എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസ് ‘മനോരഥങ്ങള്‍’ ട്രെയ്‌ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കണ്ടത്.
രമേശ് നാരായണനെതിരെയുള്ള സൈബർ ആക്രമണത്തെ തുടർന്ന് ആസിഫ് അലി തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തനിക്കുള്ള പിന്തുണ ഒരിക്കലും രമേശ് നാരായണനെതിരെയുള്ള വിദ്വേഷമാവരുതെന്നും ആ നിമിഷം അനുഭവിച്ച മാനസിക പിരിമുറുക്കം കാരണമാവാം രമേശ് നാരായണൻ അങ്ങനെ പ്രതികരിച്ചതെന്നും അത് മനുഷ്യ സഹജമാണെന്നും ആസിഫ് പറഞ്ഞിരുന്നു.
നിരവധി പേരായിരുന്നു ആസിഫ് അലിയുടെ പ്രതികരണത്തെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നത്. ഇപ്പോഴിതാ ആസിഫ് അലിക്ക് ആദരവും പിന്തുണയുമായി മുന്നോട്ടു വന്നിരിക്കുകയാണ് ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3.
കമ്പനിയുടെ ആഡംബര നൗകക്ക് ആസിഫ് അലിയുടെ പേരിട്ടാണ് ആദരവ് അറിയിച്ചത്. രമേശ് നാരായണനുമായി ബന്ധപ്പെട്ട വിഷയത്തിൽ ആസിഫ് എടുത്ത നിലപാടുകൾക്കും വിഷയം കൈകാര്യം ചെയ്ത രീതിയിലുമുള്ള ആദരമായിട്ടാണ് ടുറിസം കമ്പനി ഇങ്ങനെ ചെയ്തത്. രജിസ്ട്രേഷൻ ലൈസൻസിലും പേരു മാറ്റും.
വലിയ രീതിയിൽ വഷളാകുമായിരുന്ന പ്രശ്നത്തെ പക്വതയോടെ സമീപിച്ച് ആസിഫ് കൈകാര്യം ചെയ്തത് എല്ലാവർക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. വർഗീയ വിദ്വേഷങ്ങൾക്ക് വരെ ചിലർ ശ്രമിച്ചെന്നും ആ അവസരത്തിൽ അത്തരം നീക്കങ്ങളെ ചിരിയോടെ നേരിട്ട് ആസിഫ് അലി നിർണായക ഘട്ടങ്ങളിൽ മനുഷ്യർ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് കാണിച്ചുതന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആസിഫ് അലി നായകനായെത്തുന്ന ‘ലെവല്‍ ക്രോസ്’ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
Content Highlight: Dubai Marina Water Tourism Company pays homage to Asif Ali