Entertainment
ഇടക്കിടക്ക് ഞാന്‍ ആ ദുസ്വപ്‌നം കാണും; ആകെ പേടിച്ച്, വിയര്‍ത്തു കുളിച്ച് ഞെട്ടിയെണീക്കും: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 16, 01:09 pm
Sunday, 16th October 2022, 6:39 pm

തനിക്ക് ഏറെ പ്രിയപ്പെട്ട കാറിനെ കുറിച്ചും കാറുകളോടുള്ള അടങ്ങാത്ത അഭിനിവേശത്തെ കുറിച്ചും സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ വിന്റേജ് കാര്‍ കളക്ഷന്‍ പരിചയപ്പെടുത്തുന്ന വീഡിയോയിലാണ് 2002ലെ ബി.എം.ഡബ്ല്യു മോഡലിനെ കുറിച്ച് ദുല്‍ഖര്‍ സംസാരിക്കുന്നത്.

കാറിന്റെ കാര്യത്തില്‍ താന്‍ വളരെ പ്രൊട്ടക്ടീവാണെന്നും ഓടിക്കുമ്പോഴെല്ലാം ആ ശ്രദ്ധ താന്‍ പുലര്‍ത്താറുണ്ടെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.

‘ഇതാണ് 2002ലിറങ്ങിയ ബി.എം.ഡബ്ല്യു എം 3. ഇ46 ആണ് എന്റെ ഫേവറിറ്റ്. ജി സീരിസിന്റെ കൂടുതല്‍ മെച്ചപ്പെട്ട വേര്‍ഷനാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്.

ഈ കാര്‍ ഓടിക്കാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതുപോലെ തന്നെ വളരെ പ്രൊട്ടക്ടീവാണ് ഞാന്‍.
ഈ കാറിന്റെ കാര്യത്തില്‍ എനിക്ക് വലിയ കരുതലാണ്. കാറില്‍ എന്തെങ്കിലും സ്‌ക്രാച്ച് വീഴുമോ എവിടെയെങ്കിലും കൊണ്ടുപോയി ഇടിക്കുമോ എന്നെല്ലാം ആലോചിച്ച് പേടിച്ചാണ് ഞാന്‍ വണ്ടിയോടിക്കാറുള്ളത്.

കാറിനെ കുറിച്ച് ഞാന്‍ ദുസ്വപ്‌നവും കാണാറുണ്ട്. ഈ കാര്‍ ആരോ മോഷ്ടിച്ചുകൊണ്ടുപോയി, അല്ലെങ്കില്‍ തല്ലിനശിപ്പിച്ചു എന്നൊക്കെ സ്വപ്‌നം കാണാറുണ്ട്. എന്നിട്ട് ഉറക്കത്തില്‍ നിന്നും ഞെട്ടിയെണീക്കും. അപ്പോഴേക്കും ആകെ വിയര്‍ത്തു കുളിച്ചിട്ടുണ്ടാകും ഞാന്‍,’ ദുല്‍ഖര്‍ പറയുന്നു.

കാര്‍ കളക്ഷന്‍ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോ ചെയ്യാന്‍ തീരുമാനിച്ചതിനെ കുറിച്ചും ദുല്‍ഖര്‍ വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.


ഏറെ നാളായി ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഒരു പൊങ്ങച്ചക്കാരാനായി വിലയിരുത്തപ്പെടുമോ എന്ന ആശങ്കകൊണ്ടാണ് അത് ചെയ്യാതിരുന്നതെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.

‘കുറെയേറെ നാളായി ഞാന്‍ ചെയ്യണമെന്ന് വിചാരിച്ചിരുന്ന ഒരു കാര്യമാണിത്. പക്ഷെ, പതിവ് പോലെ ഓവര്‍തിങ്ക് ചെയ്ത് മാറ്റിവെക്കുകയായിരുന്നു. ഞാന്‍ ഇന്‍സെന്‍സിറ്റീവായ ഒരാളാണെന്നോ പൊങ്ങച്ചക്കാരനാണെന്നോ കരുതുമെന്നായിരുന്നു എന്റെ ആശങ്ക.

പക്ഷെ എന്നെ പോലെ കാറിനോട് ഇഷ്ടവും അഭിനിവേശവും കാത്തുസൂക്ഷിക്കുന്ന ലക്ഷകണക്കിന് പേരുണ്ടല്ലോ. അവരുമായി ഇടപഴകാന്‍ ഇതാണ് ഏറ്റവും നല്ല വഴിയിതാണ് എന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്.

അതുകൊണ്ട് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി എനിക്ക് കളക്ട് ചെയ്യാന്‍ പറ്റിയ കാറുകളിലെ ചിലത് നിങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയാണ്,’ ദുല്‍ഖര്‍ പറഞ്ഞു.

വീഡിയോയില്‍ പ്രിയപ്പെട്ട കാറുകളെ കുറിച്ചും താന്‍ കാറോടിക്കുന്ന രീതിയെ കുറിച്ചുമെല്ലാം ദുല്‍ഖര്‍ വിശദീകരിക്കുന്നുണ്ട്.

ഡി.ക്യു ഫാന്‍സും വാഹന പ്രേമികളും ദുല്‍ഖറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കൂടുതല്‍ വീഡിയോകള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് പലരും കമന്റുകളില്‍ പറയുന്നത്.

Content Highlight: Dulquer Salmaan says he gets nightmares about his favourite car being stolen