കൊച്ചി: മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധേയനായ നടനാണ് റോഷന്‍ ബഷീര്‍. ചിത്രത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെയായിരുന്നു റോഷന് അവതരിപ്പിച്ചത്.
ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയതോടെ നിരവധി പേരാണ് വരുണ്‍ പ്രഭാകരായിരുന്ന റോഷനോട് ചോദ്യങ്ങളുമായി എത്തിയിരുന്നത്. ആദ്യ ഭാഗത്ത് കൊല്ലപ്പെടുന്നതിനാലും ഇനി ആദ്യ ഭാഗത്തിലെ വരുണിന്റെ ലുക്കിലേക്ക് തിരികെയെത്താന്‍ കഴിയാത്തതിനാലും താന്‍ രണ്ടാം ഭാഗത്ത് ഉണ്ടാവില്ലെന്ന് റോഷന്‍ നേരത്തെ പറഞ്ഞിരുന്നു.
തന്റെ പുതിയ ചിത്രത്തിന്റെ ചിത്രങ്ങളും റോഷന്‍ സോഷ്യല്‍ മീഡിയയില് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പുതിയ ഒരു സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്ക് വെച്ചപ്പോള്‍ കമന്റിട്ട് പ്രേക്ഷകന് അസഭ്യമായ മറുപടിയാണ് റോഷന്‍ നല്‍കിയിരിക്കുന്നത്.
‘ഇതിലും കുഴിയില്‍ തന്നെ ആണൊടെ’ എന്നായിരുന്നു ഒരു വ്യക്തി കമന്റായി ചോദിച്ചത്. എന്നാല്‍ ഇതിന് മറുപടിയായി അസഭ്യ മറുപടിയായിരുന്നു റോഷന്‍ നല്‍കിയത്.
‘അല്ലെടാ നിന്റെ ******** *****’ എന്നായിരുന്നു റോഷന്റെ കമന്റ്. പിന്നീട് റോഷന്‍ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ റോഷന്റെ കമന്റിന്റെ സക്രീന്‍ ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
നിരവധി പേരാണ് റോഷനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ദൃശ്യം ആദ്യ ഭാഗത്തില്‍ റോഷന്‍ അവതരിപ്പിച്ച വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തിന്റെ കൊലപാതകത്തെ ചുറ്റിപറ്റിയാണ് ചിത്രം ദൃശ്യം 2 പുരോഗമിക്കുന്നത്. കൊലപാതകത്തന്റെ തുടരന്വേഷണമാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയം.
മലയാള ചലച്ചിത്ര വ്യവസായ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നില്‍ ഇത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തിന് ജീവന്‍ നല്‍കാനുള്ള അവസരം ലഭിച്ച അനുഭവം വാക്കുകള്‍ക്കതീതമാണെന്ന് റോഷന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
‘കാത്തിരിപ്പിന് അവസാനമായിരിക്കുന്നു. ‘ദൃശ്യം 2 ന്റെ തുടര്‍ച്ച’ എന്ന വാര്‍ത്ത മുതല്‍, ഞാന്‍ ഇതിന്റെ ഭാഗമാണോയെന്ന് ധാരാളം ആളുകള്‍ എന്നോട് ചോദിച്ചിരുന്നു. ഒന്നാം ഭാഗത്ത് കൊല ചെയ്യപ്പെട്ട വരുണ്‍ പ്രഭാകര്‍ അതിന്റെ തുടര്‍ച്ചയില്‍ ഉണ്ടാകുന്നത് എങ്ങിനെ എന്നോര്‍ത്ത് ഞാനത് നിരസിച്ചു. ജോര്‍ജ്ജ് കുട്ടിയേയും കുടുംബത്തേയും കുറിച്ചുള്ള തീര്‍ത്തും വ്യത്യസ്തമമായ ഒരു കഥയായിരിക്കും ഇതെന്നാണ് ഇന്നലെ വരെ ഞാന്‍ വിചാരിച്ചത്.
ഒട്ടേറെ പ്രതീക്ഷയോടെയും ജിജ്ഞാസയോടെയുമാണ് ഞാനും ദൃശ്യം 2 കണ്ടത്. സ്റ്റോറി മേക്കിംഗ് സ്‌കില്‍ എന്നാല്‍ എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആരും സഞ്ചരിക്കാത്ത വഴിയാണ് സംവിധായകന്‍ സ്വീകരിച്ചത്. സിനിമയുടെ അവസാനം വരെ ഞങ്ങള്‍ സീറ്റിന്റെ അറ്റത്താണിരിക്കുന്നതെന്ന് സിനിമ ഉറപ്പുവരുത്തി. ഓരോ ഡയലോഗും അടുത്ത സൂചനയായിരിക്കാമെന്നതിനാല്‍ കണ്ണുകളും ചെവികളും സ്‌ക്രീനില്‍ തന്നെ ഉറപ്പിച്ചു. ഓരോ പ്രവൃത്തിക്കും, ആവിഷ്‌കാരത്തിനും, ഫ്രെയിമുകള്‍ക്കും, എല്ലാത്തിനും സ്വയം ഒരു വിശദീകരണമുണ്ടായിരുന്നു. സൂപ്പര്‍ഹിറ്റായ ആദ്യത്തെ ചിത്രം നല്‍കിയ വികാരത്തിന് സമാനമായ ഒരനുഭവം രണ്ടാം ഭാഗത്തിനും നല്‍കാനായതിന് ഒറ്റ വാക്കേ പറയാനുള്ളൂ…ഉജ്ജ്വലം’, എന്നായിരുന്നു വരുണ്‍ പറഞ്ഞത്.
ഫെബ്രുവരി 18ന് രാത്രിയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു.
മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തിയത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തിയ പുതിയ താരങ്ങള്‍.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ദൃശ്യത്തിന്റെ രണ്ടാം ഭാഗം നിരാശപ്പെടുത്തിയില്ലെന്നാണ് ചിത്രത്തെ കുറിച്ച് ഉയര്‍ന്നുവരുന്ന അഭിപ്രായം. ത്രില്ലറുകള്‍ സൃഷ്ടിക്കാനുള്ള ജീത്തു ജോസഫിന്റെ കഴിവിനെ അഭിനന്ദിച്ചു കൊണ്ട് വിവിധ ഭാഷകളിലുള്ള സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.