വന്‍മരങ്ങള്‍ വേരോടെ കടപുഴകി, ചെറുത്ത് നിന്ന് ഇന്ത്യയുടെ ഭാവി; ആദ്യ മത്സരത്തില്‍ കാലിടറി പന്തും ഒപ്പമുള്ളവരും
Sports News
വന്‍മരങ്ങള്‍ വേരോടെ കടപുഴകി, ചെറുത്ത് നിന്ന് ഇന്ത്യയുടെ ഭാവി; ആദ്യ മത്സരത്തില്‍ കാലിടറി പന്തും ഒപ്പമുള്ളവരും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th September 2024, 3:48 pm

2024 ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബി-ക്ക് കൂട്ടത്തകര്‍ച്ച. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ എ-ക്കെതിരെ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ താരങ്ങളടക്കം നിരാശപ്പെടുത്തിയതാണ് ടീമിന് തിരിച്ചടിയായത്.

മത്സരത്തില്‍ ടോസ് നേടിയ എ ടീം നായകന്‍ ശുഭ്മന്‍ ഗില്‍ അഭിമന്യു ഈശ്വരനെയും സംഘത്തെയും ബാറ്റിങ്ങിനയച്ചു. യശസ്വി ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ആരംഭിച്ച ഈശ്വരന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ പുറത്തായി. 42 പന്ത് നേരിട്ട് വെറും 13 റണ്‍സ് നേടിയാണ് ഈശ്വരന്‍ മടങ്ങിയത്.

യുവതാരം മുഷീര്‍ ഖാനാണ് വണ്‍ ഡൗണായി ക്രീസിലെത്തിയത്. ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രമിക്കവെ ഖലീല്‍ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറും കളം വിട്ടു. 59 പന്തില്‍ 30 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ പുറത്തായത്.

നാലാം നമ്പറില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആഭ്യന്തര താരങ്ങളില്‍ ഒരാളും മുഷീറിന്റെ സഹോദരനുമായ സര്‍ഫറാസ് ഖാനാണ് ക്രീസിലെത്തിയത്. എന്നാല്‍ സര്‍ഫറാസിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി. 35 പന്ത് നേരിട്ട് ഒമ്പത് റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സര്‍ഫറാസ് മടങ്ങിയത്.

റിഷബ് പന്ത് പത്ത് പന്തില്‍ ഏഴ് റണ്ണിന് പുറത്തായപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സൂപ്പര്‍ താരം നിതീഷ് കുമാര്‍ റെഡ്ഡി ഗോള്‍ഡന്‍ ഡക്കായും മടങ്ങി.

സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ഗതിയും മറ്റൊന്നായിരുന്നില്ല. 13 പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെയാണ് സുന്ദര്‍ മടങ്ങിയത്. 15 പന്തില്‍ ഒരു റണ്ണുമായി രവിശ്രീനിവാസന്‍ സായ് കിഷോറും പവലിയനിലേക്ക് തിരിച്ചുനടന്നു.

ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് മുഷീര്‍ ഖാന്‍ നങ്കൂരമിട്ട് നിന്നു. സൂപ്പര്‍ താരങ്ങള്‍ ഒന്നൊന്നായി കൂടാരം കയറിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനുള്ള ബാധ്യത താരം സ്വയം ഏറ്റെടുത്തു.

തീര്‍ത്തും പക്വതയേറിയ ക്രിക്കറ്റ് പുറത്തെടുത്താണ് മുഷീര്‍ ഖാന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നത്. നിലവില്‍ അര്‍ധ സെഞ്ച്വറി നേടിയ മുഷീറിന്റെ കരുത്തിലാണ് ഇന്ത്യ ബി കൂട്ടത്തകര്‍ച്ചയില്‍ നിന്നും പതിയെ കരകയറുന്നത്.

നിലവില്‍ 60 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 എന്ന നിലയിലാണ് ഇന്ത്യ ബി. 149 പന്തില്‍ 68 റണ്‍സുമായി മുഷീര്‍ ഖാനും 38 പന്തില്‍ ഏഴ് റണ്‍സുമായി നവ്ദീപ് സെയ്‌നിയുമാണ് ക്രീസില്‍.

ഇന്ത്യ എ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തനുഷ് കോട്ടിയന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്.

ഇന്ത്യ ബി പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), മുഷീര്‍ ഖാന്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, നവ്ദീപ് സെയ്‌നി, മുകേഷ് കുമാര്‍, യാഷ് ദയാല്‍.

 

Content Highlight: Duleep Trophy: India A vs India B: Musheer Khan completes half century