ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോറ്റ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വില കുറച്ച് കാണേണ്ടതില്ലെന്ന് മുന്‍ ഓസീസ് താരം മൈക്കല്‍ ഹസി. വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നും ഹസി പറഞ്ഞു. കഴിഞ്ഞ രണ്ട് മാസങ്ങളായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് വരികയാണ് ഇത് കൂടാതെ ഇംഗ്ലണ്ട് കൂടെ കളിക്കുന്ന ത്രിരാഷ്ട്ര പരമ്പരയും ലോകകപ്പിന് മുമ്പായി ഇന്ത്യയുടെ മുന്‍പിലുണ്ടെന്നും ഹസി പറഞ്ഞു.
ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിഭിന്നമായി ഏകദിനങ്ങളില്‍ ഇന്ത്യ പുലര്‍ത്തുന്ന മികച്ച ഫോം ലോകകപ്പ് മത്സരങ്ങളില്‍ ടീമിന് മുതല്‍ കൂട്ടാവുമെന്നും ഹസി കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം ഫെബ്രുവരി മുതലാണ് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലായി ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ബൗളര്‍മാര്‍ അച്ചടക്കം പാലിച്ചില്ലെന്നും എന്നാല്‍ 2011 നേക്കാള്‍ മികച്ച ബൗളിംഗ് നിരയാണ് ഈ ലോകകപ്പില്‍ ഇന്ത്യക്കുള്ളതെന്നും ഹസി പറഞ്ഞു.
മൈക്കല്‍ ഹസിയെ ഇന്ത്യയുടെ കോച്ചാക്കണമെന്ന് നേരത്തെ ധോണി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവിലെ കോച്ചായ ഫ്‌ളച്ചറുടെ കാലാവധി ലോകകപ്പോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ധോണിയുടെ നിര്‍ദേശം വന്നിരുന്നത്.
അടുത്ത സൗഹൃദം പുലര്‍ത്തുന്ന ധോണിയും, ഹസിയും നേരത്തെ ചെന്നൈ സൂപ്പര്‍ കിംങ്‌സില്‍ ഒരുമിച്ച് കളിച്ചിരുന്നു. വിവാദങ്ങളില്‍ നിന്നും അകന്ന് കഴിയുന്ന ഹസിയുടെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് ധോണി കരുതുന്നത്