ബോർഡർ-ഗവാസ്ക്കർ ടെസ്റ്റ് പരമ്പരയിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്ന ടീം ഇന്ത്യക്ക് ഏകദിനത്തിൽ വലിയ തിരിച്ചടിയേറ്റിരിക്കുകയാണ്.
ഓസീസിനെതിരെയുള്ള ത്രിദിന ഏകദിന മത്സരത്തിൽ 1-2 എന്ന മാർജിനിലാണ് ടീം ഇന്ത്യ ഓസ്ട്രേലിയയോട് പരാജയം ഏറ്റുവാങ്ങിയത്.
ആദ്യ എകദിനത്തിൽ വിജയിക്കാൻ സാധിച്ചെങ്കിലും പിന്നീട് രണ്ട് മത്സരങ്ങളിൽ തുടർച്ചയായ തോൽവിയേറ്റുവാങ്ങിയതോടെയാണ് ഇന്ത്യൻ ടീമിന് ഓസീസിനോട് ഏകദിന പരമ്പര അടിയറവ് പറയേണ്ടി വന്നത്.
എന്നാൽ മൂന്ന് ഏകദിന മത്സരങ്ങളിലും റൺസ് ഒന്നും നേടാൻ സാധിക്കാതെ പുറത്തായ ഇന്ത്യൻ ടി-20 സ്പെഷ്യലിസ്റ്റ് സൂര്യ കുമാർ യാദവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റനായ സൽമാൻ ഭട്ട്.
സ്കൈയെ ടീമിൽ നിന്നും കൈവിടരുതെന്നും താരത്തിന് ആവശ്യമായ വിശ്രമം അനുവദിക്കണമെന്നുമാണ് സൽമാൻ ബട്ട് ടീം ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയായിരുന്നു സൽമാൻ സ്കൈയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.
“ഒരു പ്ലെയർ തുടർച്ചയായി 10 ഇന്നിങ്സുകളിൽ മോശം പ്രകടനം കാഴ്ചവെച്ചാൽ അവരെ നമുക്ക് കുറ്റം പറയാം. ഇന്ത്യയുടെ എകദിന സ്‌ക്വാഡിൽ നിന്നും സൂര്യ കുമാർ യാദവിനെ പുറത്താക്കുന്ന നടപടിയിലേക്ക് ഇന്ത്യൻ ടീം കടക്കരുത്. അദ്ദേഹമൊരു അതുല്യനായ പ്രതിഭയാണ്,’ സൽമാൻ ഭട്ട് പറഞ്ഞു.
“അദ്ദേഹത്തിന് ആവശ്യമെങ്കിൽ ഒരു ചെറിയ ബ്രേക്ക് നൽകിക്കൊള്ളൂ. എന്നാൽ അദ്ദേഹം ശക്തമായി തിരിച്ചു വരും. ഇപ്പോൾ സൂര്യകുമാർ വലിയ സമ്മർദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത്. പെട്ടെന്ന് തന്നെ ആ സമ്മർദ്ദത്തെ താരത്തിന് അതിജീവിക്കാൻ അവസരം നൽകേണ്ടതുണ്ട്,’ സൽമാൻ ഭട്ട് കൂട്ടിച്ചേർത്തു.
അതേസമയം മാർച്ച് 31ന് ആരംഭിക്കാനിരിക്കുന്ന ഐ.പി.എല്ലിന് ശേഷം ജൂൺ ഏഴിനാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കുന്നത്.