ഞാന്‍ സുരക്ഷിതയാണ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂമിന്റെ മകള്‍
World News
ഞാന്‍ സുരക്ഷിതയാണ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂമിന്റെ മകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th February 2022, 10:41 am

ജനീവ: താന്‍ സുരക്ഷിതയാണെന്ന് ഐക്യരാഷ്ട്രസഭക്ക് മുന്നില്‍ വ്യക്തമാക്കി ദുബായ് ഭരണാധികാരിയുടെ മകള്‍. എമിറാറ്റി പ്രിന്‍സസ് ആയ ഷെയ്ഖ ലത്തീഫ ആണ് പാരിസില്‍ വെച്ച് നടന്ന മീറ്റിങ്ങില്‍ വെച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശവിഭാഗം ചീഫ് മിഷേല്‍ ബഷെലെറ്റിനോട് ഇക്കാര്യം വ്യക്തമാക്കിയത്.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂമിന്റെ മകള്‍ ഷെയ്ഖ ലത്തീഫയുമായി ചര്‍ച്ച നടത്തിയ വിവരം ഹൈക്കമ്മീഷണര്‍ തന്നെയാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്.

താന്‍ ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ദുബായ് പ്രിന്‍സസ് പറഞ്ഞ് ഒരു വര്‍ഷത്തിനിപ്പുറമാണ് ഇപ്പോള്‍ സുരക്ഷിതയാണെന്ന പ്രസ്താവനയും വന്നിരിക്കുന്നത്. ഒരു കൊട്ടാരത്തില്‍ തന്നെ ബന്ദിയാക്കി വെച്ചിരിക്കുകയാണ് എന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഇവര്‍ പറഞ്ഞിരുന്നത്.

ഇവര്‍ ഇക്കാര്യം പറയുന്നതിന്റെ വീഡിയോകള്‍ വിവിധ ബ്രിട്ടീഷ് മീഡിയകള്‍ പുറത്തുവിട്ടിരുന്നു. 2021 ഫെബ്രുവരിയിലായിരുന്നു വീഡിയോകള്‍ പുറത്തുവന്നത്.

ഷെയ്ഖ ലത്തീഫയുടെ അഭ്യര്‍ത്ഥനപ്രകാരമായിരുന്നു കൂടിക്കാഴ്ച എന്നാണ് ഹൈക്കമ്മീഷണര്‍ ഇപ്പോള്‍ പുറത്തുവിട്ട ട്വീറ്റില്‍ പറയുന്നത്. അതേസമയം, ഷെയ്ഖ ലത്തീഫയും മിഷേല്‍ ബഷെലെറ്റും തമ്മില്‍ കൂടിക്കാഴ്ച നടന്നത് എന്നായിരുന്നു എന്നത് വ്യക്തമല്ല.

”താന്‍ സുരക്ഷിതയാണെന്ന് ലത്തീഫ ഹൈക്കമ്മീഷണര്‍ക്ക് മുന്നില്‍ വ്യക്തമാക്കി. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നുണ്ട്,” ഹൈക്കമ്മീഷണര്‍ ബഷെലെറ്റ് ട്വീറ്റില്‍ പറഞ്ഞു. പാരിസ് നഗരത്തില്‍ ഇരുവരും നില്‍ക്കുന്നതായുള്ള ഫോട്ടോയും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ബഷെലെറ്റിന്റെ ഓഫീസ് തയാറായിട്ടില്ല. ലത്തീഫ പറഞ്ഞ കാര്യങ്ങള്‍ വിശ്വസനീയമാണോ എന്നും വ്യക്തമല്ല.

36കാരിയാണ് ഷെയ്ഖ ലത്തീഫ. യു.എ.ഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം.

2018 മാര്‍ച്ചില്‍ ഷെയ്ഖ ലത്തീഫ ദുബായ് എമിറേറ്റില്‍ നിന്നും കടല്‍മാര്‍ഗം ബോട്ടുവഴി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പിടിക്കപ്പെടുകയായിരുന്നു. ഇതിന് ശേഷം ബന്ദിയാക്കപ്പെട്ടതായായിരുന്നു വീഡിയോകള്‍ പുറത്തുവന്നത്.

”ഞാന്‍ ബന്ദിയാണ്. ഈ വില്ല ഒരു ജയിലായി മാറ്റിയിരിക്കുകയാണ്,” എന്നായിരുന്നു സെല്‍ഫോണില്‍ ചിത്രീകരിച്ചിട്ടുള്ള ഒരു വീഡിയോയില്‍ ദുബായ് പ്രിന്‍സസ് പറഞ്ഞത്.


Content Highlight: Dubai Ruler’s daughter Tells UN that She Is Well, a Year After Hostage Videos