ജി.എസ്.ടി വേണ്ടാത്ത ഓറഞ്ചില്‍ 1476 കോടിയുടെ മയക്കുമരുന്ന് കടത്ത്; മലയാളി സംഘം പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓറഞ്ച് ഇറക്കുമതിയുടെ മറവിൽ മലയാളികളുടെ നേതൃത്വത്തിൽ നടന്ന വൻമയക്കുമരുന്ന് കടത്ത് മുംബൈയിൽ പിടികൂടിയ വാർത്തയാണ് പുതുതായി വരുന്നത്. 1476 കോടി രൂപയുടെ മയക്കുമരുന്നാണ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. രാജ്യത്ത് സമീപകാലത്ത് നടന്ന വൻ മയക്കുമരുന്ന് കടത്താണ് ബുധനാഴ്ച മഹാരാഷ്ട്രയിലെ വാഷിയിൽ നിന്ന് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി സ്വദേശി വിജിൻ വർഗീസിനെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി ആസ്ഥാനമായ പഴം ഇറക്കുമതി സ്ഥാപനം യമ്മിറ്റോ ഇന്റർനാഷണൽ ഫുഡ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറാണ് വിജിൻ വർഗീസ്.

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇയാളുടെ പേരിൽ അയച്ച വാലൻഷ്യ ഓറഞ്ചിന്റെ പെട്ടികളിൽ നിന്ന് 198 കിലോഗ്രാം മെത്താംഫെറ്റമിനും ഒമ്പത് കിലോഗ്രാം കൊക്കെയ്നുമാണ് പിടികൂടിയത്.

മുംബൈയിലെ ഐസ് ആൻഡ് കോൾഡ് സ്റ്റോറേജിൽ നിന്ന് ഓറഞ്ച് കണ്ടെയ്നറിൽ കയറ്റിപ്പോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട് കേരളത്തിലും എക്‌സൈസ് സംഘം പരിശോധന നടത്തുന്നുണ്ട്. കാലടി-മലയാറ്റൂർ റോഡിൽ പ്രവർത്തിക്കുന്ന യുമിറ്റോ ഇന്റർനാഷണൽ ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന.

ദക്ഷിണാഫ്രിക്കയിൽ നിന്ന് പഴങ്ങൾ കയറ്റിയയക്കുന്ന മോർ ഫ്രഷ് എക്‌സ്പോർട്ട് എസ്.എ എന്ന സ്ഥാപനത്തിന്റെ ഉടമയും മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയുമായ മൻസൂർ തച്ചപ്പറമ്പാണ് ലഹരിക്കടത്തിന്റെ സൂത്രധാരനെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾ ഒളിവിലാണ്. ഈ കമ്പനിയിൽ ഡയറക്ടറായ വിജിന്റെ സഹോദരനേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മൻസൂറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ പഴയ പാസ്പോർട്ടും ഭാര്യയുടെ മൊബൈൽ ഫോണും ഡി.ആർ.ഐ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രണ്ട് മാസത്തോളം കേരളത്തിലുണ്ടായിരുന്ന മൻസൂർ സെപ്റ്റംബർ 19നാണ് ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയത്. മകൻ നാട്ടിലായിരുന്നപ്പോൾ ജൊഹാനസ്ബർഗിൽ നിന്നയച്ച കണ്ടെയ്നറിലെ പെട്ടിയിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചതെന്നും മകൻ നിരപരാധിയാണെന്നും മൻസൂറിന്റെ പിതാവ് മൊയ്തീൻ അഹമ്മദ് പറഞ്ഞു.

പെട്ടിമാറ്റിയയച്ച് ചതിച്ച ഗുജറാത്തിയെ മൻസൂർ ദക്ഷിണാഫ്രിക്കൻ പോലീസിൽ ഹാജരാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇയാൾ കുറ്റം സമ്മതിച്ചതായി മകൻ അറിയിച്ചുവെന്നും പിതാവ് പറയുന്നുണ്ട്. 14 വർഷമായി ജൊഹാനസ്ബർഗിൽ പഴം കയറ്റുമതി ബിസിനസ് നടത്തുകയാണ് മൻസൂർ.

കൊവിഡ് കാലത്താണ് വിജിൻ വർഗീസ് ദുബായ് ആസ്ഥാനമാക്കി യമ്മിറ്റോ ഇന്റർനാഷണൽ എന്ന പേരിൽ മാസ്‌കും പി.പി.ഇ കിറ്റും കൊവിഡ് അനുബന്ധ ഉത്പന്നങ്ങളും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കമ്പനി തുടങ്ങിയത്. രണ്ട് വർഷത്തിനിടയിലാണ് പഴവർഗ ഇറക്കുമതിയിലേക്ക് കടക്കുന്നത്.

പരിശോധനകൾ ഒഴിവാക്കുന്നതിനായി പർച്ചേസ് ഓർഡറുകളോ രേഖകളോ ഇല്ലാതെ വാട്‌സാപ്പ് വഴി ഓർഡറുകൾ നൽകിയായിരുന്നു വ്യാപാരം. ഓറഞ്ചിന് ജി.എസ്.ടി. അടയ്‌ക്കേണ്ടതില്ലാത്തതിനാൽ ഇറക്കുമതി ഉത്പന്നത്തിനുള്ള ഇവേ ബില്ലും ഉണ്ടായിരുന്നില്ല

വിജിൻ വർഗീസ് തന്റെ ഉടമസ്ഥതയിലുള്ള മൊത്ത വ്യാപാര കേന്ദ്രത്തിൽ പഴങ്ങൾ പകുതി വിലക്കാണ് ആപ്പിൾ വിറ്റിരുന്നത്. വിദേശ പഴങ്ങളുടെ വിൽപ്പനയും കുറഞ്ഞ നിരക്കിലായിരുന്നു.

ഓറഞ്ച് പെട്ടികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ തുർക്കി, ബ്രസീൽ എന്നിവിടങ്ങളിൽനിന്ന് പഴങ്ങൾ ഇറക്കുമതി ചെയ്തിരുന്നു.

ഈ അടുത്ത കാലത്ത് രാജ്യത്ത് നടന്ന മറ്റുചില വമ്പൻ ലഹരി വേട്ടകൾ നമുക്ക് നോക്കാം…

2021 സെപ്റ്റംബർ 21ന് ഗുജറാത്ത് മുദ്ര അധാനി തുറമുഖത്ത് വെച്ച് 21,000 കോടി മൂല്യമുള്ള 3000 കിലോ ഹെറോയിൻ പിടികൂടി.
2022 മേയ് ഒന്നിന് ഗുജറാത്തിലെ പിപാവ് തുറമുഖത്ത് വെച്ച് 500 കോടി വിലവരുന്ന 100 കോടി ഹെറോയിൻ പിടികൂടി.
2022 മേയ് 19 ലക്ഷദ്വീപ് തീരത്ത് വെച്ച് 1526 കോടി വിലയുള്ള 218 കിലോ ഹെറോയിൻ പിടികൂടി.
2022 സെപ്റ്റംബർ 22ന് മുംബൈ നവസേവ തുറമുഖത്ത് വെച്ച് 1700 കോടിയുടെ ഹെറോയിനും പിടികൂടി.

Content highlight: Drug trafficking led by Malayalis under the guise of importing oranges