അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെക്കാള്‍ തനിക്കിഷ്ടം പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ലോക പ്രശസ്ത റാപ്പറും ഗായകനും ഗാനരചയിതാവുമായ ഡ്രേക്ക്.
കഴിഞ്ഞ ദിവസം ‘ഐഷോസ്പീഡ്’ (ishowspeed) എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത അമേരിക്കന്‍ യൂട്യൂബര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സിലാണ് ഡ്രേക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഭാഷണത്തിനിടയില്‍ മെസിയാണോ റൊണാള്‍ഡോയാണോ ഗോട്ട് (GOAT) എന്ന് സ്പീഡ് ഡ്രേക്കിനോട് ചോദിക്കുകയായിരുന്നു.
അതിന് മറുപടിയായി റൊണാള്‍ഡോയാണ് തനിക്കേറ്റവും പ്രിയപ്പെട്ട താരമെന്ന് ഡ്രേക്ക് മറുപടി നല്‍കുകയും ചെയ്തു. ഇത് മെസിയുടെ നിമിഷമാണെന്നും പക്ഷേ താങ്കളെപ്പോലെ താനും കടുത്ത റൊണാള്‍ഡോ ആരാധകനാണെന്നും അദ്ദേഹം സ്പീഡിന് മറുപടി നല്‍കുകയായിരുന്നു.
‘സത്യസന്ധമായി പറഞ്ഞാല്‍ റൊണാള്‍ഡോയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ പ്ലെയര്‍. എനിക്കറിയാം ഇത് മെസിയുടെ നിമിഷമാണെന്ന്. പക്ഷെ എന്നെ സംബന്ധിച്ച് ഞാന്‍ എല്ലായിപ്പോഴും ഒരു റൊണാള്‍ഡോ ആരാധകനാണ്, താങ്കളെപ്പോലെ,’ ഡ്രേക്ക് പറഞ്ഞു.
മെസിയോ റൊണാള്‍ഡോയോ ആരാണ് മികച്ചത് എന്നത് ഇന്നേവരെ ഫുട്ബോള്‍ ആരാധകര്‍ക്ക് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യമാണ്. ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 701 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 695 ഗോളുകളാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്‌ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.
ക്ലബ്ബ് ഫുട്‌ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ സജീവമായത്.
2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.
എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്‌ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.
ലോക ഫുട്‌ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.
എന്നാല്‍ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍. 25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.