ശബ്ദം കൊണ്ട് വളരെ പരിചിതനായ മലയാളത്തിലെ ഒരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റാണ് ഷിബു കല്ലാര്‍. തമിഴ് നടന്‍ വിജയ്ക്ക് ശബ്ദം നല്‍കിയത് വഴിയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ജില്ല, ബിഗില്‍, മാസ്റ്റര്‍, ലിയോ ഉള്‍പ്പെടെയുള്ള സിനിമകളില്‍ മലയാളത്തില്‍ വിജയ്ക്ക് ഡബ്ബ് ചെയ്തത് ഷിബു കല്ലാറാണ്.
ഇതിന് പുറമെ നിരവധി പേര്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി. ഒപ്പം കൊച്ചു ടി.വിയിലെ കാര്‍ട്ടൂണായ ജാക്കി ചാനും ഷിബു കല്ലാര്‍ ഡബ്ബ് ചെയ്തിരുന്നു. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ ജില്ല സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും വിജയ്‌യെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
‘മറ്റൊരു ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് സിനിമകള്‍ മൊഴിമാറ്റം ചെയ്യുമ്പോള്‍ നായകന്മാരുടെ ശബ്ദത്തോട് സാമ്യമുള്ള ശബ്ദമുള്ള ആളുകളുണ്ടാകും. ജില്ല സിനിമ മലയാളത്തിലേക്ക് ലാലേട്ടന്‍ തന്നെ വന്ന് ഡബ്ബ് ചെയ്യേണ്ട സിനിമയായിരുന്നു.
ഒരു തിരുവോണ ദിവസമായിരുന്നു ആ സിനിമ മലയാളത്തില്‍ ചാനലില്‍ റിലീസാവേണ്ടിയിരുന്നത്. ലാലേട്ടന്‍ വരുമെന്ന് പറഞ്ഞ് അന്ന് ചാനലില്‍ നിന്ന് കോള്‍ വന്നു. അദ്ദേഹം ചെന്നൈയില്‍ വരുന്ന സമയത്ത് വന്ന് ഡബ്ബ് ചെയ്യുമെന്നായിരുന്നു പറഞ്ഞത്.
പക്ഷെ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് ഡബ്ബ് ചെയ്യാന്‍ വരാന്‍ പറ്റാതെയായി. പുള്ളി ആ സമയത്ത് അമേരിക്കയിലോ മറ്റോയായിരുന്നു ഉണ്ടായിരുന്നത്. ചാനലുകരാണെങ്കില്‍ സിനിമ ഓണത്തിന് വരുമെന്ന് പറഞ്ഞ് പ്രൊമോയുമിറക്കി.
അവസാനം വേറെ വഴിയില്ലാതെ അവര്‍ മറ്റൊരാളെ കൊണ്ടുവന്നു. സാബു തിരുവല്ലയെന്നായിരുന്നു ആളുടെ പേര്. അങ്ങനെ ലാലേട്ടന്‍ ചെയ്യേണ്ടിയിരുന്ന ആ സിനിമ മറ്റൊരാള്‍ ഡബ്ബ് ചെയ്തു. അദ്ദേഹത്തിനും ഒരുപാട് സന്തോഷമായി. ലാലേട്ടന്‍ ചെയ്യുന്ന പോലെ തന്നെയായിരുന്നു അയാള്‍ ചെയ്തത്. അന്ന് അയാള്‍ ലാലേട്ടന്റെ ശബ്ദം നല്‍കുമ്പോള്‍ ഓപ്പോസിറ്റായിട്ട് വിജയ് സാറിന് ശബ്ദം ചെയ്തത് ഞാന്‍ ആയിരുന്നു.
പിന്നെ വിജയ് സാര്‍ മാനേജറിന്റെ കയ്യില്‍ എനിക്ക് ഒരു തവണ ബൊക്കെ കൊടുത്ത് വിട്ടിരുന്നു. ഞാന്‍ ഒരു വേദിയില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാനാണ് ഡബ്ബ് ചെയ്യുന്നതെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അതുകൊണ്ട് ഏതെങ്കിലും തമിഴ് ഫങ്ഷനുകളില്‍ വെച്ച് കാണുമ്പോള്‍ അദ്ദേഹത്തിന് എന്നെ അറിയാം. ലിയോയുടെ സക്‌സസ് ഫങ്ക്ഷന് പോയപ്പോള്‍ അദ്ദേഹത്തെ കണ്ടിരുന്നു. എന്നെ കണ്ടതും ചിരിച്ചു, ആള്‍ക്ക് എന്നെ ഓര്‍മയുണ്ട്. അതൊക്കെ വലിയ ഒരു ഭാഗ്യമാണ്,’ ഷിബു കല്ലാര്‍ പറഞ്ഞു.
Content Highlight: Dubbing Artist Shibu Kallar Talks About Mohanlal