെ ഹൃദയം കൊണ്ട് ചേര്‍ത്തു പിടിക്കുന്നു. ദൈവം നിങ്ങളുടെ വേദന കുറയ്ക്കട്ടെ.

സൈനിക ഉദ്യോഗസ്ഥര്‍ക്കും പ്രാദേശിക തലത്തില്‍ എത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കും വയനാടിനെ സഹായിക്കാന്‍ കൈനീട്ടുന്ന എല്ലാവര്‍ക്കും ബിഗ് സല്യൂട്ട്. എന്ത് സംഭവിച്ചാലും നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യും. വയനാടിനും കാലവര്‍ഷക്കെടുതിയില്‍ നാശം വിതച്ച ഓരോ പ്രദേശത്തിനും വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകും’.

മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമാ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള പോസ്റ്റുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്തിരുന്നു. ബേസില്‍ ജോസഫ്, ടൊവിനോ തോമസ് എന്നിവരടക്കമുള്ളവര്‍ വയനാടിനായി കൈകോര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടി നിഖില വിമല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 185 പേരാണ് മരിച്ചത്. നിരവധി പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. നിലവില്‍ ഒരുപാട് ആളുകള്‍ മേപ്പാടിയിലെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്.

Content Highlight: Dulquer Salmaan Talks About Wayanad Landslide